
തൃശൂര്‍: ശ്രീലങ്കയിൽ നിന്നും ചെങ്ങാലൂരിലെത്തി, ഇന്ത്യയുടെ മരുമകളായ സുജീവ ഇത്തവണ കന്നിവോട്ട് ചെയ്യാനുള്ള ഒരുക്കത്തിലാണ്. ശ്രീലങ്കയില്‍ ജനിച്ചു വളര്‍ന്ന സുജീവ 21 വര്‍ഷം മുന്‍പാണ് ഇന്ത്യയിലെത്തുന്നത്. പുതുക്കാട് പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ അരോടി വീട്ടില്‍ ബൈജുവിന്റെ ഭാര്യയായ ക്രാണ്ട്‌ഗൊഡ് കങ്കാണാംഗെ ലലാനി സുജീവ എന്ന സുജീവ മസ്‌കറ്റില്‍ വെച്ചാണ് ബൈജുവുമായി പരിചയപ്പെട്ടതും പ്രണയത്തിലായതും. 2001ല്‍ ശ്രീലങ്കയില്‍ വച്ചാണ് ഇവര്‍ വിവാഹിതരായത്. 2004 ല്‍ ബൈജുവിനൊപ്പം സുജീവ ചെങ്ങാലൂരിലെത്തി. അന്നുമുതല്‍ വിസ പുതുക്കിയാണ് ഇവിടെ താമസിച്ചിരുന്നത്. അഞ്ച് വര്‍ഷം സ്ഥിരമായി രാജ്യത്ത് താമസിച്ചാല്‍ പൗരത്വം ലഭിക്കുമെന്നായിരുന്നു ധാരണയെങ്കിലും പക്ഷേ ലഭിച്ചില്ല. ഇന്ത്യയില്‍ എത്തിയതിനു ശേഷം ഇതുവരെയും ജന്മരാജ്യമായ ശ്രീലങ്കയിലേയ്ക്ക് പോയിട്ടുമില്ല. ഭര്‍ത്താവ് ബൈജു ഇപ്പോഴും വിദേശത്താണ് ജോലി ചെയ്യുന്നത്. മകന്‍ 10ാം ക്ലാസ് വിദ്യാര്‍ഥിയായ അമൃതകൃഷ്ണയാേടൊത്താണ് സുജീവ ചെങ്ങാലൂരില്‍ താമസിക്കുന്നത്. ഈ തദ്ദേശ തെരഞ്ഞെടുപ്പില്‍ പുതുക്കാട് പഞ്ചായത്തില്‍ വോട്ടു ചെയ്യാനുള്ള സന്തോഷത്തിലാണ് സുജീവ.
2020 ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയ രശ്മി ശ്രീഷോബ് വോട്ട് ചോദിച്ചെത്തിയപ്പോഴാണ് സുജീവയ്ക്ക് പൗരത്വവും വോട്ടവകാശവും ഇല്ലാത്ത വിവരം അറിയുന്നത്. സുഹൃത്തായ രശ്മി പിന്നീട് പഞ്ചായത്തംഗമായി, തുടര്‍ന്ന് സുജീവയുടെ പൗരത്വത്തിനു വേണ്ടി ഇടപെട്ടു. നാലു വര്‍ഷത്തെ പരിശ്രമത്തിനൊടുവില്‍ കഴിഞ്ഞ വര്‍ഷം തൃശ്ശൂര്‍ കലക്ടറില്‍നിന്നും സുജീവ പൗരത്വരേഖ കൈപറ്റി. പിന്നാലെ തെരഞ്ഞെടുപ്പ് കമ്മിഷന്റെ തിരിച്ചറിയല്‍ കാര്‍ഡും ലഭിച്ചു. തുടര്‍ന്ന് തദേശസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ വോട്ടേഴ്‌സ് ലിസ്റ്റില്‍ പേര് ചേര്‍ത്തു. ഇന്ത്യയില്‍ ആദ്യമായി വോട്ടവകാശം വിനിയോഗിക്കാന്‍ പോകുന്നതിന്റെ ആവേശത്തിലാണ് സുജീവ.