'ഹർ ഘർ തിരംഗ': കുടുംബശ്രീ യൂണിറ്റുകളിലൂടെ കോഴിക്കോട് നിർമ്മിക്കുന്നത് രണ്ടരലക്ഷത്തോളം ത്രിവർണ പതാകകൾ

Published : Aug 02, 2022, 06:53 PM IST
'ഹർ ഘർ തിരംഗ': കുടുംബശ്രീ യൂണിറ്റുകളിലൂടെ കോഴിക്കോട് നിർമ്മിക്കുന്നത് രണ്ടരലക്ഷത്തോളം ത്രിവർണ പതാകകൾ

Synopsis

ജില്ലയിൽ  30 ഓളം യൂണിറ്റുകളാണ് കുടുംബശ്രീ ജില്ലാമിഷന്റെ മേൽനോട്ടത്തിൽ പതാക നിർമാണത്തിൽ ഏർപ്പെട്ടിരിക്കുന്നത്.

കോഴിക്കോട് : ദേശീയ പതാകയ്ക്ക് കൂടുതൽ ആദരവ് നൽകുന്നതിനായി പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ‘ഹർ ഘർ തിരംഗ' യുടെ ഭാഗമായി കോഴിക്കോട് ജില്ലയിൽ നിർമ്മിക്കുന്നത് രണ്ടരലക്ഷത്തോളം ത്രിവർണ പതാകകൾ. ജില്ലയിലെ പൊതുജനങ്ങൾക്ക് ആവശ്യമായ പതാകകൾ നിർമിച്ചു നൽകാൻ കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു.

ജില്ലയിൽ  30 ഓളം യൂണിറ്റുകളാണ് കുടുംബശ്രീ ജില്ലാമിഷന്റെ മേൽനോട്ടത്തിൽ പതാക നിർമാണത്തിൽ ഏർപ്പെട്ടിരിക്കുന്നത്. 250 ഓളം കുടുംബശ്രീ പ്രവർത്തകരാണ് പതാകയുടെ നിർമ്മാണം നടത്തുക. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് ആവശ്യമായ പതാകകളും നിർമ്മിക്കുന്നുണ്ട്. നാല് വ്യത്യസ്ത അളവുകളിലാണ് പതാകകൾ നിർമ്മിക്കുന്നത്. കോട്ടൺ തുണിയിലും പോളിസ്റ്റർ തുണിയിലും പതാകകൾ നിർമ്മിക്കുന്നുണ്ട്. 

ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷമായ ‘ആസാദി കാ അമൃത്’ മഹോത്സവത്തിന്റെ ഭാഗമായി രാജ്യത്തെ ഓരോ വീട്ടിലും ദേശീയ പതാക ഉയർത്തുന്നതിന്റെ ഭാഗമായാണ് പതാകകളുടെ  നിർമ്മാണം. ‘ഹർ ഘർ തിരംഗ' യുടെ ഭാഗമായി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ  വിപുലമായ ആഘോഷങ്ങളാണ് സംഘടിപ്പിച്ചിരിക്കുന്നത്. ജില്ലയിലെ മുഴുവൻ വീടുകളിലും സ്ഥാപനങ്ങളിലും സർക്കാർ അർധസർക്കാർ ഓഫീസുകളിലും സ്‌കൂൾ, കോളജ് തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പതാക ഉയർത്തും.

സ്വാതന്ത്രത്തിന്‍റെ 75ാം വാര്‍ഷികം പ്രമാണിച്ചുള്ള അമൃത് മഹോത്സവത്തിന്‍റെ ഭാഗമായി, ഹര്‍ ഘര്‍ തിരംഗ ക്യാംപയിന്‍ എല്ലാവരും ചേര്‍ന്ന് വിജയിപ്പിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസം ആഹ്വാനം ചെയ്തു. ഓഗസ്റ്റ് 13 മുതൽ 15 വരെ എല്ലാവരും വീടുകളിൽ ദേശീയപതാക ഉയർത്തണം. സമൂഹമാധ്യമ അക്കൗണ്ടുകളുടെ മുഖചിത്രം ദേശീയ പതാകയാക്കണമെന്നും മോദി പറഞ്ഞു. മന്‍ കീ ബാത്തിലൂടെയാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് ഇക്കാര്യം ആവശ്യപ്പെട്ടത്. 

സ്കൂൾ വിദ്യാർത്ഥികൾ മുഖേനയാണ് പ്രധാനമായും പതാകകൾ വിതരണം ചെയ്യുക. സ്കൂൾ കുട്ടികൾ ഇല്ലാത്ത വീടുകളിൽ പതാക ഉയർത്താനാവശ്യമായ ക്രമീകരണങ്ങൾ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ചെയ്യണം. അത്തരം വീടുകളുടെ എണ്ണമെടുത്ത് തദ്ദേശസ്ഥാപനങ്ങൾ  കുടുംബശ്രീയെ ഏൽപ്പിക്കണം. ആഗസ്റ്റ് 12 നുള്ളിൽ പതാകകൾ സ്കൂളിലും സ്ഥാപനങ്ങളിലും എത്തിക്കണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു. ഖാദി, കൈത്തറി മേഖലകളെയും പതാക ഉൽപാദനത്തിൽ  ഉപയോഗപ്പെടുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ജില്ലാ കലക്ടർമാർക്ക് നിർദ്ദേശം നൽകിയിരുന്നു. 

PREV
click me!

Recommended Stories

കൂടെ നിന്ന് ചതിച്ചു, പക്ഷേ ആ 'മറവി' തുണച്ചു, ഡ്രൈവറും സുഹൃത്തും മറിച്ചുവിറ്റ കാർ പിടിച്ചു, തുണച്ചത് ജിപിഎസ് ഓഫാക്കാൻ മറന്നത്
ഭർതൃമതിയായ സ്ത്രീയെ ജോലി വാഗ്ദാനം ചെയ്ത് വീട്ടിലേക്ക് വിളിച്ചുവരുത്തി ലൈംഗികാതിക്രമം, തൃശൂരിൽ 59കാരൻ അറസ്റ്റിൽ