
തിരുവനന്തപുരം: എറണാകുളം പറവൂരിൽ നിന്ന് കാണാതായ കുട്ടികളെ തിരുവനന്തപുരം വർക്കലയിൽ നിന്ന് കണ്ടത്തി. ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ നടന്ന സെർച്ച് ഡ്രൈവിനിടെയാണ് കുട്ടികളെ കണ്ടത്തിയത്. കഴിഞ്ഞ മാസം 28 -ാം തിയ്യതിയാണ് കുട്ടികളെ കൊച്ചിയിൽ നിന്നും കാണാതായത്. 14 വയസ്സുള്ള ആൺകുട്ടിയെയും 15 വയസുള്ള പെൺകുട്ടിയെയുമായിരുന്നു കാണാതായത്.
ഇവരെ കണ്ടെത്താനായി എറണാകുളത്ത് പൊലീസ് അന്വേഷണം നടക്കുന്നതിനിടയിലാണ് സി ഡബ്ല്യു സിയുടെ നേതൃത്വത്തിലെ സെർച്ച് ഡ്രൈവിനിടെ കുട്ടികളെ വർക്കലയിൽ നിന്ന് കണ്ടെത്തിയത്. നിലവിൽ കുട്ടികൾ പൂജപ്പുരയിലെ സി ഡബ്ല്യു സി ഓഫീസിലുണ്ട്. വിദ്യാർഥികളെ കണ്ടു കിട്ടിയ വിവരം കുട്ടികളുടെ മാതാപിതാക്കളെയും പൊലീസിനെയും അറിയിച്ചിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
അതിനിടെ തിരുവനന്തപുരത്ത് നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത പുതുവത്സര ആഘോഷങ്ങൾക്കിടെ എസ് ഐയെ അടക്കം ആക്രമിച്ച പ്രതി അറസ്റ്റിലായി എന്നതാണ്. വെള്ളൈക്കടവ് തോപ്പുമുക്ക് കുളുമല റിയാ നിവാസിൽ റിതു മാത്യു (29) വിനെയാണ് കന്റോൺമെന്റ് പൊലീസ് പിടികൂടിയത്. കന്റോൺമെന്റ് എസ് ഐ പ്രസൂൺ നമ്പിക്കാണ് ആക്രണത്തിൽ പരിക്കേറ്റത്. പുതുവത്സര ആഘോഷങ്ങൾക്കിടെ ബുധനാഴ്ച പുലർച്ചെ 3 ന് സാഫല്യം കോംപ്ലക്സ് പാർക്കിംഗ് ഗ്രൗണ്ടിന് സമീപം പ്രതി അടിപിടി ഉണ്ടാക്കുന്നതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് സ്ഥലത്തെത്തിയത്. പ്രതിയെ സ്ഥലത്തുനിന്നും ശ്രമിക്കുന്നതിനിടെ എസ് ഐയെ ആക്രമിക്കുകയായിരുന്നു. എസ് ഐയുടെ കാലിന്റെ കുഴ ചവിട്ടി ഒടിക്കുകയും കൈവിരൽ കടിച്ച് മുറിവേല്പിക്കുകയും ചെയ്തു. കാലിന് അടിയന്തര ശസ്ത്രക്രിയ നടത്തി .കൈവിരലിന് തുന്നലുണ്ട്. കൂടുതൽ പൊലീസെത്തിയാണ് പ്രതിയെ പിടികൂടിയത്. ഇയാൾ ലഹരി ഉപയോഗിച്ചിരുന്നതായും പൊലീസ് പറയുന്നു. പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കരമനയിലും നേരത്തെ ഗുണ്ടാസംഘം പൊലീസിനെ അക്രമിച്ചിരുന്നു. ഈ സംഭവം നടന്ന് മാസങ്ങൾക്കിപ്പുറവും പ്രതികളെ പിടികൂടാനായിട്ടില്ല എന്ന് വിമർശനമുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam