
തൃശ്ശൂര്‍: നീന്തൽകുളത്തിൽ പരിശീലനത്തിനിടെ പന്ത്രണ്ടുകാരനായ വിദ്യാർത്ഥി മുങ്ങി മരിച്ചു. പറപ്പൂർ ചാലക്കൽ സ്വദേശി പ്രസാദിന്‍റെ മകൻ നവദേവ് ആണ് മരിച്ചത്. പറപ്പൂർ സെന്‍റ് ജോൺസ് ഹയർ സെക്കന്‍ററി സ്ക്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയാണ് നവദേവ്. ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമൊപ്പം വൈകീട്ട് അഞ്ച് മണിയോടെയാണ് പോന്നോരിലെ നീന്തൽ കുളത്തിൽ നവദേവ് പരിശീലനത്തിലെത്തിയത്.
വർഷങ്ങളായി ഹീമോഫീലിയ രോഗത്തിന് ചികിത്സയിലായിരുന്ന നവദേവ് രണ്ടാഴ്ച കൂടുമ്പോൾ ഇഞ്ചക്ഷൻ എടുത്തിരുന്നു. ഇന്ന് ജൂബിലി മിഷൻ മെഡിക്കൽ കോളജിൽ ഇഞ്ചക്ഷൻ എടുത്ത നവദേവിനോട് വീട്ടിൽ വിശ്രമിക്കുവാൻ അമ്മ പറഞ്ഞത് കേൾക്കാതെ നീന്താൻ പോവുകയായിരുന്നു. ട്യൂബിൽ കുളത്തിലിറങ്ങി പരിശീലനത്തിനിടെ പെട്ടന്ന് നവദേവിനെ കാണാതാവുകയായിരുന്നു.
തുടർന്ന് സഹോദരൻ മറ്റുള്ളവരെ വിവരമറിയിച്ചു. ഓടിയെത്തിയവര്‍ വെള്ളത്തിൽ മുങ്ങിപ്പോയ നവദേവിനെ എടുത്ത് ആദ്യം തോളൂർ സാമൂഹ്യാരോഗ്യ കേന്ദ്രത്തിലും പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തില്‍ പേരാമംഗലം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ഇഞ്ചക്ഷൻ എടുത്ത ദിവസങ്ങളിൽ തളർച്ച നവദേവിന് അനുഭവപ്പെടാറുണ്ടെന്ന് വീട്ടുകാർ പറയുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam