
കളമശ്ശേരി: ബാറിലെ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തെ തുടർന്ന് യുവാവിനെ മാരകമായി കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ 18-കാരനായ പ്രതിയെ പോലീസ് പിടികൂടി. ഏലൂർ കുറ്റിക്കാട്ടുകര കരിപ്പായി പറമ്പ് വീട്ടിൽ ജിനു ജോസഫ് (18) ആണ് കളമശ്ശേരി പോലീസിന്റെ പിടിയിലായത്. ഇക്കഴിഞ്ഞ തിങ്കളാഴ്ച രാത്രി പത്ത് മണിയോടെ ഇടപ്പള്ളി സീഗേറ്റ് ബാറിലായിരുന്നു കേസിനാസ്പദമായ സംഭവം.
മദ്യപിക്കുന്നതിനിടെ ഉണ്ടായ വാക്കേറ്റം ബാറിന്റെ പാർക്കിംഗ് ഏരിയയിൽ വെച്ച് സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. തുടർന്ന് പ്രതി എറണാകുളം സ്വദേശിയായ കിഷോർ എന്ന യുവാവിനെ മാരകമായി കുത്തിപ്പരിക്കേൽപ്പിച്ച ശേഷം ഇവിടെ നിന്ന് ഓടി രക്ഷപ്പെട്ടു. മുതുകിൽ ആഴത്തിൽ കുത്തേറ്റ കിഷോറിനെ ഉടൻതന്നെ അടുത്തുള്ള കിൻഡർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാൾ നിലവിൽ തീവ്രപരിചരണത്തിൽ ചികിത്സയിലാണ്.
ഒളിവില്‍ പോയ പ്രതിയെ കളമശ്ശേരി പ്രീമിയർ ജംഗ്ഷനിൽ വെച്ച് പോലീസ് സംഘം അതിസാഹസികമായി പിന്തുടർന്ന് പിടികൂടുകയായിരുന്നു. പ്രതി കഴിഞ്ഞ വർഷം ബിനാനിപുരം പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത പോക്സോ കേസിലും പ്രതിയാണെന്ന് പോലീസ് അറിയിച്ചു. കളമശ്ശേരി സർക്കിൾ ഇൻസ്‌പെക്ടർ അഭിലാഷ് എ.എൽ.-ന്റെ നേതൃത്വത്തിൽ എസ്.ഐ.മാരായ സി.ആർ. ബിജു, രാം ലാൽ, സി.പി.ഒ.മാരായ മാഹിൻ അബൂബക്കർ, വിനു കെ.പി. എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ വലയിലാക്കിയത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam