
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഓട്ടോറിക്ഷയിൽ കടത്തിക്കൊണ്ട് 20.1 കിലോഗ്രാം കഞ്ചാവ് എക്സൈസ് പിടികൂടി. തിരുവനന്തപുരം പുഞ്ചക്കരി സ്വദേശികളായ മഹേഷ്, ശംഭു, അനീഷ് എന്നിവരാണ് കഞ്ചാവുമായി പിടിയിലായത്. പിടിയിലായ ശംഭു, അനീഷ് എന്നിവർ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണ്. സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്‌ക്വാഡ് തലവനായ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജി കൃഷ്ണകുമാറിന്‍റെ നേതൃത്വത്തിൽ സ്റ്റേറ്റ് സ്‌ക്വാഡിലെ ഉദ്യോഗസ്ഥരും തിരുവനന്തപുരം സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ എ പി ഷാജഹാനും സംഘത്തില്‍ ചേർന്നാണ് കേസ് കണ്ടെത്തിയത്.
എക്സൈസ് ഇൻസ്പെക്ടർമാരായ ടി ആർ മുകേഷ് കുമാർ, ആർ ജി രാജേഷ്, കെ വി വിനോദ്, എക്‌സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്) ഡി എസ് മനോജ് കുമാർ, പ്രിവന്റീവ് ഓഫീസർമാരായ പ്രകാശ്, ബിജുരാജ്, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) വിശാഖ്, എൻ പി കൃഷ്ണകുമാർ, ഷൈൻ, സിവിൽ എക്സൈസ് ഓഫീസർമാരായ സുബിൻ, രജിത്ത്, ശരത്ത്, ദീപു, എം എം അരുൺകുമാർ, ബസന്ത്കുമാർ, രജിത്ത് ആർ നായർ, കെ മുഹമ്മദ് അലി, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർമാരായ വിനോജ് ഖാൻ സേട്ട്, അരുൺ എന്നിവരും കേസെടുത്ത സംഘത്തിൽ ഉണ്ടായിരുന്നു.
ഇതിനിടെ തിരുവനന്തപുരത്ത് തന്നെ ഇതര സംസ്ഥാന തൊഴിലാളികൾ വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ നട്ടുവളർത്തിയ കഞ്ചാവ് ചെടികൾ കണ്ടെത്തി. തിരുവനന്തപുരം പോത്തൻകോടാണ് സംഭവം. ടെറസിൽ ചാക്കുകളിൽ നട്ടു വളർത്തിയ രണ്ടു കഞ്ചാവു ചെടികളാണ് ഇവിടെ നിന്ന് കണ്ടെത്തിയത്. അപ്രതീക്ഷിതമായി ഇവിടെ എത്തിയ പഞ്ചായത്ത് ജീവനക്കാരാണ് കഞ്ചാവ് ചെടി ശ്രദ്ധയിൽപ്പെട്ട് പൊലീസിനെ അറിയിച്ചത്.
പോത്തൻകോട് ഇടത്താട്ട് പതിപ്പള്ളിക്കോണം സോഫിയാ ഹൗസ് എന്ന വീട്ടിൽ ഇപ്പോൾ ഇതര സംസ്ഥാന തൊഴിലാളികളാണ് വാടകയ്ക്ക് താമസിക്കുന്നത്. ഈ വീട്ടിൽ കക്കൂസ് മാലിന്യം നിറഞ്ഞൊഴുകിയതിനെ തുടർന്ന് സമീപവാസി പഞ്ചായത്തിൽ പരാതി നൽകിയിരുന്നു. ഇത് പരിശോധിക്കാനാണ് പഞ്ചായത്തിൽ നിന്നുള്ള രണ്ട് ജീവനക്കാർ വീട്ടിലെത്തിയത്. അപ്പോഴാണ് ടെറസിൽ രണ്ടു ചാക്കുകളിലായി കഞ്ചാവ് ചെടികൾ ഇവർ കണ്ടെത്തുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam