തമ്പാനൂര്‍ റെയില്‍വെ സ്റ്റേഷനില്‍ പാര്‍ക്ക് ചെയ്ത 19 കാറുകള്‍ അടിച്ചുതകര്‍ത്തു; സുരക്ഷാ വീഴ്ചയെന്ന് ഉടമകള്‍

By Web TeamFirst Published Oct 10, 2021, 9:59 AM IST
Highlights

കാറുകളുടെ ചില്ലുകള്‍ അടിച്ച് തകർക്കുകയും വാഹനത്തിനുള്ളിലുണ്ടായിരുന്ന സാധനങ്ങള്‍ പുറത്തേക്കെറിയുകയും ചെയ്തു. മോഷ്ടാക്കളോ സാമൂഹിക വിരുദ്ധരോ ആണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ്.

തിരുവനന്തപുരം: തിരുവനന്തപുരം റെയിൽവേ സ്റ്റേഷന്‍ (trivandrum railway station) പാർക്കിംഗ് ഗ്രൗണ്ടിലുണ്ടായിരുന്ന 19 വാഹനങ്ങള്‍ അടിച്ചുതകർത്തു. അക്രമികള്‍ കാറുകളുടെ ചില്ലുകള്‍ അടിച്ച് തകർക്കുകയും വാഹനത്തിനുള്ളിലുണ്ടായിരുന്ന സാധനങ്ങള്‍ പുറത്തേക്കെറിയുകയും ചെയ്തു. മോഷ്ടാക്കളോ സാമൂഹിക വിരുദ്ധരോ ആണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു.

സുരക്ഷിത സ്ഥലമെന്ന കരുതി റെയില്‍വേ സ്റ്റേഷനില്‍ യാത്രക്കാർ വാഹനങ്ങള്‍ പാർക്ക് ചെയ്യുന്ന സ്ഥലത്താണ് ഗുരുതര സുരക്ഷാ വീഴ്ച ഉണ്ടായിരിക്കുന്നത്. ഇന്ന് പുലർച്ചെ യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ  ഉടമകള്‍ കാറെടുക്കാനെത്തിയപ്പോഴാണ് ചില്ലുകള്‍ തർത്തത് ശ്രദ്ധിക്കുന്നത്. ഒരു വാഹനത്തിന്‍റെ സീറ്റിൽ രക്തക്കറയുണ്ട്. ഒരു വാഹനത്തിനുള്ളിൽ നിന്നും മ്യൂസിക് സ്റ്റിസ്റ്റം പുറത്തേക്ക് എടുത്തിട്ടിരുന്ന നിലയിലാണ്.

പക്ഷെ ഇത്രയും കാറുകള്‍ നശിപ്പിച്ചിട്ടും കരാർ ഏറ്റെടുത്ത കമ്പനിയിലെ ജീവനക്കാർ വിവരം അറിഞ്ഞില്ല. പാർക്കിങ്ങിന് പണം വാങ്ങുന്ന സ്ഥലത്തിന്‍റെ തൊട്ടടുത്ത് നിർത്തിയിട്ടിരുന്ന വാഹനം അടിച്ചുതകർത്തിട്ടും ജീവനക്കാർ അറിഞ്ഞില്ല.  പാർക്കിംഗ് ഗൗണ്ടിന്‍റെ  ഒരു ഭാഗത്ത് ചുറ്റുമതിലുമില്ല. ഇതുവഴി ആർക്ക് വേണെങ്കിലും ഇവിടേക്ക് പ്രവേശിക്കാം. സിസിടിവി ക്യാമറകളെല്ലാം പ്രവർത്തിക്കുന്നുമില്ലെന്ന് ഉടമകള്‍ പറയുന്നു.

ആർപിഎഫ് സ്ഥാപിച്ചിട്ടുള്ള ഒരു ക്യാമറയിൽ അക്രമിയുടെ ദൃശ്യങ്ങള്‍ കിട്ടിയിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. സംഭവത്തെ കുറിച്ച് റെയിൽവേ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

click me!