
ആലപ്പുഴ: നൂറനാട് ബിവറേജ് ഔട്ട്ലെറ്റ് മോഷണം രണ്ട് പ്രതികൾ പിടിയിൽ. നൂറനാട് പടനിലത്ത് പ്രവർത്തിക്കുന്ന ബിവറേജ് ഔട്ട് ലെറ്റിൽ നിന്നും കഴിഞ്ഞ 23 ന് മദ്യക്കുപ്പികൾ മോഷ്ടിച്ച യുവാക്കളാണ് പിടിയിലായത്. ബിവറേജ് ഔട്ട്ലെറ്റ് പ്രീമിയം കൗണ്ടറിലെത്തി മദ്യം വാങ്ങാൻ വന്ന യുവാക്കൾ ഒരു കുപ്പി ബിയർ വാങ്ങി ഗൂഗിൾ പേ വഴി പണം അടച്ചത് ശേഷം തിരികെ പോകുമ്പോൾ ജീവനക്കാർ കാണാതെ മദ്യക്കുപ്പി പ്രതികൾ കൈക്കലാക്കി കടന്നു കളയുകയായിരുന്നു.
തൊട്ടടുത്ത ദിവസം ഔട്ട്ലെറ്റിന്റെ സ്റ്റോക്ക് പരിശോധിച്ചപ്പോൾ വിലകൂടിയ ഒരു മദ്യക്കുപ്പിയുടെ കുറവ് കണ്ടെത്തി. സ്റ്റോക്ക് ഇൻചാർജ് ഔട്ട്ലെറ്റിന്റെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോളാണ് മദ്യക്കുപ്പി മോഷണം പോയതായി ശ്രദ്ധയിൽ പെട്ടത്. തുടർന്ന് സ്റ്റോക്ക് ഇൻചാർജ് ഹാഷിക് നൂറനാട് പോലീസ് സ്റ്റേഷനിൽ പരാതി നൽകി. സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ശ്രീജിത്ത് സി വി കേസ് രജിസ്റ്റർ അന്വേഷണം നടത്തുകയും ചെയ്തു. ചെങ്ങന്നൂർ ഡിവൈഎസ്പി എം കെ ബിനു കുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം ആണ് പ്രതികളെ പിടികൂടിയത്. സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് നൂതന സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിച്ച് സംശയമുള്ള യുവാക്കളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ നൂറനാട് പാറ്റൂർ കിച്ചുവെന്ന് വിളിക്കുന്ന ഭരത്, കൃഷ്ണഭവനത്തിൽ കണ്ണൻ എന്ന് വിളിക്കുന്ന കൃഷ്ണപ്രിയേഷ് എന്നിവർ അറസ്റ്റിലായത്.