
ആറൻമുള: കലോത്സവത്തിനെത്തിയ പെൺകുട്ടികളെ പിന്തുടർന്ന് ശല്യപ്പെടുത്താൻ ശ്രമിച്ചതിന് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ച പ്രതി പൊലീസുകാരന്റെ തലയ്ക്ക് അടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു. ആറൻമുള നാരങ്ങാനം വലിയകുളം സ്വദേശിയായ നെടിയമഞ്ഞപ്ര വീട്ടിൽ അജു(20) ആണ് പൊലീസിനെ ആക്രമിച്ചത്. ആറൻമുള പൊലീസ് സിവിൽ പൊലീസ് ഓഫീസർ ആകേഷ് (26) നെയാണ് പ്രതി കൈവിലങ്ങ് കൊണ്ട് തലയ്ക്ക് അടിച്ച് പരിക്കേല്പിച്ചത്. സ്റ്റേഷനിൽ ആക്രമാസക്തനായ പ്രതിയേയും, പ്രതിയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് ബഹളമുണ്ടാക്കിയ അർജ്ജുൻ എന്നയാളെയും മെഡിക്കൽ പരിശോധനയ്ക്കായി കോഴഞ്ചേരി ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് ആക്രമണം ഉണ്ടായത്.
ജീപ്പിൽ ഡ്രൈവർ സീറ്റിന് പിന്നിലിരുന്ന പൊലീസുകാരനെ പിന്നിലെ സീറ്റിലിരുന്ന പ്രതി ധരിച്ചിരുന്ന കൈവിലങ്ങ് ഉപയോഗിച്ച് തലയ്ക്ക് അടിക്കുകയായിരുന്നു. തലയിൽ പരിക്കേറ്റ പൊലീസുദ്യോഗസ്ഥൻ കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. സെൻറ് തോമസ് ഹയർസെക്കണ്ടറി സ്കൂളിൽ നടന്നുവരുന്ന പത്തനംതിട്ട റവന്യൂ ജില്ലാ കലോത്സവത്തിന് എത്തിയ പെൺകുട്ടികളെ പിൻതുടർന്ന് ശല്യപ്പെടുത്തിയതിനാണ് പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ചെയ്തത്. പ്രിൻസിപ്പാളിന്റെ മൊഴി പ്രകാരം കേസെടുത്തിട്ടുണ്ട്.
പൊലീസുകാരനെ ദേഹോപദ്രവമേല്പിച്ചതിനും ഡ്യൂട്ടിക്ക് തടസ്സം സൃഷ്ടിച്ചതിനും പ്രതിക്കെതിരെ കേസെടുത്തിട്ടുണ്ട്. ആറൻമുള പൊലീസ് ഇൻസ്പെക്ടർ പ്രവീൺ വി.എസ് ,സബ് ഇൻസ്പെക്ടർ ആഷിൽരവി, എ.എസ്.ഐ ബിനു, സീനിയർ സിവിൽ പൊലീസ് ഓഫീസർ പ്രദീപ്, സിവിൽ പൊലീസ് ഓഫീസർമാരായ വിഷ്ണു, ജിഷ്ണു, ജിബി, കിരൺ എന്നിവരുടെ നേതൃത്വത്തിലുളള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതി ആറൻമുള പോലീസ് രജിസ്റ്റർ ചെയ്തിട്ടുളള നിരവധി മോഷണക്കേസുകളിൽ വിചാരണ നേരിടുന്നയാളും പെട്രോൾ പമ്പ് ജീവനക്കാരനെ പമ്പിലെത്തി ദേഹോപദ്രവമേല്പിച്ചതിന് ചെങ്ങന്നൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെയും പ്രതിയാണ് . അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി.