സംസ്ഥാനത്തെ വൈദ്യുത മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ രാജ്യശ്രദ്ധ നേടുന്നു, സബ്‌സ്റ്റേഷനുകള്‍ ഉദ്ഘാടനം ചെയ്ത് പിണറായി

By Web TeamFirst Published Aug 17, 2020, 9:13 PM IST
Highlights

''പ്രധാനമായും സമ്പൂര്‍ണ വൈദ്യുതീകരണത്തിലൂടെയാണ് സംസ്ഥാനത്തിന് രാജ്യശ്രദ്ധ നേടിയെടുക്കാന്‍ കഴിഞ്ഞത്. ഗ്രാമങ്ങളിലടക്കം ആവശ്യമുള്ളയിടത്തെല്ലാം വൈദ്യുതി എത്തിച്ചാണ് പ്രഖ്യാപനം നടത്തിയത്. സമ്പൂര്‍ണമെന്നത് അക്ഷരാര്‍ഥത്തില്‍ നടപ്പാക്കാന്‍ കഴിഞ്ഞു...''
 

കോഴിക്കോട്: രാജ്യമാകെ ശ്രദ്ധപിടിച്ചുപറ്റുന്ന തരത്തിലുള്ള പ്രവര്‍ത്തനമാണ് വൈദ്യുത മേഖലയില്‍ സംസ്ഥാനം നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ പ്രവൃത്തി പൂര്‍ത്തിയായ 13 സബ് സ്റ്റേഷനുകളുടെ ഉദ്ഘാടനവും തലശ്ശേരി 220 കെ.വി. സബ്‌സ്റ്റേഷന്റെ ശിലാസ്ഥാപനവും വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വ്വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. 

പ്രധാനമായും സമ്പൂര്‍ണ വൈദ്യുതീകരണത്തിലൂടെയാണ് സംസ്ഥാനത്തിന് രാജ്യശ്രദ്ധ നേടിയെടുക്കാന്‍ കഴിഞ്ഞത്. ഗ്രാമങ്ങളിലടക്കം ആവശ്യമുള്ളയിടത്തെല്ലാം വൈദ്യുതി എത്തിച്ചാണ് പ്രഖ്യാപനം നടത്തിയത്. സമ്പൂര്‍ണമെന്നത് അക്ഷരാര്‍ഥത്തില്‍ നടപ്പാക്കാന്‍ കഴിഞ്ഞു. സമ്പൂര്‍ണ വൈദ്യുതീകരണത്തിനുള്ള പ്രായോഗിക തടസങ്ങള്‍ പരിഹരിക്കുന്നതിന് അഭിനന്ദനാര്‍ഹമായ നടപടികളാണ് കെഎസ്ഇബി സ്വീകരിച്ചത്. ഈ സര്‍ക്കാറിന്റെ കാലത്ത് പ്രസരണ മേഖലയില്‍ അപ്‌ഗ്രേഡ് ചെയ്തതടക്കം 57 സബ്‌സ്റ്റേഷനുകളും 1,041 സര്‍ക്യൂട്ട് കിലോമീറ്റര്‍ പ്രസരണ ലൈനുകളും നിര്‍മ്മിക്കാന്‍ കഴിഞ്ഞു. 

27 സബ്‌സ്റ്റേഷനുകള്‍ 710 സര്‍ക്യൂട്ട് കിലോമീറ്റര്‍ പ്രസരണ ലൈനുകളും പൂര്‍ത്തിയാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ നടന്നുകൊണ്ടിരിക്കുകയാണ്. വൈദ്യുത മേഖലയില്‍ വലിയ മാറ്റങ്ങളുണ്ടാകാന്‍ പോകുന്നുവെന്നാണ് ഇതെല്ലാം കാണിക്കുന്നത്. തടസരഹിതമായി വൈദ്യുതി ലഭിക്കണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. അതിന് പ്രസരണ ശൃംഖല വിപുലവും ശക്തവുമാകണം. ഇത്തരത്തില്‍ നാടിന്റെയും നാട്ടുകാരുടെയും സംതൃപ്തി ലക്ഷ്യമിട്ടുകൊണ്ട് വൈദ്യുതി ബോര്‍ഡ് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് നാട് പിന്തുണ നല്‍കണമെന്നും മുഖ്യമന്ത്രി പറഞ്ഞു..

