
മലപ്പുറം: വഴിക്കടവ് എക്സൈസ് ചെക്ക് പോസ്റ്റിൽ 129.5 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്ത കേസിലെ നാല് പ്രതികൾക്ക് 24 വർഷം വീതം കഠിന തടവും 200000 രൂപ വീതം പിഴയും ശിക്ഷ വിധിച്ചു. ഏറനാട് സ്വദേശി നവാസ് ഷരീഫ്, തിരൂർ സ്വദേശി ഷഹദ്, കൊണ്ടോട്ടി സ്വദേശി അബ്ദുൾ സമദ്, കൊയിലാണ്ടി സ്വദേശി അമൽ രാജ് എന്നിവർക്കാണ് ശിക്ഷ വിധിച്ചത്.
2022 ആഗസ്ത് 11നാണ് വഴിക്കടവ് ചെക്ക്പോസ്റ്റിൽ എക്സൈസ് ഇൻസ്പെക്ടർ കെ എൻ റിമേഷും സംഘവും ചേർന്ന് കഞ്ചാവ് പിടികൂടിയത്. സ്റ്റേറ്റ് സ്ക്വാഡിന്‍റെ ചുമതലയുള്ള അസിസ്റ്റന്‍റ് എക്‌സൈസ് കമ്മീഷണർ ടി അനികുമാർ നൽകിയ രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് രണ്ടു കാറുകളിലായി പ്രതികൾ കൊണ്ടുവന്ന 129.5 കിലോഗ്രാം കഞ്ചാവ് പിടികൂടിയത്.
മൂന്നാം പ്രതിയായ മുഹമ്മദ് ഷഫീഖ് ഒഴികെ ബാക്കിയുള്ളവർക്കാണ് ഇപ്പോൾ ശിക്ഷ വിധിച്ചിരിക്കുന്നത്. മുഹമ്മദ് ഷഫീഖിനെ പ്രത്യേകമായി പിന്നീട് വിചാരണ നടത്തും. മഞ്ചേരി എൻഡിപിഎസ് കോടതി ജഡ്ജ് എം പി ജയരാജ് ആണ് വിചാരണ പൂർത്തിയാക്കി പ്രതികളെ ശിക്ഷിച്ചത്. എൻഡിപിഎസ് നിയമം 20 (b) ii (C ), 29 എന്നീ വകുപ്പുകൾ പ്രകാരമാണ് ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി സുരേഷ് ഹാജരായി. ഉത്തര മേഖല എക്സൈസ് ക്രൈംബ്രാഞ്ച് സർക്കിൾ ഇൻസ്പെക്ടർ ആർ എൻ ബൈജുവാണ് കേസിൽ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam