
കോഴിക്കോട്: കാരശ്ശേരി പഞ്ചായത്തിലെ കുമാരനെല്ലൂരുള്പ്പെടെ മുക്കത്തും പരിസരപ്രദേശങ്ങളിലുമായി നിരവധി വീടുകളില്‍ മോഷണം നടത്തിയ പ്രതിയെ പൊലീസ് പിടികൂടി. കുമാരനെല്ലൂര്‍ വടക്കേക്കുന്നത് കണാരന് എന്നറിയപ്പെടുന്ന ഹരീഷ് ബാബു (20) വിനെയാണ് മുക്കം പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.
തെളിവെടുപ്പിനിടെ കളവു ചെയ്ത സ്വര്‍ണ്ണാഭരണം പ്രതിയുടെ വീട്ടില്‍ നിന്നും അന്വേഷണം സംഘം കണ്ടെത്തി. പ്രതിയെ മോഷണം നടത്തിയ വീട്ടിലെത്തിച്ചും പോലീസ് തെളിവെടുപ്പ് നടത്തി. ഇയാളെ കൂടുതല്‍ ചോദ്യം ചെയ്തതില്‍ നിന്നും കളവു ചെയ്ത പണം ഉപയോഗിച്ച് കഞ്ചാവ് വാങ്ങിയതായും പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.
ഇക്കഴിഞ്ഞ ഇരുപതിനു രാത്രിയാണ് കുമാരനെല്ലൂരില്‍ തനിച്ചു താമസിക്കുന്ന സ്ത്രീയുടെ വീട്ടില്‍ നിന്ന് സ്വര്‍ണാഭരണങ്ങളും പണവും മോഷണം പോയത്. തൊട്ടടുത്ത ദിവസം തന്നെ അടുത്തുള്ള മറ്റൊരു വീട്ടിലും മോഷണം നടന്നിരുന്നു. തുടര്‍ന്ന് മുക്കം ഇന്‍സ്പെക്ടര്‍ എസ്. നിസാമിന്റെ നേതൃത്വത്തില്‍ വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സംഭവ സ്ഥലത്തു പരിശോധന നടത്തിയിരുന്നു. ഒരാഴ്ചയായി പ്രത്യേക അന്വേഷണ സംഘം നടത്തിയ പഴുതടച്ച നീക്കത്തിനൊടുവിലാണ് പ്രതി പോലീസിന്റെ വലയിലായത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam