
മൂന്നാർ: 1924 ശേഷം മൂന്നാറിലുണ്ടായ ഏറ്റവും വലിയ വെള്ളപൊക്കമാണ് ചൊവ്വാഴ്‌ച മൂന്നാറിലുണ്ടായത്. കാലവർഷം ശക്തം പ്രാപിച്ചതോടെ മാട്ടുപ്പെട്ടി അണക്കെട്ടിലേക്കും മുതിരപ്പുഴയാറിൽ സംഗമിക്കുന്ന കന്നിമല, നല്ലതണ്ണിയാറുകളിലേക്കും നീരൊഴുക്ക് ശക്തമായി. മാട്ടുപ്പെട്ടി ജലാശയത്തിന്‍റെ സംഭരണശേഷി 1599.50 ത്തിൽ എത്തിയതോടെ രാവിലെ 8.30 തോടെ ആദ്യ ഷട്ടറും ഉച്ചയ്ക്ക് 1.15 ലോടെ രണ്ടാമത്തെ ഷട്ടറുകളും തുറന്നു. എന്നാൽ അവിടെ നിന്നുള്ള നിരൊഴുക്ക് ശക്തി പ്രാപിക്കുന്നതിന് മുമ്പുതന്നെ മുതിരപ്പുഴ കരകവിയുകയായിരുന്നു.
കന്നിമല, നല്ല തണ്ണിയാറുകളിൽ നിന്നും ഒഴുകിയെത്തിയ വെള്ളം 50 അടി ഉയരുകയും ടൗണിലെ നിരവധി കടകളും വീടുകളും വെള്ളത്തിലാവുകയും ചെയ്തു. പഴയ മൂന്നാറിലെ സ്ഥിതിയും മറ്റൊന്നായിരുന്നില്ല. കൊച്ചി-ധനുഷ് കോടി ദേശീയപാതകളിൽ വെള്ളം കയറി ഗതാഗതം നിലച്ചു. തോട്ടം തൊഴിലാളികളുടെ ലയൺസുകളിൽ വെള്ളം കയറി. ബ്രിട്ടീഷുകാർ നിർമ്മിച്ച പഴയ മൂന്നാറിലെ ആടുപാലം മുതിരപ്പുഴയാറ്റിലെ ശക്തമായ ഒഴുക്കിൽ ഒലിച്ചുപോയി.
കെ.എസ്.ആർ.ടി.സി സ്റ്റാസ്റ്റിൽ വെള്ളം കയറിയതോടെ പഴയ മൂന്നാർ ഒറ്റപ്പെട്ടു. മുതിരപ്പുഴയിൽ നീരൊഴുക്ക് ക്രമാതീതമായി ഉയരുന്നത് കാണുവാൻ നിരവധി ആളുകളാണ് എത്തിയത്. എന്നാൽ വെള്ളത്തിന്‍റെ ശക്തി കൂടിയതോടെ പലരും വീട്ടിലേക്ക് മടങ്ങി. ടൗണിലെ ചർച്ചിൽ പാലം, നല്ല തണ്ണി പാലം, അമ്പലത്തിലേക്ക് പോകുന്ന നടപ്പാലങ്ങളിൽ തൊട്ടടുത്തുവരെ വെള്ളമെത്തിയതോടെ തഹസിൽദാറിന്‍റെ നിർദ്ദേശ പ്രകാരം പോലീസ് കടകളടപ്പിച്ചു.
ഇതിനു മുമ്പ് 1924-ലാണ് മൂന്നാറിൽ ഇത്തരത്തിൽ വെള്ളപ്പൊക്കമുണ്ടായത്. അന്ന് ടൗണിൽ വെള്ളം കയറുകയും മൂന്നാർ കെ. ഡി.എച്ച്.പി ഓഫീസിന് സമീപത്തെ പാലം ഒലിച്ചുപോകുകയും ചെയ്തു. അന്നത്തെ വെള്ളപ്പൊക്കത്തിൽ നിന്നും രക്ഷപ്പെടാൻ പലരും മൂന്നാർ ടൗണിലെ വലിയ പള്ളിയും മലകളെയുമാണ് ആശ്രയിച്ചത്. എന്നാൽ അന്ന് മുതിരപ്പുഴയാറിന് ഒഴുകിപ്പോകുന്നതിന് സ്ഥലമുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ മറിച്ചാണ് സ്ഥിതിഗതികൾ. പഴയ മൂന്നാർ ഹെഡ് വർക്സ് ജലാശയം തുറന്നു വിട്ടിട്ടും ടൗണിൽ വെള്ളം കയറുന്നത് പ്രശ്നങ്ങളുടെ തീവ്രത വർദ്ധിപ്പിക്കുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam