റോഡരികില്‍ നിര്‍ത്തിയിട്ട ലോറിയില്‍ നിന്ന് മദ്യ മോഷണം; 160 കുപ്പികള്‍ നഷ്ടപ്പെട്ടതായി ഡ്രൈവര്‍

By Web TeamFirst Published Apr 18, 2020, 3:46 PM IST
Highlights

അഞ്ചേക്കാല്‍ കേസ് മദ്യമാണ് മോഷണം പോയിരിക്കുന്നത്. ഓരോന്നും അര ലിറ്ററിന്റെ കുപ്പികളാണ്. മൂന്ന് മുക്കിലെ ബീവറജസിലേക്ക് മദ്യവുമായി...
 

തിരുവനന്തപുരം: ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ യാത്ര മുടങ്ങി 24 ദിവസമായി നിര്‍ത്തിയിട്ടിരിക്കുന്ന മദ്യലോറിയില്‍ നിന്ന് കുപ്പികള്‍ മോഷണം പോയി. ആറ്റിങ്ങല്‍ പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ മാമത്ത് ദേശീയ പാതയിലാണ് 26 ലോറികള്‍ കഴിഞ്ഞ 24 ദിവസമായി കുടുങ്ങിക്കിടക്കുന്നത്. ടാര്‍പോളിന്‍ ഷീറ്റുപയോഗിച്ച് മൂടിയിട്ടിരുന്ന ലോറികളില്‍ ഒന്നില്‍ നിന്നാണ് മോഷണം നടന്നത്. വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് മോഷണം നടന്നതായി ലോറി ഡ്രൈവര്‍ അറിഞ്ഞത്. ഉടന്‍ തന്നെ പൊലീസ് സ്റ്റേഷനിലെത്തി വിവരം അറിയിച്ചു. 

അഞ്ചേക്കാല്‍ കേസ് മദ്യമാണ് മോഷണം പോയിരിക്കുന്നത്. ഓരോന്നും അര ലിറ്ററിന്റെ കുപ്പികളാണ്. മൂന്ന് മുക്കിലെ ബീവറജസിലേക്ക് മദ്യവുമായി അയല്‍സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയതാണ് ഈ ലോറികള്‍. ലോക്ക്ഡൗണ്‍ വരെ ഇത് ബീവറേജസിന് സമീപത്താണ് കിടന്നിരുന്നത്. പിന്നീട് ഇത് ദേശീയപാതയോരത്തേക്ക് മാറ്റുകയായിരുന്നു. 

കൊവിഡ് 19 പ്രതിരോധ നടപടികളുടെ ഭാഗമായി നഗരസഭയുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു ഇത്. ലോക്ക്ഡൗണ്‍ ആരംഭിച്ചപ്പോള്‍ തന്നെ ലോറിയുടെ സുരക്ഷ ഉറപ്പ് വരുത്തണമെന്നും ഡ്രൈവര്‍ എപ്പോഴും ലോറിക്ക് സമീപത്തുണ്ടാകണമെന്നും പൊലീസ് നിര്‍ദ്ദേശം നല്‍കിയിരുന്നു. സംഭവം നടക്കുന്ന സമയം ഡ്രൈവര്‍ സമീപത്തുണ്ടായിരുന്നില്ലെന്നാണ് കരുതുന്നത്. 

മോഷണം നടന്ന ലോറിയുടെ സമീപത്തെ ലോറിയില്‍ ഡ്രൈവര്‍മാര്‍ ഉറങ്ങുന്നുണ്ടായിരുന്നു. പക്ഷേ ഇവര്‍ മോഷണം നടന്നത് അറിഞ്ഞിരുന്നില്ല. അതേസമയം വ്യാഴാഴ്ച രാത്രിയോടെ മൂന്ന് പേര്‍ ബൈക്കില്‍ പലതവണ ലോറികള്‍ കിടക്കുന്ന സ്ഥലത്ത് കറങ്ങുന്നത് കണ്ടിരുന്നുവെന്ന് ഡ്രൈവര്‍മാരില്‍ ചിലര്‍ പറഞ്ഞു. ലോറി ഡ്രൈവര്‍ നല്‍കിയ പരാതിയില്‍ ആറ്റിങ്ങല്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുമെന്നും പൊലീസ് വ്യക്തമാക്കി. 

click me!