വയനാട്ടില്‍ 16,333 പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി ; പുതിയ ക്യാമ്പുകള്‍ തുറന്നു

By Web TeamFirst Published Aug 14, 2018, 8:07 PM IST
Highlights

തോരാത്ത പേമാരിയില്‍ വയനാട് കൂടുതല്‍ ഒറ്റപ്പെടുകയാണ്. വെള്ളപൊക്കം കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിച്ചതോടെ ദുരിതാശ്വാസ ക്യമ്പുകളിലെത്തുന്നവരുടെ എണ്ണവും വര്‍ധിക്കുകയാണ്. 16,333 പേരാണ്  ജില്ലാഭരണകൂടം പുറത്തുവിട്ട പുതിയ കണക്ക് പ്രകാരം ഇപ്പോള്‍ ക്യാമ്പുകളിലുള്ളത്. ക്യാമ്പുകളുടെ എണ്ണവും വര്‍ധിപ്പിച്ചിട്ടുണ്ട്. 

കല്‍പ്പറ്റ: തോരാത്ത പേമാരിയില്‍ വയനാട് കൂടുതല്‍ ഒറ്റപ്പെടുകയാണ്. വെള്ളപൊക്കം കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിച്ചതോടെ ദുരിതാശ്വാസ ക്യമ്പുകളിലെത്തുന്നവരുടെ എണ്ണവും വര്‍ധിക്കുകയാണ്. 16,333 പേരാണ്  ജില്ലാഭരണകൂടം പുറത്തുവിട്ട പുതിയ കണക്ക് പ്രകാരം ഇപ്പോള്‍ ക്യാമ്പുകളിലുള്ളത്. ക്യാമ്പുകളുടെ എണ്ണവും വര്‍ധിപ്പിച്ചിട്ടുണ്ട്. 

മാനന്തവാടി, സുല്‍ത്താന്‍ബത്തേരി, വൈത്തിരി താലൂക്കുകളിലായി 132 ക്യാമ്പുകളാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. 4,348 കുടുംബങ്ങളെയാണ് മാറ്റി പാര്‍പ്പിച്ചിട്ടുള്ളത്. വൈത്തിരി താലൂക്കില്‍ 63, സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍ 11, മാനന്തവാടി താലൂക്കില്‍ 58 എന്നിങ്ങനെയാണ് ക്യാമ്പുകളുടെ എണ്ണം. മണ്ണിടിച്ചില്‍ ഭീഷണി രൂക്ഷമായ വൈത്തിരി താലൂക്കിലാണ് കൂടുതല്‍ ക്യാമ്പുകളുള്ളത്. മിക്ക ക്യാമ്പുകളും മഴ വീണ്ടും ശക്തമായതിനെ തുടര്‍ന്ന് രണ്ടാമതും തുറക്കുകയായിരുന്നു. 

ചൊവ്വാഴ്ച വൈകിട്ടുവരെ 24 മണിക്കൂറിലെ ശരാശരി മഴ 116.14 മില്ലിമീറ്ററാണ്. ശക്തിയൊട്ടും കുറയാതെ ഇപ്പോഴും മഴ തുടരുന്നുമുണ്ട്. വൈത്തിരി താലൂക്കില്‍ 164, മാനന്തവാടി താലൂക്കില്‍ 96, സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍ 87.8 മില്ലിമീറ്റര്‍ എന്നിങ്ങനെയാണ് മഴയുടെ അളവ്. വൈത്തിരി താലൂക്കിലാണ് റെക്കോര്‍ഡ് മഴ ലഭിച്ചത്.  

മണ്‍സൂണ്‍ ആരംഭിച്ചതിന് ശേഷം ഇതുവരെ ജില്ലയില്‍ 2906.19 മില്ലിമീറ്റര്‍ മഴയാണ് പെയ്തത്. സുല്‍ത്താന്‍ബത്തേരി-മുത്തങ്ങ റോഡില്‍ കല്ലൂര്‍ കല്ലുമുക്ക് കാക്കത്തോട് കോളനിയിലെ കുടുംബങ്ങളെയാണ് അവസാനം മാറ്റിപാര്‍പ്പിച്ചത്. ഇവരെ സമീപത്തെ സ്കൂളിലേക്കാണ് മാറ്റിയിരിക്കുന്നത്. സ്ഥിരം പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കാതെ മാറി താമസിക്കില്ലെന്നായിരുന്നു കുടുംബങ്ങള്‍ പറഞ്ഞിരുന്നത്.
 

click me!