12 വർഷമായി ജീവിതം കിടക്കയിൽ; കമ്പിളിതൊപ്പിയും സ്വെറ്ററും തുന്നി, വിധിയോട് പൊരുതി ഷാനു...

Published : Feb 07, 2023, 03:26 PM ISTUpdated : Feb 07, 2023, 04:42 PM IST
12 വർഷമായി ജീവിതം കിടക്കയിൽ; കമ്പിളിതൊപ്പിയും സ്വെറ്ററും തുന്നി, വിധിയോട് പൊരുതി ഷാനു...

Synopsis

എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് ഷാനുവിന് അപകടം സംഭവിക്കുന്നത്. സ്കൂൾ വിട്ട് സൈക്കിളിൽ വീട്ടിലേക്ക് മടങ്ങിയ ഷാനുവിനെ പിന്നാലെ വന്ന കാർ ഇടിച്ചിട്ട് നിറുത്താതെ പോകുകയായിരുന്നു. 

തിരുവനന്തപുരം: വേദനകൾക്കിടയിലും സ്വപ്നങ്ങൾ നെയ്തെടുക്കുകയാണ് ഷാനു. 12 വർഷമായി കിടക്കയിൽ തന്നെ ജീവിതം കഴിച്ചുകൂട്ടുന്ന ഷാനുവിന് വീടിന് പുറത്തേക്ക് ഇറങ്ങാനും തൻ്റെ സ്വപ്നങ്ങൾക്ക് പിന്നാലെ പോകാൻ കൂട്ടായി ഒരു ഇലക്ട്രിക്ക് വീൽചെയർ വേണം. ഒപ്പം തൻ്റെ ആഗ്രഹം പോലെ ഗ്രാഫിക് ഡിസൈനിംഗ് പഠിക്കണം. താൻ നെയ്തെടുകുന്ന വസ്ത്രങ്ങളും ഫ്ലവർവെയ്‌സുകളും ആവശ്യക്കാർക്ക് നൽകി വരുമാന മാർഗം നേടണം.

തീരദേശ മേഖലയായ വിഴിഞ്ഞം കോട്ടപ്പുറം കടയ്ക്കുളം കോളനിയിൽ വർഗീസ് മാഗി ദമ്പതികളുടെ മൂന്നാമത്തെ മകൾ ഷാനു വർഗീസി (26)ൻ്റെ ജീവിതം അപ്പാടെ മാറ്റിമറിച്ചത് അപ്രതീക്ഷിതമായി ഉണ്ടായ ഒരു വാഹന അപകടമാണ്. 2011ൽ വെങ്ങാനൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് ഷാനുവിന് അപകടം സംഭവിക്കുന്നത്. സ്കൂൾ വിട്ട് സൈക്കിളിൽ വീട്ടിലേക്ക് മടങ്ങിയ ഷാനുവിനെ പിന്നാലെ വന്ന കാർ ഇടിച്ചിട്ട് നിറുത്താതെ പോകുകയായിരുന്നു. 

നട്ടെല്ലിന് ഗുരുതരമായി പരിക്കുപറ്റിയ ഷാനുവിനെ ആദ്യം തിരുവനന്തപുരം മെഡിക്കൽ കോളേജിലും പിന്നീട് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആദ്യ ശസ്ത്രക്രിയ കഴിഞ്ഞ ശേഷം ഷാനുവിന് പതിയെ നടക്കാൻ സാധിക്കുമായിരുന്നു എന്ന്  മാതാപിതാക്കൾ പറയുന്നു. തുടർന്ന് നടത്തിയ രണ്ടാമത്തെ ശസ്ത്രക്രിയയാണ് കുട്ടിയുടെ ജീവിതം മാറ്റിമറിച്ചത്. 

ഈ ശസ്ത്രക്രിയയ്ക്ക് ശേഷം ഷാനുവിന്റെ അരയ്ക്കു താഴോട്ട് തളർന്ന അവസ്ഥയായി. രണ്ടുദിവസം പിന്നിട്ട ശേഷം മറ്റൊരു ശസ്ത്രക്രിയ നടത്തിയെങ്കിലും അതും പരാജയപ്പെട്ടു. ഒന്നും ചെയ്യാൻ കഴിയില്ല എന്ന് പറഞ്ഞ് ഡോക്ടർമാർ കയ്യൊഴിഞ്ഞതോടെ കുട്ടിയെ വീട്ടുകാർ തിരികെ വീട്ടിലെത്തിച്ചു. 

പിന്നീട് ചികിത്സ കാരകോണത്തെ സ്വകാര്യ ആശുപത്രിയിലും മെഡിക്കൽ കോളേജിലുമൊക്കെയായി തള്ളി നീക്കി. വീട്ടിലെ മുറിക്കുള്ളിൽ പിന്നീട് ജീവിതം തള്ളി നീക്കിയ ഷാനു യൂട്യൂബ് വഴിയാണ് കൈകൊണ്ട് കമ്പിളി വസ്ത്രങ്ങൾ നെയ്തെടുക്കുന്ന ക്രോച്ചെറ്റ് എന്ന വിദ്യ പഠിക്കുന്നത്. തുടർന്ന് ഈ വിദ്യ ഉപയോഗിച്ച് വസ്ത്രങ്ങൾ നെയ്തെടുക്കാനുള്ള താല്പര്യം ഷാനു മാതാപിതാക്കളോട് പങ്കുവെച്ചു. 

കമ്പിളി നൂൽ ഉൾപ്പടെയുള്ള സാധനങ്ങൾ വാങ്ങി നൽകി, മകൾക്ക് ആത്മബലം പകർന്ന് മാതാപിതാക്കൾ കൂടെ നിന്നു. പിന്നീട് പതിയെ പതിയെ ഷാനു തൻ്റെ വേദനകൾ മറന്ന് കുട്ടികൾക്കുള്ള കമ്പിളി സ്വെറ്റർ, തൊപ്പികൾ എന്നിവ നെയ്തെടുത്ത് തുടങ്ങി. ഒരാഴ്ചയോളം എടുത്താണ് ഇവ ഷാനു നെയ്തെടുക്കുന്നത്. പിന്നാലെ യൂട്യൂബ് വഴി പഠിച്ച് മുത്തുകൾ കൊണ്ടുള്ള മനോഹരമായ ഫ്ലവർ വെയ്സുകളും ഷാനു നിർമ്മിച്ചു. തൻ്റെ വേദനകൾ ഇതിലൂടെ മറക്കുകയാണെന്ന് ഷാനു ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞു. 

നിർമ്മിച്ച സാധനങ്ങൾ നിലവിൽ ബന്ധുക്കൾക്ക് മാത്രമാണ് നൽകുന്നത്. എന്നാൽ തൻ്റെ കുടുംബത്തിനെ സഹായിക്കാൻ ഇത് പുറത്ത് വില്പന നടത്താനും ഷാനു തയ്യാറാണ്. വീടിന് പുറത്തേക്കിറങ്ങണമെന്നും ഗ്രാഫിക് ഡിസൈനിങ് പഠിക്കണം എന്നും ഒക്കെ ഷാനുവിന് അതിയായ ആഗ്രഹമുണ്ട്. എന്നാൽ ആകെ ഉണ്ടായിരുന്ന വീൽചെയർ നശിച്ചതോടെ ഷാനുവിനെ പുറത്തു കൊണ്ടുപോകാൻ മാതാപിതാക്കൾക്ക് കഴിയുന്നില്ല.  ആരെങ്കിലും ഇടപെട്ട് ഇതിനൊരു സഹായം ഒരുക്കുമെന്ന് പ്രതീക്ഷയിലാണ് ഷാനു. പ്ലസ് വൺ വരെ പഠിച്ചെങ്കിലും പ്ലസ് ടൂ പരീക്ഷ സമയം അസുഖം പിടിപ്പെട്ടത്തിനാൽ അത് എഴുതാൻ കഴിഞ്ഞില്ല. 

കുട്ടിക്ക് അപകടം നടക്കുന്ന സമയം വർഗീസ് വിദേശത്ത് ജോലി നോക്കി വരികയായിരുന്നു. മൂന്നുവർഷം മുമ്പാണ് വർഗീസ് തിരികെ നാട്ടിലെത്തിയത്. വർഗീസിന് ഹൃദ്രോഗം പിടിപെട്ടതോടെ കുടുംബം ദുരിതത്തിലായി. ഗാർഹിക ലോണും വർഗീസിന്റെ ചികിത്സാ ചെലവും എല്ലാം കൂടിയായപ്പോൾ കുടുംബം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങി. ഇത് ഷാനുവിന്റെ തുടർ ചികിത്സകളെയും ബാധിച്ചു.

നിലവിൽ ഒരു സ്വകാര്യ സ്ഥാപനത്തിൽ സെക്യൂരിറ്റി ആയി ജോലി നോക്കുന്ന വർഗീസിന്റെ തുച്ഛമായ ശമ്പളത്തിലാണ് കുടുംബം മുന്നോട്ടുപോകുന്നത്. ഒരു മാസം ആറായിരത്തോളം രൂപ ഷാനുവിന് മരുന്നുകൾ വാങ്ങുന്നതിനും മറ്റ് സാധനങ്ങൾ വാങ്ങുന്നതിനും വേണ്ടി വരുന്നുണ്ട്. ഇതോടെ വീടിന് വേണ്ടി എടുത്ത വായ്പയും അടയ്ക്കുന്നത് മുടങ്ങി. എന്നാലും തങ്ങളാൽ കഴിയുന്ന നിലയിൽ മകൾക്ക് പിന്തുണ നൽകുന്നുണ്ട് ഈ മാതാപിതാക്കൾ.

നാല് മാസത്തോളം നീണ്ട കാത്തിരിപ്പ്, ശിഹാബ് ചോറ്റൂർ പാക്കിസ്ഥാനിലെത്തി, ഇനി ഇറാനിലേക്ക് നടക്കും

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഭീതിക്കൊടുവിൽ ആശ്വാസം! വടശ്ശേരിക്കരയെ വിറപ്പിച്ച കടുവ കെണിയിലായി; കുമ്പളത്താമണ്ണിൽ താൽക്കാലിക സമാധാനം
'തിരുവനന്തപുരത്ത് ഫ്ലാറ്റുകൾ കേന്ദ്രീകരിച്ച് ബിജെപി തൃശൂർ മോഡലിൽ വോട്ട് ചേർക്കുന്നു'; ആരോപണവുമായി ശിവൻകുട്ടി