കൊവിഡ് മനുഷ്യജീവനെ ബാധിക്കുന്ന പ്രശ്‌നമായതിനാല്‍ പ്രതിരോധത്തില്‍ ഒരുതരത്തിലുള്ള അലംഭാവവും കാണിക്കാതെ സംസ്ഥാനത്തെ വികസന പദ്ധതികള്‍ നിശ്ചിത സമയത്ത് തന്നെ പൂര്‍ത്തിയാക്കാനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നത്. എല്ലാ മേഖലയിലും അതിനനുസരിച്ചുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. സാമ്പത്തികരംഗത്ത് കൊവിഡ് ഉണ്ടാക്കിയിട്ടുള്ള പ്രത്യഘാതം എല്ലാവര്‍ക്കുമറിയാവുന്നതാണ്. വിവിധ പദ്ധതികള്‍ ഉദ്ദേശിക്കുന്ന രീതിയില്‍ മുന്നോട്ടുപോയാല്‍ മാത്രമേ സാമ്പത്തിക ചലനം പൂര്‍ണതോതിലാവുകയുള്ളൂ. കൊവിഡിനെതിരെയുള്ള പോരാട്ടവും വികസന പദ്ധതികളും ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോകണം.  നാടിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ സ്തംഭിക്കാതിരിക്കുകയെന്നത് ഏറെ പ്രധാനമാണ്.

ഇക്കാര്യത്തില്‍ കെഎസ്ഇബി വലിയ മാതൃകയാണ് കാണിച്ചിരിക്കുന്നത്. വിവിധ തരത്തിലുള്ള 13 സബ്‌സ്റ്റേഷനുകളാണ് പൂര്‍ത്തീകരിച്ചിരിക്കുന്നത്. സബ്‌സ്റ്റേഷനുകള്‍ കെഎസ്ഇബിയുടെ ഏറ്റവും പ്രധാനപ്പെട്ട ജീവനാഡികളുടെ കേന്ദ്രമാണ്. അതിനാല്‍ ഇവ പൂര്‍ത്തിയാകുന്നതോടെ പ്രസരണ രംഗത്ത് വലിയ നേട്ടമാണ് ഉണ്ടാകുക. ഗുണമേന്മയുള്ള വൈദ്യുതി നല്‍കാന്‍ കഴിയുമെന്നതാണ് പ്രത്യേകതയെന്നും അദ്ദേഹം പറഞ്ഞു. ജില്ലയില്‍ കുന്ദമംഗലം മണ്ഡലത്തിലെ കുറ്റിക്കാട്ടൂര്‍, കോഴിക്കോട് സൗത്ത് മണ്ഡലത്തിലെ മാങ്കാവ്, തിരുവമ്പാടി മണ്ഡലത്തിലെ തമ്പലമണ്ണ എന്നിവിടങ്ങളിലെ  110 കെവി സബ്‌സ്റ്റേഷനുകളാണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്. ചടങ്ങില്‍ വൈദ്യുതി മന്ത്രി എം എം മണി അധ്യക്ഷത വഹിച്ചു. 

കോഴിക്കോട് മെഡിക്കല്‍ കോളജ്, വാട്ടര്‍ അതോറിറ്റിയുടെ പമ്പിംഗ് സ്റ്റേഷനുകള്‍, വ്യാവസായിക പവര്‍ ഇന്റന്‍സീവ് യൂണിറ്റുകള്‍ തുടങ്ങിയ ജില്ലയിലെ പല പ്രധാനപ്പെട്ട ഉപഭോക്താക്കള്‍ക്കുമുള്ള വൈദ്യുതി കുറ്റിക്കാട്ടൂര്‍ സബ്സ്റ്റേഷനില്‍ നിന്നാണ് ലഭ്യമാക്കുന്നത്. കുറ്റിക്കാട്ടൂര്‍ സബ് സ്റ്റേഷനിലേക്ക് നിലവില്‍ നല്ലളം-കുന്ദമംഗലം പ്രസരണ ലൈന്‍ വഴിയാണ് വൈദ്യുതി എത്തിക്കുന്നത്. ശേഷി വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി കുന്ദമംഗലം മുതല്‍ കുറ്റിക്കാട്ടൂര്‍ വരെയുള്ള 5.8 കി.മീ 110 കെ.വി ലൈന്‍ ആക്കുന്ന പ്രവൃത്തി പൂര്‍ത്തീകരിച്ചു കഴിഞ്ഞു.

