
തിരുവനന്തപുരം: വിഴിഞ്ഞം ഉച്ചക്കടയിൽ ജ്വല്ലറി ഉടമയെ ബൈക്ക് കൊണ്ടിടിച്ചിട്ട് 20 പവൻറെ സ്വർണ്ണാഭരണങ്ങളും നാല് ലക്ഷത്തോളം രൂപയും കവർന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ വീണ് വയോധികനായ ജുവലറി ഉടമയുടെ ഇടത് കൈയക്ക് പരിക്കേറ്റു. ഉച്ചക്കട-ചപ്പാത്ത് റോഡിൽ വട്ടവിള ജങ്ഷനിൽ സുക്യതാ ഫൈനാൻസ് ഉടമ കോട്ടുകാൽ ഉദിനിന്നവിള പുത്തൻ വീട്ടിൽ പദ്മകുമാറാണ് (60) കവർച്ചക്കിരയായത്. കൈയിലുണ്ടായിരുന്ന ആഭരണവും പണവുമടങ്ങിയ ബാഗാണ് ബൈക്കിലെത്തിയ കവർച്ചാസംഘം തട്ടിയെടുത്തത്.
ബുധനാഴ്ച രാത്രി എട്ടരയോടെയായിരുന്നു സംഭവം. ബാങ്ക് പൂട്ടി പോകുന്നതിന് തൊട്ട് മുമ്പ് കൈലിയും ബനിയനും ധരിച്ചിരുന്ന യുവാക്കൾ രണ്ടുബൈക്കുകളിലായി കടന്നുപോയിരുന്നതായും ഇവർക്ക് തൊട്ടുമുമ്പിലായി റോഡരികത്ത് ചുവന്ന നിറത്തിലുളള കാറുമുണ്ടായിരുന്നതായും പൊലീസിനോട് പദ്മകുമാർ പറഞ്ഞു. ജ്വല്ലറി പൂട്ടി വീട്ടിലേക്കുള്ള വഴിയിലേക്ക് തിരിയുന്നതിന് തൊട്ടുമുമ്പ് ബൈക്കുകളിലൊന്ന് പദ്മകുമാറിന്റെ നേർക്ക് ഓടിച്ചെത്തി ഇടിച്ചിട്ടു.
തറയിൽ വീണ പദ്മകുമാറിന്റെ പക്കലുണ്ടായിരുന്ന ആഭരണവും പണവുമടങ്ങിയ ബാഗ് ബൈക്കിലെത്തിയവർ തട്ടിയെടുത്ത് കടന്നുകളഞ്ഞു. ഈ സമയത്ത് റോഡിൽ പാർക്ക് ചെയ്തിരുന്ന കാറും മറ്റൊരു ബൈക്കും വേഗത്തിൽ സ്ഥലം വിട്ടതായും ഇവർ വിഴിഞ്ഞം പൊലീസിന് മൊഴി നൽകി. പരിസരത്തെ റോഡുകളിലെയും വീടുകളിലെയും സി സി ടി വി ക്യാറമകൾ പരിശോധിച്ചു വരുന്നതായും കേസെടുത്ത് അന്വേഷണമാരംഭിച്ചതായും വിഴിഞ്ഞം പൊലീസ് പറഞ്ഞു.
Read more: മുന്നാറിലെത്തുന്ന വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ട് കഞ്ചാവ് വില്‍പ്പന; രണ്ട് യുവാക്കള്‍ പിടിയില്‍
പിക്കപ്പ് വാനില്‍ ഒളിച്ചു കടത്തിയ 13 കിലോ കഞ്ചാവ് പിടികൂടി; 'മൊട്ട സുനി'യും കൂട്ടാളിയും അറസ്റ്റില്‍
കോഴിക്കോട്: കോഴിക്കോട് പൊലീസ് നടത്തിയ മയക്കുമരുന്ന് വേട്ടയില്‍ രണ്ട് കേസുകളിലായി പതിനഞ്ച് കിലോ കഞ്ചാവ് പിടികൂടി. പിക്കപ്പ് വാനിനുള്ളില്‍ അതിവിദഗ്ധമായി ഒളിപ്പിച്ച് കടത്തുകയായിരുന്ന 13.500 കിലോഗ്രാമോളം കഞ്ചാവുമായി രണ്ട് പേരെ കസബ ഇൻസ്പെക്ടർ പ്രജീഷിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും 1.500 കിലോഗ്രാമിലധികം കഞ്ചാവുമായി ഒരാളെ ടൗൺ പോലീസും ജില്ലാ ആന്‍റി നാർക്കോട്ടിക്ക് സെപഷ്യൽ ആക്ഷൻ ഫോഴ്സിസുമാണ് (ഡൻസാഫ്) പിടികൂടിയത്.
