
അമ്പലപ്പുഴ: ആറ്റിൽ നീന്തുന്നതിനിടെ വിദ്യാർഥി മുങ്ങി മരിച്ചു. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് ആമയിട ഐക്യത്തറ വീട്ടിൽ മുരളി ആശ ദമ്പതികളുടെ മകൻ ബാലു മുരളി (15) യാണ് മരിച്ചത്. ഇന്ന് ഉച്ചക്ക് 12.30 ഓടെയായിരുന്നു അപകടം. മറ്റ് ആറ് സുഹൃത്തുക്കൾക്കൊപ്പം പുറക്കാട് തൈച്ചിറ കന്നിട്ടക്കടവിന് വടക്ക് ടി എസ് കനാലിന് കുറുകെ ഇടയാടിച്ചിറയിലേക്ക് നീന്തുന്നതിനിടെ മുങ്ങിത്താഴുകയായിരുന്നു. ഇതു കണ്ട നാട്ടുകാർ ഉടൻ തന്നെ കരക്കെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അമ്പലപ്പുഴ ഗവ: മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർഥിയായിരുന്നു ബാലു.
അതേസമയം താനൂരിലുണ്ടായ ബോട്ട് ദുരന്തവുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വാർത്ത അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചു എന്നതാണ്. 14 അംഗ സംഘം ദുരന്തത്തെക്കുറിച്ച് അന്വേഷിക്കും. താനൂർ ഡി വൈ എസ് പിക്കാണ് അന്വേഷണ ചുമതല. മലപ്പുറം എസ് പി അന്വേഷണത്തിന് മേൽനോട്ടം വഹിക്കും. ഇന്നലെ ഏഴരയോടെ താനൂരിൽ ബോട്ട് മുങ്ങിയുണ്ടായ അപകടത്തിൽ 22 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. മരിച്ചവരിൽ 15 കുട്ടികളുൾപ്പെടുന്നു. വിനോദസഞ്ചാര ബോട്ടാണ് അപകടത്തിൽപെട്ടത്. അപകടമുണ്ടായ ബോട്ടിൽ ഫോറൻസിക് സംഘം പരിശോധന നടത്തിയിരുന്നു. സംസ്ഥാനത്ത് അനധികൃതമായും നിയമ വിരുദ്ധവുമായി സര്‍വ്വീസ് നടത്തുന്ന ശിക്കാര ബോട്ടുകള്‍ക്കെതിരെ കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. ടൂറിസ്റ്റ് - ശിക്കാര ബോട്ടുകള്‍ക്ക് അനുമതി നല്‍കുന്നത് ഇന്‍ലാന്റ് വെസല്‍ ആക്റ്റ് പ്രകാരമാണ്. സര്‍വ്വീസിന് പുറമെ നിര്‍മ്മാണം മുതല്‍ രജിസ്‌ട്രേഷന്‍ വരെയുള്ള ഓരോ ഘട്ടവും ഈ നിയമത്തില്‍ കൃത്യമായി പ്രതിപാദിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.