
അമ്പലപ്പുഴ: ഇന്‍റർ മെഡിക്കൽ കോളജ് ഫുട്ബോൾ ടൂർണമെന്‍റിന് ശേഷം വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ തിരുവനന്തപുരം ഗവ. ആയൂർവേദ കോളജിലെ 17 വിദ്യാർത്ഥികൾക്ക് പരിക്ക്. ആലപ്പുഴ മെഡിക്കൽ കോളജ് വിദ്യാർത്ഥികൾ ഉൾപ്പെടെ കണ്ടാലറിയാവുന്ന 60 പേർക്കെതിരെ പുന്നപ്ര പൊലീസ് കേസെടുത്തു. പരിക്കേറ്റവരെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മെഡിക്കൽ കോളജ് മൈതാനത്ത് കഴിഞ്ഞ ദിവസം വൈകിട്ട് 5.30 ന് സെമിഫൈനൽ മത്സരത്തിനിടെ ഉണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. ആക്രമത്തെ തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളജിലെ നാലാം വർഷ എം ബി ബി എസ് വിദ്യാർത്ഥികളായ മൂന്ന് പേരെ കോളജിൽ നിന്നും അന്വേഷണ വിധേയമായി പുറത്താക്കിയതായി വൈസ് പ്രിൻസിപ്പൽ ഉത്തരവിറക്കി. തിരുവനന്തപുരം ഗവ. ആയൂർവ്വേദ കോളജ് വിദ്യാർത്ഥികളായ ഷിഫാം ഹുസൈൻ (26), റാൽതിം (28), സിജിൽ (23), ഷാമിൻ (23), അഭിരാജ് (23), മുനാഷിർ (24), അജയ് (24), ഫിറോസ് (21), മുസാഫിർ (24), രാഗേഷ് (26), അർജുൻ (26), സഞ്ജയ് (23), പി സഞ്ജയ് (24), അർജുൻ (23), അജയ്ഘോഷ് (26), നിഥിൻ (23), ഷിജിൻ (24) എന്നിവർക്കാണ് പരിക്കേറ്റത്.