വർഗീസ് നെൽസനെ പിടികൂടുന്നതിനായി എഴുകോൺ പൊലീസും കൊല്ലം റൂറൽ ഡാന്‍സാഫ് ടീമും നിരീക്ഷണം നടത്തിവരവേ ഇന്നലെ പുലർച്ചെ എഴുകോൺ വച്ച് ഇയാളെ സംശയാസ്പദമായി കണ്ടെത്തി. തുടർന്ന് തടഞ്ഞു നിർത്തി പരിശോധിച്ചപ്പോൾ 14.890 ഗ്രാം എം.ഡി.എം.എ യും 9.380 ഗ്രാം കഞ്ചാവുമായി അറസ്റ്റു ചെയ്യുകയുമായിരുന്നു.
കൊല്ലം: എം.ഡി.എം.എ കേസിൽ ഒളിവിലായിരുന്ന പ്രതി എംഡിഎംഎയും കഞ്ചാവുമായി പൊലീസിന്റെ പിടിയിൽ. ജില്ലയിലെ പ്രധാന മയക്കുമരുന്ന് കടത്തുകാരനും, പൂയപ്പള്ളി പൊലീസ് സ്റ്റേഷൻ പരിധിയിൽ 403.94 ഗ്രാം എം.ഡി.എം.എ പിടിച്ച കേസിൽ ഒളിവിലായിരുന്ന രണ്ടാം പ്രതിയും, നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയുമായ ഇളമ്പള്ളൂർ പെരുമ്പുഴ പെരിങ്ങേലി ജയന്തി കോളനിയിൽ മനു ഭവനിൽ ജാങ്കോ എന്നറിയപ്പെടുന്ന വർഗീസ് നെൽസൺ ( 26 ) ആണ് അറസ്റ്റിൽ ആയത്. ഒക്ടോബർ 1 ന് പൂയപ്പള്ളി പൊലീസ് സ്റ്റേഷൻ പരിധിയിൽ 403.940 ഗ്രാം എം.ഡി.എം.എ യുമായി കുണ്ടറ സ്വദേശി ദുഷ്യന്തൻ എന്നയാൾ അറസ്റ്റിലായിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് വർഗീസിലേക്കുള്ള തുമ്പ് കിട്ടിയത്.
കേസിലെ കൂട്ട് പ്രതികളെ അറസ്റ്റ് ചെയ്യുന്നതിനായി കൊല്ലം റൂറൽ ജില്ലാ പൊലീസ് മേധാവി ഷാജി സുഗുണൻ ഐ.പി.എസ്, കൊട്ടാരക്കര ഡിവൈഎസ്പി എസ്. ഷെരീഫിന്റെ നേതൃത്വത്തിൽ പൂയപ്പള്ളി പൊലീസും കൊല്ലം റൂറൽ ഡാൻസഫ് ടീമും അടങ്ങിയ പ്രത്യേക സംഘത്തിനെ അന്വേഷണത്തിന് നിയോഗിച്ചിരുന്നു. തുടർന്നു ഈ കേസിലെ ഒന്നാം പ്രതിക്ക് ബാംഗ്ലൂർ വെച്ച് എം.ഡി.എം.എ എത്തിച്ചു കൊടുത്ത രാഹുൽ സുഭാഷ് എന്ന ഇടനിലക്കാരനെ ബാംഗ്ലൂരിൽ നിന്ന് പൂയപ്പള്ളി പൊലീസും കൊല്ലം റൂറൽ ഡാൻസാഫ് സംഘവും ചേർന്ന് അറസ്റ്റ് ചെയ്തു. ഒളിവിലായിരുന്ന രണ്ടാം പ്രതി ജാങ്കോ എന്നറിയപ്പെടുന്ന വർഗീസ് നെൽസനെ പിടികൂടുന്നതിനായി കൊല്ലം റൂറൽ ഡാന്‍സാഫ് ടീം പ്രത്യേകം നിരീക്ഷണം നടത്തിവരവേ ഇയാൾ കഴിഞ്ഞ കുറച്ചു നാളുകളായി എഴുകോൺ പൊലീസ് സ്റ്റേഷൻ പരിധിയിൽ വന്നു പോകുന്നതായും ഈ പ്രദേശത്ത് മയക്കുമരുന്ന് വിപണനം നടത്തുന്നതായും വിവരം ലഭിച്ചു.
വർഗീസ് നെൽസനെ പിടികൂടുന്നതിനായി എഴുകോൺ പൊലീസും കൊല്ലം റൂറൽ ഡാന്‍സാഫ് ടീമും നിരീക്ഷണം നടത്തിവരവേ ഇന്നലെ പുലർച്ചെ എഴുകോൺ വച്ച് ഇയാളെ സംശയാസ്പദമായി കണ്ടെത്തി. തുടർന്ന് തടഞ്ഞു നിർത്തി പരിശോധിച്ചപ്പോൾ 14.890 ഗ്രാം എം.ഡി.എം.എ യും 9.380 ഗ്രാം കഞ്ചാവുമായി അറസ്റ്റു ചെയ്യുകയുമായിരുന്നു. എഴുകോൺ െപാലീസ് സ്റ്റേഷൻ എസ്ഐ അഭിജിത് , സിവിൽ പൊലീസ് ഓഫീസർമാരായ വിനോദ് , വിശാഖ് എന്നിവർ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. കുണ്ടറ കേന്ദ്രീകരിച്ചു വൻതോതിൽ മയക്കുമരുന്നുകൾ വിപണനം നടത്തി വന്ന വർഗീസ് നെൽസൺ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്, ഇയാൾ 2023 ൽ കാപ്പ നിയമപ്രകാരം തടവ് ശിക്ഷ അനുഭവിച്ചിട്ടുള്ള ആളാണ്.