നരിക്കുനി സ്വദേശി വാടയക്കണ്ടിയിൽ മൊട്ട സുനി എന്ന സുനീഷ് (45), പുന്നശ്ശേരി സ്വദേശി അനോട്ട് പറമ്പത്ത് ദീപേഷ് കുമാർ (35), എന്നിവരെയാണ് കസബ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ അഭിഷേകും സംഘവും പിക്കപ്പ് വാനില്‍ ഒളിപ്പിച്ച് കടത്തുകയായിരുന്ന കഞ്ചാവുമായി പിടികൂടിയത്. മലപ്പുറം മുതുവല്ലൂർ പാറകുളങ്ങര വീട്ടിൽ റിൻഷാദ് (28) നെയാണ് ടൗൺ പൊലീസ് സബ്ബ് ഇൻസ്പെക്ടർ സുഭാഷ് ചന്ദ്രനും സംഘവും പിടികൂടിയത്. ജില്ലാ പോലീസ് മേധാവി ഡി ഐ ജി എ.അക്ബർ ഐ പി എസിന്‍റെ നിർദ്ദേശപ്രകാരം നടന്ന പരിശോധനയിലാണ് പ്രതികൾ പിടിയിലാവുന്നത്.
പിടിച്ചെടുത്ത കഞ്ചാവിന് കിലോഗ്രാമിന് ചില്ലറ വിപണിയിൽ മുപ്പതിനായിരത്തോളം രൂപ വില വരും. ടൗൺ സ്റ്റേഷനിൽ പിടിയിലായ റിൻഷാദിന് നിരവധി കഞ്ചാവു കേസുകളും മോഷണ കേസുകളും നിലവിലുണ്ട്. അടുത്തിടെ ജയിൽ മോചിതനായ ആളാണ് റിന്‍ഷാദ്. കസബ പോലീസ് സ്റ്റേഷനിൽ പിടിയിലായ സുനീഷ് ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് കഞ്ചാവുകടത്തുന്ന സംഘത്തിലെ മുഖ്യ കണ്ണിയാണെന്ന് പൊലീസ് അറിയിച്ചു. നരിക്കുനി, പുന്നശ്ശേരി,കാക്കൂർ ഭാഗങ്ങളിൽ ചില്ലറ വില്പന നടന്നുന്നത് ഇവരുടെ സംഘമാണ്.
പിടിയിലായ പ്രതികള്‍ക്ക് കഞ്ചാവ് എത്തിച്ച് നൽകുന്നവരെ കുറിച്ചും ഇവരുടെ സംഘത്തിൽപ്പെട്ട സ്ത്രീകളെ കുറിച്ചും ഇവരോട് കഞ്ചാവ് വാങ്ങി ചില്ലറ വില്പന നടത്തുന്നവരെ കുറിച്ചുള്ള വ്യക്തമായ സൂചന പൊലീസിന് ലഭിച്ചിട്ടുണ്ടെന്നും അത്തരം ആളുകളെ നിരീക്ഷിച്ച് നടപടി സ്വീകരിക്കുന്നതുമാണെന്ന് ടൗൺ അസിസ്റ്റൻറ് കമ്മീഷണർ പി.ബിജുരാജ് പറഞ്ഞു. ബാംഗ്ലൂരിൽ നിന്നും കുറഞ്ഞ വിലക്ക് കഞ്ചാവ് കൂടുതലായി കൊണ്ടുവന്ന് അമിത ആദായത്തിൽ ചെറുകിട സംഘങ്ങൾക്ക് വില്പന നടത്തുന്നതാണ് ഇവരുടെ രീതിയെന്ന് പൊലീസ് പറഞ്ഞു.