
പാലക്കാട്: അട്ടപ്പാടിയിലെ ഏഴ് വിദൂര ആദിവാസി ഊരുകളിൽ ഒടുവിൽ വൈദ്യുതിയെത്തി. 6.2 കോടി രൂപ മുടക്കിയാണ് പദ്ധതി നടപ്പാക്കിയത്. മഴക്കാലമായാൽ ഇടയ്ക്കിടെ പണിമുടക്കുന്ന സോളാർ ലൈറ്റിനെ മാത്രം ആശ്രയിച്ചു കഴിഞ്ഞിരുന്ന ആദിവാസി ഊരുകൾക്ക് ആശ്വാസം.
തടികുണ്ട് , മുരുകള, കിണറ്റുകര, പാലപ്പട, താഴെ ആനവായ് , മേലെ ആനവായ് , കടുകുമണ്ണ ഊരുകാരുടെ പതിറ്റാണ്ടുകളുടെ സ്വപ്നം യാഥാർത്ഥ്യമായിരിക്കുന്നു. ഇവിടത്തെ കുട്ടികൾക്ക് ഇനി മണ്ണെണ്ണ വിളക്കിൻ്റെ ഇത്തിരി വെട്ടത്തിലിരുന്ന് പഠിക്കേണ്ട. ആകെ 92 വീടുകളിലാണ് വൈദ്യുതി എത്തിയത്.
ചിണ്ടക്കിയിൽ നിന്ന് 15 കിലോമീറ്റർ മണ്ണിനടിയിൽ കൂടി കേബിളിലൂടെയാണ് 11 കെ.വി വൈദ്യുതി എത്തിച്ചിരിക്കുന്നത്. വൈദ്യുതി ബന്ധം സ്ഥാപിക്കാനെത്തിയ കെഎസ്ഇബി ഉദ്യോഗസ്ഥരെ കണ്ടതും മതിമറന്ന സന്തോഷം. സ്വിച്ചിട്ടപ്പോൾ വെളിച്ചം തെളിഞ്ഞത് ഊരു വാസികളുടെ മുഖത്ത്. നാലു ട്രാൻസ്ഫോർമറുകൾ, 8547 മീറ്റർ ലോ ടെൻഷൻ എബിസി എന്നിവയാണ് വിതരണ ശൃംഖലയിൽ ഉള്ളത്.
കഴിഞ്ഞ മാസം കേരളത്തിൽ ഏറ്റവും അധികം വൈദ്യുതി കണക്ഷൻ നൽകിയ ഇലക്ട്രിക്കൽ സെക്ഷൻ എന്ന ബഹുമതി ഇതോടെ അഗളിക്ക് സ്വന്തമായി. ഊരുകളിലേക്കുള്ള റോഡ് നിർമ്മാണം കൂടി പൂർത്തിയായാൽ ആദിവാസികളുടെ യാത്രാദുരിതത്തിന് കൂടി അറുതിയാകും.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam