മൂന്നു പതിറ്റാണ്ടിന്‍റെ സൗഹൃദത്തിന് രണ്ടു മില്യൺ ലൈക്ക്; പ്രീഡിഗ്രി ബാച്ചിന്‍റെ ഒത്തുചേരൽ ചിത്രങ്ങൾ വൈറൽ

Published : Aug 12, 2026, 01:58 PM IST
sd college

Synopsis

ആലപ്പുഴ എസ് ഡി കോളജിലെ 1993-95 പ്രീഡിഗ്രി ബാച്ചിന്റെ ഒത്തുചേരൽ ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറലായി. മുപ്പതു വർഷം പിന്നിട്ട ഈ സൗഹൃദ കൂട്ടായ്മ, വാർഷിക കൂടിച്ചേരൽ കൂടാതെ ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമാണ്.

ആലപ്പുഴ: മൂന്നു പതിറ്റാണ്ടിന്‍റെ വീര്യമേറിയ സൗഹൃദത്തിന് സോഷ്യൽ മീഡിയയിൽ രണ്ടു മില്യണിലധികം ലൈക്കിന്റെ മാധുര്യം. ആലപ്പുഴ എസ് ഡി കോളജിലെ 1993-95 പ്രീഡിഗ്രി ബാച്ച് കൂട്ടായ്മ സംഘടിപ്പിച്ച ഒത്തുചേരൽ വേളയിലെ ഫോട്ടോ ഷൂട്ടാണ് ഞൊടിയിടയിൽ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വൈറലായത്. ബാച്ച് അംഗം കൂടിയായ ഫോട്ടോഗ്രാഫർ സന്ധ്യയാണ് ഗ്രൂപ്പ് ഫോട്ടോയ്ക്കുവേണ്ടി പരിപാടിക്കെത്തിയ ഇരുന്നൂറോളം അംഗങ്ങളെ ചിട്ടയായി ഇരുത്തിയത്. ഇത്രയധികം പേരെ അടക്കിയിരുത്തുന്നതിനുള്ള സന്ധ്യയുടെ പരിശ്രമവും മുപ്പതു വർഷം പിന്നിടുമ്പോഴും വീര്യം കൂടിക്കൊണ്ടിരിക്കുന്ന സൗഹൃദവും വിവിധ പ്ലാറ്റ്ഫോമുകളിൽ വലിയ ചർച്ചയായി.

എസ് ഡി കോളജിൽ വിവിധ ഗ്രൂപ്പുകളിൽ പഠിച്ചിറങ്ങിയവരാണ് കഴിഞ്ഞ കുറച്ചുവർഷങ്ങളായി ഒറ്റ ബാച്ചായി ഒത്തുചേരുന്നത്. 2017ൽ വിവേക് കുമാർ കൊല്ലയിലാണ് വാട്സ്ആപ്പ് കൂട്ടായ്മ രൂപീകരിച്ചത്. ഡോ. അനിൽകുമാർ, സീനത്തുന്നിസ, രാജശ്രീ പ്രവീൺ, സതീഷ് ആചാര്യ, മുസ്തഫ കമാൽ, ഡോ. അനൂപ്, സിനു എസ് കുമാർ, ടി മനോജ്, കവിത അജിത്ത്, രേഷ്മ കൃഷ്ണ എന്നിവരാണ് ഫൗണ്ടർ അഡ്മിൻമാർ. 2018 മുതൽ എല്ലാ ഓഗസ്റ്റിലെയും ആദ്യ ഞായറാഴ്ചയായ സൗഹൃദദിനത്തിൽ ഇവർ ഒത്തുചേരാറുണ്ട്. പ്രളയകാലത്തും കോവിഡ് സമയത്തും മാത്രം ഒത്തുചേരൽ ഓൺലൈനിൽ ഒതുങ്ങി. വിദേശത്തു നിന്നും വിവിധ സംസ്ഥാനങ്ങളിൽ നിന്നുമടക്കം സുഹൃത്തുക്കളെ വീണ്ടും കാണാൻ അംഗങ്ങൾ കുടുംബസമേതം ഓടിയെത്താറുണ്ട്.

ഇത്തവണ 'അരികെ' എന്ന പേരിലായിരുന്നു ഒത്തുചേരൽ. സുനു സഹദേവൻ, സീമാറാണി, സനീഷ് എന്നിവരാണ് ഇത്തവണത്തെ പരിപാടികൾ ഏകോപിപ്പിച്ചത്. വെറുമൊരു കൂട്ടായ്മ എന്നതിലുപരി ഈ ഗ്രൂപ്പിന് കീഴിൽ ആരോഗ്യം, കൃഷി, കരിയർ ഗൈഡൻസ്, റീഡേഴ്സ് ഫോറം തുടങ്ങി അംഗങ്ങളുടെ അഭിരുചിക്കനുസരിച്ച് സബ് ഗ്രൂപ്പുകളും പ്രവർത്തിക്കുന്നുണ്ട്. കൃത്യമായ നിയമാവലിയോടെ അഡ്മിനിസ്ട്രേറ്റീവ് പാനലിന് കീഴിലാണ് കൂട്ടായ്മയുടെ പ്രവർത്തനം. വാർഷിക ഒത്തുചേരലിന് പുറമേ ഓണാഘോഷം, ക്രിസ്മസ് ആഘോഷം, ഹൗസ്ബോട്ട് യാത്രകൾ എന്നിവയും സംഘടിപ്പിക്കാറുണ്ട്.

പ്രളയകാല സഹായങ്ങൾ, കൂട്ടത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് പിന്തുണ, കുട്ടികൾക്ക് പഠന സഹായം, പ്രോത്സാഹന സമ്മാനങ്ങൾ തുടങ്ങിയ ജീവകാരുണ്യ പ്രവർത്തനങ്ങളിലും ഇവർ സജീവമാണ്. കൂട്ടായ്മയ്ക്കുള്ളിൽ മാത്രം ബിസിനസ് സംരംഭകരായ അംഗങ്ങൾ കോടിക്കണക്കിന് രൂപയുടെ വ്യാപാരം നടത്തിയിട്ടുള്ളതായി ഭാരവാഹികൾ പറഞ്ഞു. സിവിൽ സർവീസുകാർ, ഡോക്ടർമാർ, എൻജിനീയർമാർ, മാധ്യമപ്രവർത്തകർ, അഭിഭാഷകർ, വ്യവസായികൾ തുടങ്ങി വിവിധ മേഖലകളിലുള്ള ഗ്രൂപ്പ് അംഗങ്ങൾ തന്നെയാണ് കുട്ടികളുടെ കരിയർ ഗൈഡൻസിന് നേതൃത്വം നൽകുന്നത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പട്ടാപ്പകൽ മാല പൊട്ടിച്ചോടിയ മോഷ്ടാവിനെ സാഹസികമായി പിടികൂടി യുവതി, സ്കൂട്ടറിൽ വലിച്ചിഴച്ചിട്ടും വിട്ടില്ല
ചാലിയാറിൽ ബോട്ട് മറിഞ്ഞ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി, മീൻ പിടിക്കുന്നതിനിടെ അപകടം