സ്വര്‍ണ്ണക്കടയുടെ ഭിത്തി തുരന്ന് മോഷണം; ഒരു പ്രതി കൂടി പൊലീസ് പിടിയില്‍

By Web TeamFirst Published Sep 30, 2021, 6:55 AM IST
Highlights

കായംകുളം താലൂക്ക് ആശുപത്രിക്ക് സമീപമുള്ള സാധുപുരം ജ്വലറിയുടെ ഭിത്തി തുരന്ന് ഏഴര ലക്ഷം രൂപയുടെ ആഭരണങ്ങളും നാല്പത്തിനായിരം രൂപയും കവർന്ന കേസിലാണ് അറസ്റ്റ്

കായംകുളം: ആലപ്പുഴയില്‍ നഗര മധ്യത്തിലെ സ്വര്‍ണ്ണക്കടയില്‍ നിന്നും മോഷണം നടത്തിയ കേസില്‍ ഒരാളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് വിഴിപ്പുറം വളവന്നൂർ സ്വദേശി വേലൻ ആണ് പിടിയിലായത്. കായംകുളം താലൂക്ക് ആശുപത്രിക്ക് സമീപമുള്ള സാധുപുരം ജ്വലറിയുടെ ഭിത്തി തുരന്ന് ഏഴര ലക്ഷം രൂപയുടെ ആഭരണങ്ങളും നാല്പത്തിനായിരം രൂപയും കവർന്ന കേസിലാണ് അറസ്റ്റ്. ഈ മാസം പത്തിനാണ് മോഷണം നടന്നത്. 

ഒരു വര്‍ക്ക് ഷോപ്പില്‍ നിന്നും ഗ്യാസ് കട്ടര്‍ മോഷ്ടിച്ച ശേഷം ജ്വല്ലറിയുടെ ഭിത്തി തുരന്ന് അകത്തുകയറി അലമാര തകര്‍ത്താണ്  പ്രതികള്‍ സ്വര്‍ണ്ണം കവര്‍ന്നത്. മോഷണത്തിന് പിന്നാലെ കായംകുളം പൊലീസ് നടത്തിയ അന്വേഷണത്തിൽ തമിഴ്നാട് കടലൂർ സ്വദേശി കണ്ണൻ, കായംകുളം കൊറ്റുകുളങ്ങര സ്വദേശി ആടുകിളി എന്ന് വിളിക്കുന്ന നൗഷാദ് എന്നിവരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഇവരിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വേലനെ പിടികൂടിയത്. ഇയാൾ ഒട്ടനവധി മോഷണക്കേസുകളിൽ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു.

പിടിയിലായ വേലനെ ജ്വലറിയിലും ഗ്യാസ് കട്ടർ മോഷ്ടിച്ച വർക്ഷോപ്പിലും എത്തിച്ചു തെളിവെടുപ്പ് നടത്തി. ജ്വല്ലറിയിലേയും പ്രദേശത്തേയും സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പൊലീസിനെ പ്രതികളെ വേഗത്തില്‍ പിടികൂടുന്നതിന് സഹായിച്ചത്. കായംകുളം ഡി വൈ എസ് പി അലക്സ് ബേബിയുടെ നേതൃത്വത്തിൽ കായംകുളം സി ഐ മുഹമ്മദ്‌ ഷാഫി കരീലകുളങ്ങര സി ഐ സുധിലാൽ എന്നിവരാണ് കേസ് അന്വഷിച്ചത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്യ്തു.

click me!