
മലപ്പുറം: നിലമ്പൂർ പൂക്കോട്ടുംപാടം ടി.കെ കോളനി പരിസരത്തുനിന്ന് വിട്ടുമാറാതെ കരടി. ബുധനാഴ്ച രാത്രി ടി.കെ കോളനി റോഡിലെ പരിയങ്ങാട് വാഹന യാത്രക്കാര്‍ക്ക് മുന്നില്‍ എത്തിയ കരടിയെ തുരത്തിയോടിക്കാൻ നാട്ടുകാർ ഏറെ പ്രയാസപ്പെട്ടു. ടി.കെ കോളനിയിലും പരിസരങ്ങളിലും കരടി ഭീതി പരത്താനും കര്‍ഷകരുടെ തേൻപെട്ടികള്‍ നശിപ്പിക്കാനും തുടങ്ങിയിട്ട് രണ്ടാഴ്ചയിലധികമായി.
നാട്ടുകാരുടെ പ്രതിഷേധം ശക്തമാവുകയും വിഷയം ഉന്നത വനം വകുപ്പ് അധികൃതര്‍ക്ക് മുന്നിലെത്തുകയും ചെയ്തതോടെ നിലമ്പൂര്‍ സൗത്ത് ഡി.എഫ്.ഒ പി. പ്രവീൺ സ്ഥലം സന്ദര്‍ശിച്ച് പരിഹാരം ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ നിത്യവും പ്രദേശത്തെ വിവിധയിടങ്ങളില്‍ കരടി എത്തുകയും നാശം വിതക്കുകയുമാണ്. കഴിഞ്ഞ ദിവസം രാത്രി പത്തോടെയാണ് പരിയങ്ങാട് റോഡിന് നടുവില്‍ നിന്ന കരടിയെ അഥുവഴി വന്ന ബൈക്ക്, കാര്‍ യാത്രക്കാര്‍ കണ്ടത്. കരടിക്ക് മുന്നില്‍ നിന്ന് തലനാരിഴക്കാണ് രക്ഷപ്പെട്ടതെന്ന് ബൈക്ക് യാത്രികൻ ചെട്ടിപ്പാടത്തെ സിബി പറഞ്ഞു. ആളുകള്‍ കൂടിയതോടെ അടുത്തുള്ള റബര്‍ എസ്‌റ്റേറ്റില്‍ കയറി നിലയുറപ്പിച്ച കരടി ഇവിടെയുള്ള തേൻപെട്ടികൾ നശിപ്പിച്ചു.
വിവരം അറിഞ്ഞ ഉടനെ വനം ആര്‍.ആര്‍.ടി അധികൃതരെത്തി പടക്കം പൊട്ടിച്ചും നാട്ടുകാര്‍ ശബ്ദമുണ്ടാക്കിയും വെളിച്ചം തെളിച്ചുമാണ് കാട്ടിലേക്ക് തുരത്തിയത്. നിത്യവും പ്രദേശത്തിന്റെ പലഭാഗങ്ങളിൽ എത്തുന്ന കരടിയെ കൂട് സ്ഥാപിച്ച് പിടികൂടുകയല്ലാതെ മറ്റ് പരിഹാരമില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. ആളുകളുടെ ജീവന് ഭീഷണിയായ കരടി ജനങ്ങളെ ആക്രമിച്ച ശേഷം നടപടിയെടുക്കാന്‍ അധികൃതര്‍ കാത്തുനില്‍ക്കരുതെന്നാണ് നാട്ടുകാര്‍ പറയുന്നത്.
ദിവസങ്ങൾക്ക് മുമ്പ് വനത്തിനകത്ത് കിഴങ്ങുവർഗ്ഗങ്ങൾ ശേഖരിക്കാൻ പോയ ആളെ കരടി ആക്രമിച്ചിരുന്നു.തേൾപ്പാറ ടി.കെ കോളനിയിലെ കുഞ്ഞനാണ് (56) പരിക്കേറ്റത്. ഇയാളുടെ തലക്കു പുറകിൽ സാരമായ പരിക്കേറ്റിരുന്നു. കുഞ്ഞനെ കരടി മാന്തി പരിക്കേൽപ്പിക്കുകയായിരുന്നു. ഓടി രക്ഷപ്പെട്ട ഇയാളെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്.
Read More : ഗതാഗതക്കുരുക്കിൽ കുടുങ്ങി, നിയന്ത്രിക്കാൻ റോഡിലിറങ്ങി, വാക്കേറ്റം; ബസ് കണ്ടക്ടറെ ലോറിയിടിച്ചു, ദാരുണാന്ത്യം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam