തിരുവനന്തപുരത്ത് പൊലീസ് നടത്തിയ സുരക്ഷാ പരിശോധനയിൽ 14 മയക്കുമരുന്ന് കേസുകളും 50 അബ്കാരി കേസുകളും രജിസ്റ്റർ ചെയ്തു. വാഹന പരിശോധനയും നടത്തി, നിയമലംഘനം നടത്തിയവർക്കെതിരെ നടപടിയെടുത്തു. 

തിരുവനന്തപുരം: നഗരത്തിൽ കഴിഞ്ഞ ദിവസം പൊലീസ് നടത്തിയ സുരക്ഷാ പരിശോധനയിൽ 14 മയക്കുമരുന്ന് കേസുകളും, 50 അബ്കാരി കേസുകളും രജിസ്റ്റർ ചെയ്തു. പ്രധാന ജംഗ്ഷനുകൾ, ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷൻ പരിസരങ്ങൾ, ലോഡ്ജുകൾ, വാടകവീടുകൾ, ലേബർക്യാമ്പുകൾ എന്നിവ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. ക്രിമിനൽ ലിസ്റ്റിലുള്ള 185 പേരെ പരിശോധിച്ചു. 

വാഹന പരിശോധയിൽ ചെറുതും, വലുതുമായി 987 ഓളം വാഹനങ്ങൾ പരിശോധിച്ചു.നിയമലംഘനം നടത്തിയ 704 പേർക്കെതിരായി നിയമനടപടി സ്വീകരിക്കുകയും, മദ്യപിച്ച് വാഹനം ഓടിച്ചതിനും ഗതാഗത തടസം സൃഷ്ടിച്ചതിനും 94 കേസുകളുമെടുത്തു. വിവിധ പൊലീസ് സ്റ്റേഷനുകളിലേക്ക് വിവിധ കോടതികളിൽ നിന്നായി അയച്ചുകിട്ടിയ വാറന്‍റുകളിൽ നിന്ന് 44 വാറന്‍റുകളും നടപ്പാക്കി. പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും കുറ്റകൃത്യങ്ങൾ തടയാനും പരിശോധനകൾ തുടരുമെന്ന് സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു.