
തൃശൂർ: പാലിയേക്കര ടോള്‍ ബൂത്തില്‍ പ്രതിഷേധവുമായി വ്യവസായി. ഗതാഗതക്കുരുക്ക് കാരണം ഭാര്യാ പിതാവിന്റെ സംസ്കാരച്ചടങ്ങിൽ പങ്കെടുക്കാനായില്ല. പാലിയേക്കര ടോൾ ബൂത്തിൽ പ്രതിഷേധിച്ച് വ്യവസായി. ഇടപ്പള്ളി - മണ്ണൂത്തി ദേശീയ പാത 544 ൽ ഇന്നലെ യായിരുന്നു സംഭവം. എൻടിസി ഗ്രൂപ്പ് എംഡി വർഗീസ് ജോസാണ് പ്രതിഷേധിച്ചത്. കൊടകര പെരാമ്പ്രയിൽ ഇന്നലെ ഉച്ചയ്ക്ക് 2.30 നായിരുന്നു സംസ്കാരം. സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ നേരത്തെ ഇറങ്ങിയെങ്കിലും ഗതാഗതക്കുരുക്ക് കാരണം വൈകുകയായിരുന്നു. 2 മണിക്ക് പാലിയേക്കര ടോൾ കടന്നെങ്കിലും ആമ്പല്ലൂരിൽ കുടുങ്ങി.
സംസ്കാര ചടങ്ങിൽ പങ്കെടുക്കാനാവാതെ തിരികെ വരും വഴിയായിരുന്നു വർഗീസ് ജോസ് ടോളിൽ പ്രതിഷേധിച്ചത്. ഗതാഗതക്കുരുക്ക് തുടരുന്നതിനാൽ ടോൾ ഒഴിവാക്കണമെന്ന ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കാനിരിക്കുമ്പോഴാണ് പ്രതിഷേധ വാർത്ത പുറത്ത് വരുന്നത്. അരമണിക്കൂറിൽ എത്തേണ്ട സ്ഥലത്തേക്ക് എത്താനായി രണ്ട് മണിക്കൂറോളമാണ് വേണ്ടിവന്നത്. ഗതാഗത കുരുക്ക് നിമിത്തം രണ്ട് മണിക്കൂറോളമാണ് വഴിയിൽ നഷ്ടമായതെന്നും വർഗീസ് ജോസ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. പത്ത് പതിനഞ്ച് കിലോമീറ്റർ പോകാനാണ് ഇത്രയധികം സമയമെന്ന് ടോൾ അധികാരികളുമായി തർക്കിക്കുന്ന വർഗീസ് ജോസിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വാർത്തകൾ കാണാം