കടലില്‍ കുളിക്കാനിറങ്ങവേ കൂട്ടുകാരന്‍ ചുഴിയില്‍പ്പെട്ടു; രക്ഷപ്പെടുത്താന്‍ ശ്രമിച്ച 17കാരനെ കാണാതായി

By Web TeamFirst Published Sep 30, 2021, 8:39 AM IST
Highlights

പൊഴിക്കരയിലെ മണൽപ്പരപ്പിൽ ഫുട്ബാൾ  കളിക്കാനെത്തി ഏഴംഗ സംഘത്തിലെ ചിലർ കളി കഴിഞ്ഞ് നെയ്യാർ കടലിൽ സംഗമിക്കുന്ന പൊഴിക്കരയിൽ കുളിക്കാനിറങ്ങവെയാണ് അപകടത്തില്‍പ്പെട്ടത്,

തിരുവനന്തപുരം: പൂവാർ പൊഴിക്കരയിൽ(poovar) കുളിക്കാനിറങ്ങവേ ചുഴിയിൽപ്പെട്ട(Drowning) കൂട്ടുകാരനെ രക്ഷിക്കാൻ ശ്രമിച്ച പതിനേഴുകാരനെ കടലിൽ കാണാതായി(Missing). പൂവാർ ഇ.എം.എസ് കോളനി തെക്കേ തെരുവിൽ സെയ്ദലവിയുടെ മകൻ മൊയ്നുദീൻ (17) നെയാണ് കാണാതായത്. സുഹൃത്തുക്കളും അയൽവാസികളുമായ അഫ്സൽ (17), ഷാഹിദ് (17) എന്നിവർക്കൊപ്പം പൊഴിക്കര കടലിൽ കുളിക്കവേ അഫ്സൽ ചുഴിയിൽ അകപ്പെട്ട് മുങ്ങി. ഇത് കണ്ട് മൊയ്നുദീനും ഷാഹിദും രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ ഇവരും ചുഴിയിൽപ്പെടുകയായിരുന്നു.  

ഇന്നലെ വൈകുന്നേരം ആറരയോടെയാണ് സംഭവം. പൊഴിക്കരയിലെ മണൽപ്പരപ്പിൽ ഫുട്ബാൾ  കളിക്കാനെത്തി ഏഴംഗ സംഘത്തിലെ ചിലർ കളി കഴിഞ്ഞ് നെയ്യാർ കടലിൽ സംഗമിക്കുന്ന പൊഴിക്കരയിൽ കുളിക്കാനിറങ്ങവെയാണ് അപകടത്തില്‍പ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. പൊഴി മുറിഞ്ഞ് കിടന്നതിനാൽ കടലിലേക്കുള്ള ഒഴുക്കിന്‍റെ ശക്തിയറിയാതെ നീന്തിത്തളർന്ന് മുങ്ങിത്താഴ്ന്ന അഫ്സലിനെ രക്ഷിക്കാൻ ശ്രമിച്ച ഷാഹിദും മൊയ്നുദീനും ഒഴുക്കിൽപ്പെട്ടു. 

ഇതു കണ്ട് തീരത്ത് കളിച്ചു കൊണ്ടിരുന്ന പൊഴിയൂർ പരുത്തിയൂർ സ്വദേശികളും മത്സ്യതൊഴിലാളികളുമായ വിപിനും ഡാനുവും കടലിലേക്ക്  ചാടി മുങ്ങിത്താഴ്ന്നുകൊണ്ടിരുന്ന മൂന്ന് പേരിൽ രണ്ട് പേരെ രക്ഷപ്പെടുത്തിയെങ്കിലും അവശനായ മൊയ്നുദീൻ  ഒഴുക്കില്‍പ്പെട്ട് മുങ്ങിത്താഴുകയായിരുന്നു. പാറശാല ചെറുവാരക്കോണം സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ് മൊയ്നുദ്ദീന്‍. വിവരമറിഞ്ഞ് വിഴിഞ്ഞത്ത് നിന്ന് മറൈൻ എൻഫോഴ്സുമെൻറും പൂവാർ തീരദേശ പൊലീസും ഫയർഫോഴ്സും തെരച്ചിൽ നടത്തിയെങ്കിലും മൊയ്നുദീനെ കണ്ടെത്താനായില്ല.

click me!