
തിരുവനന്തപുരം: കാഞ്ഞിരംകുളം തടത്തിക്കുളത്ത് യുവാക്കൾ സഞ്ചരിച്ച ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 17 -കാരൻ മരിച്ചു. കാഞ്ഞിരംകുളം മേലെവിളാകം ലക്ഷംവീട് കോളനിയിൽ ബിജു- സുനി ദമ്പതികളുടെ മകൻ പൊന്നു എന്ന് വിളിക്കുന്ന ബിജിത്ത് (17) ആണ് മരിച്ചത്. കാഞ്ഞിരംകുളം ജംഗ്ഷനിലെ പൂക്കടയിലെ തൊഴിലാളിയാണ്.
അപകടത്തിൽ പരിക്കേറ്റ മറ്റൊരു ബൈക്ക് യാത്രികനായ കാഞ്ഞിരംകുളം പൊട്ടക്കുളം സുകുമാരന്റെ മകൻ സതീശൻ (28) ആശുപത്രിയിൽ ചികിത്സയിലാണ്. ഞായറാഴ്ച്ച അർധരാത്രി കാഞ്ഞിരംകുളം തടത്തിക്കുളത്ത് വച്ചാണ് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചത്. ബിജിത്ത് കടയിൽ നിന്നും ജോലി കഴിഞ്ഞ് നെല്ലിമൂട്ടിലേയ്ക്ക് പോകുന്നതിനിടെ നെല്ലിമൂട്ടിൽ നിന്നും കാഞ്ഞിരംകുളത്തേയ്ക്ക് വരികയായിരുന്ന സതീശന്റെ ബൈക്കുമായി കൂട്ടിയിടിച്ചായിരുന്നു അപകടമെന്ന് പൊലീസ് പറഞ്ഞു.
ഗുരുതരമായി പരിക്കേറ്റ ബിജിത്തിനെ ഉടൻ തന്നെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകിയ മൃതദേഹം വൈകിട്ട് മൂന്ന് മണിയോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു. കാഞ്ഞിരംകുളം പൊലീസ് കേസെടുത്തു. ബിജിൽ ഏക സഹോദരനാണ്.
Read more: അയൽവാസിയെ വീട്ടിൽ വിളിച്ചുവരുത്തി വെട്ടുകത്തികൊണ്ട് വെട്ടി; പ്രതിക്ക് കഠിനതടവും പിഴയും
അതേസമയം, പത്തനംതിട്ട സീതത്തോട് കക്കാട് പവർഹൗസിന് സമീപം ഉണ്ടായ അപകടത്തിൽ അഞ്ചര വയസുകാരന് ദാരുണാന്ത്യം. അമ്മയ്ക്കും സഹോദരനും ഒപ്പം സ്കൂട്ടറിൽ യാത്ര ചെയ്ത വിദ്യാർത്ഥിയാണ് മരിച്ചത്. കൊച്ചുകോയിക്കൽ സ്വദേശി സതീഷിന്റെ മകൻ കൗശിക് എസ്. ആണ് മരിച്ചത്. രാവിലെ സ്കൂളിൽ കൊണ്ടുവിടാൻ പോകും വഴിയായിരുന്നു അപകടം. സ്കൂട്ടർ പെട്ടെന്ന് ബ്രേക്കിട്ടപ്പോൾ മുന്നിൽ നിൽക്കുകയായിരുന്നു കൗശികിന്റെ നെഞ്ചിൽ ഹാൻഡിൽ അമർന്നതാകാം മരണകാരണമെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും കുട്ടി മരിച്ചു. ശ്രീ വിദ്യാധിരാജ സ്കൂളിലെ യു.കെ.ജി വിദ്യാർത്ഥിയാണ്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം