
തൃശൂർ: തൃശൂരിൽ ലഹരി മാഫിയ സംഘം ഡി വൈ എഫ് ഐ പ്രവർത്തകന്‍റെ നെഞ്ചിൽ കുത്തി പരിക്കേൽപ്പിച്ചു. ഇരിങ്ങാലകുടയ്ക്ക് അടുത്ത് കാട്ടൂരിൽ ഡി വൈ എഫ് ഐ പ്രവർത്തകനായ അൻവറിനെയാണ് ലഹരി മാഫിയ സംഘം കുത്തി പരിക്കേൽപ്പിച്ചത്. ലഹരി മാഫിയക്ക് എതിരെ പ്രവർത്തിച്ചതിനെ തുടർന്നുള്ള തർക്കത്തെ തുടർന്ന് ഇന്നലെ രാത്രിയിലാണ് ആക്രമണം നടന്നത്. സംഭവത്തിൽ കേസെടുത്ത പൊലീസ് പ്രതികളായ രണ്ട് പേരെ അറസ്റ്റ് ചെയ്തു. കാട്ടൂർ വലക്കഴസ്വദേശി കൊരട്ടിപറമ്പിൽ മുഹമ്മദ് സഹൽ (28), കാട്ടൂർ സ്വദേശി വെങ്കിട്ടായി വീട്ടിൽ അനൂപ് (31) എന്നിവരെയാണ് കാട്ടൂർ സ്റ്റേഷൻ ഹൗസ് ഓഫിസർ കെ എം മഹേഷ് കുമാറിന്‍റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. കാട്ടൂർ സ്വദേശി കൊരട്ടി പറമ്പിൽ ഡി വൈ എഫ് ഐ പ്രവർത്തകനായ അൻവറി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
അതേസമയം കോഴിക്കോട് നിന്ന് പുറത്തുവരുന്ന മറ്റൊരു വാർത്ത മേപ്പാടി പോളിടെക്നിക്ക് കേസിലെ പ്രതി അഭിനവിന് നേരെ ഉണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച് പേരാമ്പ്രയിൽ കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിനിടെ ഡി വൈ എഫ് ഐ - കോൺഗ്രസ് സംഘർഷം നടന്നു എന്നതാണ്. കോൺഗ്രസ് പ്രകടനത്തിനിടെ ഡി വൈ എഫ് ഐയും നഗരത്തിൽ പ്രകടനം നടത്തിയതോടെയാണ് സംഘർഷാവസ്ഥ ഉണ്ടായത്. പൊലീസ് ഇടപ്പെട്ട് രംഗം ശാന്തമാക്കി. വയനാട് മേപ്പാടി പോളിടെക്നിക്കിലെ എസ്എഫ്ഐ വനിത നേതാവിനെ ആക്രമിച്ച കേസിലെ പ്രതിക്ക് കോഴിക്കോട്ട് വച്ചാണ് ക്രൂര മര്‍ദ്ദനമേറ്റത്. മേപ്പാടി പോളിടെക്‌നിക് കോളേജ് വിദ്യാർത്ഥിയായ കോഴിക്കോട് പേരാമ്പ്ര സ്വദേശി അഭിനവിനാണ് വീടിന് സമീപത്ത് വെച്ച് മർദ്ദനമേറ്റത്. പേരാമ്പ്രയിലെ വീടിന് സമീപത്ത് ഇന്നലെ രാത്രിയോടെയായിരുന്നു ആക്രമണം.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam