സ്വന്തം അയൽവാസി, പഠനത്തിന് വരെ സഹായിച്ചു, ഇരുട്ടിൽ പതുങ്ങി വന്ന് വയോധികയെ ആക്രമിച്ച് സ്വർണ്ണമാല കവർന്ന പ്രതി അറസ്‌റ്റിൽ

Published : Oct 12, 2025, 07:36 PM IST
Thrissur Theft

Synopsis

തൃശൂരിൽ വയോധികയായ അധ്യാപികയെ ആക്രമിച്ച് സ്വർണ്ണമാല കവർന്ന കേസിൽ അയൽവാസിയായ 20-കാരൻ അറസ്റ്റിൽ. ഓൺലൈൻ ട്രേഡിംഗിലെ കടം വീട്ടാനായിരുന്നു മോഷണമെന്ന് പ്രതി. അയൽവാസിയും റിട്ട. അധ്യാപികയായ ജയശ്രീയുടെ മാലയാണ് മോഷ്ടിച്ചത്. 

തൃശൂർ: വയോധികയെ ആക്രമിച്ച് സ്വർണ്ണമാല കവർന്ന പ്രതി അറസ്‌റ്റിൽ. പുത്തൻചിറ സ്വദേശി ചോമാട്ടിൽ വീട്ടിൽ ആദിത്ത് (20 ) നെയാണ് മാള പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ട‍ർ സജിൻ ശശിയും സംഘവും അറസ്റ്റ് ചെയ്തത്. മാള കൊല്ലംപറമ്പിൽ വീട്ടിൽ ജയശ്രീ (77) യുടെ വീട്ടിൽ കയറി ആക്രമിച്ച് സ്വർണ്ണമാല കവർച്ച ചെയ്ത സംഭവത്തിലാണ് അറസ്റ്റ്. സെപ്റ്റംബർ 25 രാത്രി 07.15ന് പ്രതി ആദിത്ത് അയൽവാസിയായ റിട്ട. അധ്യാപികയായ ജയശ്രീയുടെ വീട്ടിലെ അടുക്കളയിലൂടെ അതിക്രമിച്ച് കയറി ടീച്ചറുടെ വായും മൂക്കും പൊത്തിപിടിച്ച് കഴുത്തിൽ ഉണ്ടായിരുന്ന 6 പവൻ തൂക്കം വരുന്ന സ്വർണ്ണമാല വലിച്ചു പൊട്ടിച്ചു കൊണ്ടു പോവുകയായിരുന്നു.

സംഭവത്തിനു ശേഷം മാള പൊലീസ് ഇൻസ്പെക്ട‍ർ സജിൻ ശശിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയും ശാസ്ത്രീയമായ അന്വേഷണങ്ങൾക്ക് ശേഷം പ്രതിയെ പുത്തൻചിറയിലെ വീട്ടിൽ നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയുടെ കുടുംബവും ടീച്ചറുടെ കുടുംബമായി നല്ല അടുപ്പത്തിലായിരുന്നു. പ്രതിക്ക് പഠന കാര്യങ്ങൾക്കുമായി വേണ്ട സഹായം ടീച്ചർ നൽകാറുണ്ടായിരുന്നു. ടീച്ചറുടെ മക്കൾ ജോലി സംബന്ധമായി ദൂരെ താമസിച്ചു വരികയാണ്. ഭർത്താവിന് പ്രായാധിക്യം മൂലമുള്ള ആരോഗ്യപ്രശ്നങ്ങളുള്ള ആളായതിനാലുമാണ് ടീച്ചറെ ആക്രമിക്കാൻ പ്രതി തീരുമാനിച്ചതെന്നും പൊലീസ് പറയുന്നു.

ഇരുട്ടിൽ പതുങ്ങി വന്ന് പുറകിലൂടെ ടീച്ചറുടെ കഴുത്തിൽ പിടിച്ച് ഞെരിക്കുകയായിരുന്നു പ്രതി. കഴുത്തിൽ മാല മുറുകി ശ്വാസം മുട്ടിയപ്പോൾ ജീവൻ രക്ഷക്കായി ടീച്ചർ മാലയിൽ പിടിച്ച് വലിച്ചതിനാൽ താലിയും മാലയുടെ ചെറിയ ഭാഗവും ടീച്ചറുടെ കയ്യിൽക്കിട്ടി. പൊട്ടിയ 5 പവനോളം തൂക്കം വരുന്ന മാലയുമായാണ് ആദിത്ത് അന്ന് കടന്നു കളഞ്ഞത്. 27-ാം തിയ്യതി പ്രതി മലപ്പുറം തിരൂരങ്ങാടിയിലെ ജ്വല്ലറിയിൽ മാല നാലര ലക്ഷം രൂപക്ക് വിൽപന നടത്തുകയും സ്വർണ്ണമാല ഉരുക്കി സ്വർണ്ണക്കട്ട ആക്കി മാറ്റിയത് പൊലീസ് കണ്ടെത്തുകയും ചെയ്തതും കേസിൽ വഴിത്തിരിവായി. ഇവ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഓൺലൈൻ ട്രേഡിംഗിൽ ഉണ്ടായ കടം വീട്ടാനാണ് മോഷണം നടത്തിയതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു.

പരാതിയെ തുടർന്ന് പൊലീസ് അന്വേഷണമാരംഭിച്ചതറിഞ്ഞ പ്രതി നാട്ടിൽ മറ്റൊരു കള്ളൻ ഉണ്ടെന്ന് വരുത്തി തീർക്കാൻ തുടർ ദിവസങ്ങളിൽ രാത്രി സമയത്ത് ആരോ ഒരാൾ പ്രതിയുടെ വീട്ടിൽ പാചക വാതകം തുറന്നിട്ട് വീടിനു തീപിടിപ്പിക്കാൻ ശ്രമിച്ചു എന്നും മറ്റൊരു ദിവസം ആദിത്തിനെ അജ്ഞാതനായ ഒരാൾ കുത്തി കൊലപെടുത്താൻ ശ്രമിച്ചു എന്നും മറ്റും കള്ളക്കഥ പ്രചരിപ്പിച്ച് പൊലീസിനെ ചുറ്റിക്കാനും ശ്രമം നടത്തിയിരുന്നു. മാള പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ട‍ർ സജിൻ ശശി, സബ് ഇൻസ്പെക്ടർമാരായ കെ ടി. ബെന്നി, എം.എസ്.വിനോദ് കുമാർ, കെ. ആർ.സുധാകരൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ പി.ഡി. ദിബീഷ് , വി.ജി.സനേഷ്, ടി.എസ്.ശ്യാംകുമാർ, സി.ജെ. ജമേഴ്സൺ, സിവിൽ പോലീസ് ഓഫീസർമാരായ ഐ.യു.ഹരികൃഷ്ണൻ, ഇ.ബി.സിജോയ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. 

PREV
Read more Articles on
click me!

Recommended Stories

വളർന്ന് വലുതായത് ആരും ശ്രദ്ധിച്ചില്ല! പട്ടാമ്പി മഹിളാ സമാജത്തിന്റെ കെട്ടിടത്തിന് മുന്നിൽ നിന്ന് കണ്ടെത്തിയത് 29 സെന്റീമീറ്റർ വളർന്ന കഞ്ചാവ് ചെടി
തിരുവനന്തപുരത്ത് 85 വയസുകാരിയെ പീഡിപ്പിച്ച് അവശനിലയിൽ വഴിയിൽ ഉപേക്ഷിച്ച 20കാരൻ അറസ്റ്റിൽ