കുറ്റിക്കാട്ടൂര്‍ 110 കെ.വി സബ് സ്റ്റേഷന്റെ ശിലാഫലക അനാഛാദനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി  നിര്‍വഹിച്ചു. പി.ടി.എ റഹീം എം.എല്‍.എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുനിത പൂതക്കുഴിയില്‍,  നല്ലളം ട്രാന്‍സ്മിഷന്‍ ഡിവിഷന്‍ എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ എ വിജയകുമാര്‍  തുടങ്ങിയവര്‍ പങ്കെടുത്തു. ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ ബോസ് ജേക്കബ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. 

മാങ്കാവ് 110 കെവി സബ്സ്റ്റേഷന്‍ ഉദ്ഘാടന പരിപാടിയില്‍ എം കെ മുനീര്‍ എംഎല്‍എ ശിലാഫലകം അനാഛാദനം ചെയ്തു. കൗണ്‍സിലര്‍ ശശി മനയ്ക്കല്‍, ചീഫ് എന്‍ജിനീയര്‍ ഡിസ്ട്രിബ്യൂഷന്‍ നോര്‍ത്ത് എം എ ടെന്‍സന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ട്രാന്‍സിഷന്‍ നോര്‍ത്ത് ചീഫ് എന്‍ജിനീയര്‍ രാജന്‍ ജോസഫ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

തമ്പലമണ്ണ പദ്ധതിയുടെ ഭാഗമായി ഉറുമി, ചെമ്പുകടവ്, പതങ്കയം എന്നീ വൈദ്യുതി ഉല്‍പപ്പാദന നിലയങ്ങളില്‍ ഉല്‍പപ്പാദിപ്പിക്കുന്ന വൈദ്യുതി തടസരഹിതമായി പ്രസരണം ചെയ്യാനും തിരുവമ്പാടി, കൂടരഞ്ഞി, കോടഞ്ചേരി പഞ്ചായത്തുകളില്‍ വൈദ്യുതി കാര്യക്ഷമമായി വിതരണം ചെയ്യാനും സാധിക്കും. അഗസ്ത്യന്‍ മുഴി സബ് സ്റ്റേഷനില്‍ സാങ്കേതിക തടസ്സങ്ങള്‍ വരുന്ന സന്ദര്‍ഭങ്ങളില്‍ മുക്കം, കാരശേരി, കൊടിയത്തൂര്‍ പഞ്ചായത്തുകളില്‍ വൈദ്യുതി വിതരണം ചെയ്യുന്നതിനും പദ്ധതി കൊണ്ടാവും. അഗസ്ത്യന്‍ മുഴി സബ്സ്റ്റേഷനില്‍ നിന്ന് 11.4 കി.മീ ഭൂഗര്‍ഭ കേബിള്‍ വഴിയാണ് തമ്പലമണ്ണ സബ് സ്റ്റേഷനുമായി ബന്ധിപ്പിക്കുന്നത്. 

ജോര്‍ജ് എം തോമസ് എംഎല്‍എ ശിലാഫലക ആനാഛാദനം നിര്‍വഹിച്ചു. കെഎസ്ഇബി ട്രാന്‍സ്മിഷന്‍ ആന്റ് സിസ്റ്റം ഓപറേഷന്‍ ഡയറക്ടര്‍ ഡോ. പി രാജന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റംല ഒ കെ എം കുഞ്ഞി, തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ടി അഗസ്റ്റിന്‍, ജില്ലാ പഞ്ചായത്ത് അംഗം അന്നമ്മ മാത്യു, ബ്ലോക്ക് പഞ്ചായത്ത് അംഗം ആന്‍സി സെബാസ്റ്റ്യന്‍, ഗ്രാമപഞ്ചായത്ത് അംഗം ഗീതാ പ്രശാന്ത് എന്നിവര്‍ പങ്കെടുത്തു. 
കെഎസ്ഇബി എംഡി എന്‍ എസ് പിള്ള സ്വാഗതവും കോഴിക്കോട് ട്രാന്‍സ്മിഷന്‍ സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എഞ്ചിനിയര്‍ എം അനില്‍ നന്ദിയും പറഞ്ഞു.

click me!