തിരുവനന്തപുരം കിളിമാനൂർ പൊലീസ് സ്റ്റേഷനിൽ വെച്ച് സിവിൽ പോലീസ് ഓഫീസർക്ക് പാമ്പ് കടിയേറ്റു. സ്റ്റേഷന്റെ ഒന്നാം നിലയിൽ ജോലി ചെയ്യുകയായിരുന്ന രഞ്ജിത്തിനാണ് കടിയേറ്റത്. സ്റ്റേഷന് സമീപം നിറയെ കാടു പിടിച്ചും തൊണ്ടി വാഹനങ്ങള്‍ നിറഞ്ഞും കിടക്കുകയാണ്.

തിരുവനന്തപുരം: പൊലീസ് സ്റ്റേഷനില്‍ വച്ച് പൊലീസ് ഉദ്യോഗസ്ഥന് പാമ്പ് കടിയേറ്റു. കിളിമാനൂര്‍ സ്റ്റേഷനിലെ സിവില്‍ പൊലിസ് ഓഫീസര്‍ രഞ്ജിത്തിനാണ് പാമ്പ് കടിയേറ്റത്. ഇന്ന് രാവിലെ 11.30 ഓടെ സ്റ്റേഷന്‍റെ ഒന്നാം നിലയില്‍ ജനലിനോട് ചേര്‍ന്നുള്ള ഇരിപ്പിടത്തില്‍ ജോലി ചെയ്തു കൊണ്ടിരിക്കയാണ് കൈ വിരലില്‍ പാമ്പു കടിയേല്‍ക്കുന്നത്. ഉടന്‍ കേശവപുരം സാമൂഹികാരോഗ്യ കേന്ദ്രത്തിലും തുടര്‍ന്ന് പാരിപ്പള്ളി മെഡിക്കല്‍ കോളെജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. രഞ്ജിത്ത് ചികിത്സയിൽ തുടരുകയാണെന്ന് പൊലീസ് പറഞ്ഞു. സ്റ്റേഷന് സമീപം നിറയെ കാടു പിടിച്ചും തൊണ്ടി വാഹനങ്ങള്‍ നിറഞ്ഞും കുന്നുകൂടി കിടക്കുകയാണ്. ഇത് വൃത്തിയാക്കാന്‍ നിരവധി തവണ അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നടപടി ഒന്നും ഉണ്ടായിട്ടില്ലന്നാണ് പൊലീസുകാരുടെ പരാതി. മാലിന്യ കൂമ്പാരത്തില്‍ നിന്നും ജനല്‍ വഴി പാമ്പു കയറിയതാകാം എന്നാണ് നിഗമനം. ഏത് പാമ്പാണ് കടിച്ചതെന്ന് കണ്ടില്ലെന്നും സഹപ്രവർത്തകരായ പൊലീസുകാർ പറഞ്ഞു.