
ആലപ്പുഴ: വീട്ടമ്മയുടെ കഴുത്തിൽ കയർമുറുക്കി ശ്വാസംമുട്ടിച്ച് നാലരപ്പവൻ തൂക്കം വരുന്ന സ്വർണമാല കവർന്നു. പഴവീട് ചെള്ളാട്ട് ലെയ്നിൽ വാടകക്ക് താമസിക്കുന്ന മനോജിന്റെ ഭാര്യ സിന്ധുവിന്റെ താലിമാലയാണ് കയർ മുറുക്കി പരിക്കേൽപിച്ച് കവർന്നത്. കഴിഞ്ഞ ദിവസം രാവിലെ 10.30നായിരുന്നു സംഭവം. രണ്ടുനില വീടിന്റെ താഴത്തെ നിലയിലാണ് മാനോജും കുടുംബവും താമസിക്കുന്നത്. മുകളിലത്തെ നില വാടകക്ക് കൊടുക്കാനിട്ടിരിക്കുകയാണ്. ഇതിനാൽ വീട് അന്വേഷിച്ച് എത്തുന്നവർക്ക് ഇവർ താക്കോൽ നൽകാറുണ്ട്. മനോജ് ജോലിക്ക് പോയതിന് പിന്നാലെ വീട് അന്വേഷിച്ചെത്തിയയാളാണ് കവർച്ച നടത്തിയത്.
ഈ സമയം സിന്ധുവും മൂത്ത മകളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. താക്കോൽ നൽകിയെങ്കിലും സിന്ധുവിനോട് മുകളിലെത്തി വീടു കാണിക്കാൻ ആവശ്യപ്പെട്ടു. മുറിയും അടുക്കളയും കാണിച്ചശേഷം മടങ്ങാൻ ഒരുങ്ങവെയാണ് കയർപോലെയുള്ള സാധനം ഉപയോഗിച്ച് കഴുത്തിൽ വലിഞ്ഞു മുറുക്കിയത്. ബോധംകെട്ടുവീണ വീട്ടമ്മ മരിച്ചുവെന്ന് കരുതി മാല പൊട്ടിച്ചെടുത്ത് രക്ഷപ്പെടുകയായിരുന്നു. മകൾ അന്വേഷിച്ചെത്തിയപ്പോഴാണ് ബോധമില്ലാതെ കിടക്കുന്ന സിന്ധുവിനെ കണ്ടത്. സൗത്ത് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പ്രദേശത്തെ സിസിടിവി അടക്കമുള്ളവ പരിശോധിച്ച് പ്രതിയെ പിടികൂടാനുള്ള അന്വേഷണം ഊർജിതമാക്കി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam