വോയിസ് മെസേജിന്‍റെ പേരില്‍ പതിനേഴുകാരന് ക്രൂര മര്‍ദ്ദനം, മൊബൈല്‍ അടിച്ചു തകര്‍ത്തു; ദൃശ്യങ്ങള്‍ പുറത്ത്

By Web TeamFirst Published Sep 26, 2021, 3:28 PM IST
Highlights

താൻ അല്ല ചീത്ത വിളിച്ച് ശബ്ദ സന്ദേശം അയച്ചത് എന്ന് കുട്ടി പറയുകയും ഇതിനെ ചൊല്ലി ഇരു വിഭാഗവും തമ്മിലുണ്ടായ തര്‍ക്കം അസഭ്യം വിളിയിലും തുടർന്ന് മർദ്ദനത്തിലേക്കും എത്തുകയായിരുന്നു.

തിരുവനന്തപുരം: മൊബൈലിൽ(mobile) അസഭ്യം വിളിച്ചുള്ള വോയ്‌സ് മെസ്സേജ്(Voice message) അയച്ചു എന്നാരോപിച്ച് തിരുമലയിൽ 17കാരനെ മർദ്ദിച്ചതായി പരാതി. സംഭവത്തിന്റെ ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസ് ഓണലൈനിന് ലഭിച്ചു. തിരുമല(thirumala) തൈവിള പെരുകാവ് രോഹിണിയിൽ ബിനുകുമാറിന്റെ മകൻ അബിൻ(17)ന് ആണ് മർദനമേറ്റത്. 

എയർഫോർസിൽ ജോലി ചെയ്യുന്ന രാജേഷ്, രതീഷ് എന്നീ സഹോദരങ്ങളാണ് കുട്ടിയെ മർദിച്ചത് എന്നാണ് പിതാവ് ബിനുകുമാർ പൊലീസിന് നൽകിയിരിക്കുന്ന പരാതിയിൽ പറയുന്നത്. ഇന്നലെ രാവിലെയാണ് സംഭവം. പ്രതികളുടെ ഫോണിലേക്ക് അസഭ്യം വിളിച്ച് വന്ന ശബ്ദ സന്ദേശം അബിൻ ആണ് അയച്ചത് എന്നാരോപിച്ചാണ് മർദനം. ബന്ധു വീട്ടിൽ ആയിരുന്ന അബിനെ പ്രതികൾ കൂട്ടികൊണ്ട് പോയി മർദിക്കുകയായിരുന്നു. 

താൻ അല്ല വോയിസ് സന്ദേശം അയച്ചത് എന്ന് കുട്ടി പറയുകയും ഇതിനെ ചൊല്ലി ഇരു വിഭാഗവും തമ്മിലുണ്ടായ തര്‍ക്കം അസഭ്യം വിളിയിലും തുടർന്ന് മർദ്ദനത്തിലേക്കും എത്തുകയായിരുന്നു. കുട്ടിയെ മർദിക്കുന്നതും നിലത്ത് ഇട്ട് ചവിട്ടുന്നതും ദൃശ്യങ്ങളിൽ കാണാം. തുടർന്ന് പരിസരത്ത് നിന്നവർ ചേർന്നാണ് ഇവരെ പിടിച്ചു മാറ്റിയത്.

മർദനത്തിൽ പരിക്ക് പറ്റി ശ്വാസ തടസ്സം നേരിട്ട കുട്ടിയെ മണിയറവിള താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മർദനത്തിന്റെ ദൃശ്യങ്ങൾ നാട്ടുകാരാണ് മൊബൈലിൽ പകർത്തിയത്. സംഭവത്തിൽ കുട്ടിയുടെ പിതാവ് മലയിൻകീഴ് പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ കേസ് എടുത്തതായും നടപടി സ്വീകരിക്കുമെന്നും മലയിൻകീഴ് പൊലീസ് പറഞ്ഞു.
 

click me!