പ്രായപൂര്‍ത്തിയാവാത്ത കുട്ടി വാഹനം ഓടിച്ചു; പിതാവിന് പിഴ

Published : Apr 13, 2023, 02:22 PM IST
പ്രായപൂര്‍ത്തിയാവാത്ത കുട്ടി വാഹനം ഓടിച്ചു; പിതാവിന് പിഴ

Synopsis

മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് 30,250 രൂപ പിഴയടക്കാന്‍ വിധിച്ച് ഉത്തരവിട്ടത്. 

മലപ്പുറം: പ്രായപൂര്‍ത്തിയാവാത്ത കുട്ടി വാഹനമോടിച്ച കേസില്‍ പിതാവിന് പിഴയടക്കാന്‍ വിധി. തിണ്ടലം വടക്കുംപ്പുറം പുല്ലാണിക്കാട്ടില്‍ അബ്ദുല്‍ മുഖദിനാണ് മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി 30,250 രൂപ പിഴയടക്കാന്‍ വിധിച്ച് ഉത്തരവിട്ടത്. 

പ്രായപൂര്‍ത്തിയാവാത്ത കുട്ടികള്‍ക്ക് വാഹനം ഓടിക്കാന്‍ കൊടുക്കുന്ന ഉടമകള്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി മലപ്പുറം ജില്ലാ പൊലീസ് മേധാവി സുജിത് ദാസ് ആവിഷ്‌കരിച്ച് നടപ്പിലാക്കിയ സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ വളാഞ്ചേരി പൊലീസ് സ്റ്റേഷനില്‍ 25ഓളം കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഇത്തരം കേസുകളില്‍ ഉള്‍പ്പെട്ട രക്ഷിതാക്കള്‍ക്കെതിരെ തിരൂര്‍ ജെഎഫ്‌സിഎം, മഞ്ചേരി സിജെഎം കോടതികളില്‍ വിചാരണ നടപടികള്‍ പുരോഗമിച്ചു വരികയാണ്. ഇത്തരം കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവര്‍ക്കെതിരെ നടപടി ഊര്‍ജ്ജിതമാക്കിയെന്നും വളാഞ്ചേരി പൊലീസ് അറിയിച്ചു. 


 ലൈസന്‍സില്ലെന്ന കാരണത്താല്‍ ഇന്‍ഷൂറന്‍സ് നിഷേധിക്കാനാവില്ലെന്ന് ഉപഭോക്തൃ കമ്മീഷന്‍

മലപ്പുറം: പ്രീമിയം സ്വീകരിച്ച ശേഷം ലൈസന്‍സില്ലെന്ന കാരണത്താല്‍ ഇന്‍ഷൂറന്‍സ് നിഷേധിക്കാനാവില്ലെന്ന് മലപ്പുറം ജില്ലാ ഉപഭോക്തൃ കമ്മീഷന്റെ വിധി. നിലമ്പൂര്‍ അമരമ്പലം സ്വദേശി ഏലിയാമ്മ 'ഫ്യൂച്ചര്‍ ജനറലി' ഇന്‍ഷൂറന്‍സ് കമ്പനിക്കെതിരെ സമര്‍പ്പിച്ച ഹരജിയിലാണ് വിധി. 

ഏലിയാമ്മയുടെ ഭര്‍ത്താവ് കുര്യന്‍ 2015 ഡിസംബര്‍ 29ന് ചോക്കാട് കല്ലാമൂലയില്‍ വച്ചുണ്ടായ വാഹന അപകടത്തില്‍ മരണപ്പെട്ടിരുന്നു. ഡ്രൈവിംഗ് ലൈസന്‍സുള്ള പേരമകനായിരുന്നു വാഹനമോടിച്ചിരുന്നത്. വാഹന ഉടമയ്ക്ക് പരിരക്ഷ നല്‍കുന്ന ഇന്‍ഷൂറന്‍സ് പോളിസിയുമുണ്ടായിരുന്നു. എന്നാല്‍ ഇന്‍ഷൂറന്‍സ് പോളിസി പ്രകാരം നല്‍കേണ്ടിയിരുന്ന രണ്ട് ലക്ഷം രൂപ നല്‍കാന്‍ കമ്പനി തയ്യാറായില്ല. വാഹന ഉടമയ്ക്ക് ഇന്‍ഷൂറന്‍സ് പരിരക്ഷ ലഭിക്കാന്‍ ഡ്രൈവിംഗ് ലൈസന്‍സ് കൂടി വേണമായിരുന്നുവെന്നും മരണപ്പെട്ട വാഹന ഉടമയ്ക്ക് അതുണ്ടായിരുന്നില്ലെന്നും പറഞ്ഞാണ് ഇന്‍ഷൂറന്‍സ് നിഷേധിച്ചത്. ഇതേ തുടര്‍ന്നാണ് ഏലിയാമ്മ ഉപഭോക്തൃ കമ്മീഷനെ സമീപിച്ചത്. 

വാഹന ഉടമയുടെയും കുടുംബത്തിന്റെയും പരിരക്ഷയാണ് ഓണര്‍ കം ഡ്രൈവര്‍ പോളിസിയുടെ ഉദ്ദേശമെന്നിരിക്കെ പ്രീമിയം സ്വീകരിച്ച ശേഷം ഇന്‍ഷൂറന്‍സ് നിഷേധിക്കുന്നത് അനുചിതമായ നടപടിയാണെന്നും പരാതിക്കാരിക്ക് തുക നല്‍കണമെന്നും കമ്മീഷന്‍ ഉത്തരവിടുകയായിരുന്നു. വാഹനമോടിച്ചിരുന്നത് നിയമാനുസൃതം ലൈസന്‍സ് ഉണ്ടായിരുന്നയാളാണോ എന്നും സ്വന്തം വാഹനം അപകടത്തില്‍പ്പെട്ടിട്ടാണോ മരണമോ വൈകല്യമോ സംഭവിച്ചതെന്നും മാത്രമേ ഇന്‍ഷൂറന്‍സ് കമ്പനി നോക്കേണ്ടതുള്ളു. ഒരു വാഹനത്തിന്റെ ഉടമയാകാന്‍ ഡ്രൈവിംഗ് ലൈസന്‍സ് നിര്‍ബന്ധമില്ല എന്നിരിക്കെ വാഹന ഉടമയുടെ ഇന്‍ഷൂറന്‍സ് പരിരക്ഷയ്ക്ക് ലൈസന്‍സ് വേണമെന്ന നിബന്ധനക്ക് അടിസ്ഥാനമില്ലെന്നും കമ്മീഷന്‍ വ്യക്തമാക്കി. 

പരാതിക്കാരിക്ക് രണ്ടു ലക്ഷം രൂപ ഹര്‍ജി തീയതി മുതല്‍ ഒമ്പത് ശതമാനം പലിശയോടെ നല്‍കണമെന്നും സേവനത്തില്‍ വീഴ്ച വരുത്തിയതിന് 25,000 രൂപയും കോടതി ചെലവായി 10,000 രൂപയും നല്‍കണമെന്നും കെ. മോഹന്‍ദാസ് പ്രസിഡന്റും പ്രീതി ശിവരാമന്‍, സി.വി മുഹമ്മദ് ഇസ്മായില്‍ എന്നിവര്‍ അംഗങ്ങളുമായ കമ്മീഷന്‍ ഉത്തരവിട്ടു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഫ്രഷേഴ്സ് ഡേയിൽ പങ്കെടുത്ത് മടങ്ങവെ വിദ്യാർഥികൾ സഞ്ചരിച്ച ബൈക്ക് കാറുമായി കൂട്ടിയിടിച്ചു, 19കാരന് ദാരുണാന്ത്യം
തർക്കത്തിനിടെ നിലവിളികേട്ട് ഓടിയെത്തിയ വയോധികനെ അടിച്ചുകൊന്നു, കേസില്‍ ഒരാള്‍ പിടിയിൽ