വയനാട് ഗവ.എന്‍ജിനീയറിംങ് കോളേജിലെ 15 വിദ്യാര്‍ഥികള്‍ക്ക് മഞ്ഞപ്പിത്തം

By Web TeamFirst Published Oct 15, 2018, 9:46 PM IST
Highlights

വയനാട് ഗവ.എന്‍ജിനിയറിംങ് കോളേജിലെ 15 വിദ്യാര്‍ഥികള്‍ക്ക് മഞ്ഞപ്പിത്തബാധ. ഇവര്‍ മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞ വെള്ളിയാഴ്ച മുതലാണ് വിദ്യാര്‍ഥികളില്‍ ചിലര്‍ക്ക് രോഗം കണ്ടെത്തിയത്. ആദ്യം കോളേജ് ഹോസ്റ്റലില്‍ താമസിക്കുന്ന എട്ട് വിദ്യാര്‍ഥികളാണ് ശനിയാഴ്ച ആശുപത്രിയില്‍ ചികിത്സ തേടിയത്. തിങ്കളാഴ്ച ഹോസ്റ്റലില്‍ താമസിക്കുന്ന മറ്റ് രണ്ടു പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. 

കല്‍പ്പറ്റ: വയനാട് ഗവ.എന്‍ജിനിയറിംങ് കോളേജിലെ 15 വിദ്യാര്‍ഥികള്‍ക്ക് മഞ്ഞപ്പിത്തബാധ. ഇവര്‍ മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞ വെള്ളിയാഴ്ച മുതലാണ് വിദ്യാര്‍ഥികളില്‍ ചിലര്‍ക്ക് രോഗം കണ്ടെത്തിയത്. ആദ്യം കോളേജ് ഹോസ്റ്റലില്‍ താമസിക്കുന്ന എട്ട് വിദ്യാര്‍ഥികളാണ് ശനിയാഴ്ച ആശുപത്രിയില്‍ ചികിത്സ തേടിയത്. തിങ്കളാഴ്ച ഹോസ്റ്റലില്‍ താമസിക്കുന്ന മറ്റ് രണ്ടു പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. 

ഇതിന് പുറമെ ഹോസ്റ്റല്‍ താമസക്കാരല്ലാത്ത അഞ്ച് വിദ്യാര്‍ഥികള്‍ക്കും രോഗമുള്ളതായി കണ്ടെത്തുകയായിരുന്നു. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും രോഗം ബാധിച്ചിട്ടുണ്ട്. കൂടുതല്‍ പേര്‍ക്ക് രോഗം കണ്ടെത്തിയതോടെ ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ അധികൃതര്‍ കോളേജിന് അവധി പ്രഖ്യാപിച്ചു. 15 പേര്‍ക്ക് രോഗം കണ്ടെത്തിയ പശ്ചാത്തലത്തില്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ കോളേജിലെത്തി പരിശോധന നടത്തി. 

സ്ഥാപനത്തിലെ കിണര്‍, സമീപത്തെ പുഴ എന്നിവിടങ്ങളിലെ വെള്ളം പരിശോധനക്കായി ആരോഗ്യ വകുപ്പ് ശേഖരിച്ചു. കോളേജില്‍ സ്ഥാപിച്ച പ്യൂരിഫെയറിലെ വെള്ളവും പരിശോധനക്കെടുത്തിട്ടുണ്ട്. ഇതിന് പുറമെ വിദ്യാര്‍ഥികളില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചു. പരിശോധന പൂര്‍ത്തിയായാല്‍ മാത്രമെ വിദ്യാഥികള്‍ക്കിടയില്‍ മഞ്ഞപ്പിത്തം പടര്‍ന്ന് പിടിച്ച കാരണമെന്തെന്ന് കണ്ടെത്താനാകൂ.

വിദ്യാര്‍ഥികളുള്‍പ്പെടെ എല്ലാവരും കുടിക്കാനും പാത്രങ്ങള്‍ കഴുകാനും തിളപ്പിച്ച് ആറിയ വെള്ളം മാത്രമേ ഉപയോഗിക്കാവൂവെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ നിര്‍ദ്ദേശം നല്‍കി. മഞ്ഞപ്പിത്തം അടക്കമുള്ള പകര്‍ച്ചവ്യാധികള്‍ പടരുന്ന സമയമായതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു.

click me!