
തൃശൂര്‍: കുഞ്ഞന്‍ ചാള പിടിച്ച വള്ളം പിടിച്ചെടുത്ത് ഫിഷറീസ് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് സംഘം. അധികൃതരുടെ മുന്നറിയിപ്പ് വകവെക്കാതെ ചാളക്കുഞ്ഞുങ്ങളെ പിടിച്ച വള്ളം പിടിച്ചെടുത്തു. ഫിഷറീസ് മറൈന്‍ എന്‍ഫോഴ്‌സമെന്റ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ അഴീക്കോട് ഫിഷ്‌ലാന്‍ഡിംഗ് സെന്ററില്‍നിന്നാണ് വള്ളം പിടിച്ചെടുത്തത്.
ചെറുമത്തികളെ പിടിച്ച ഏറിയാട് സ്വദേശി കാവുങ്ങല്‍ സലീമിന്റെ ഉടമസ്ഥതയിലുള്ള ദുഉല്‍ ഫിക്കര്‍ എന്ന വള്ളമാണ് ഉദ്യോഗസ്ഥ സംഘം പിടികൂടിയത്. അധികൃതരുടെ പരിശോധനയില്‍ വള്ളത്തില്‍ 10 സെന്റീമീറ്ററില്‍ താഴെ വലിപ്പമുള്ള 2000 കിലോ കുഞ്ഞന്‍ മത്തിയാണ് ഫിഷറീസ് അധികൃതര്‍ പിടികൂടിയത്.
മത്സ്യസമ്പത്ത് കുറയുന്നതിനെതിരെ കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമ പ്രകാരം ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് വള്ളം പിടികൂടിയത്. പിടിച്ചെടുത്ത ചെറുമത്സ്യങ്ങളെ പിന്നീട് പുറംകടലില്‍ ഒഴുക്കിക്കളഞ്ഞു. വള്ളം ഉടമയില്‍നിന്ന് ജില്ലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ നിയമനടപടികള്‍ പൂര്‍ത്തിയാക്കി പിഴ ഈടാക്കും.
അഴീക്കോട് ഫിഷറീസ് സ്റ്റേഷന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ സി. സീമയുടെ നിര്‍ദേശപ്രകാരം ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ സി.കെ. മനോജിന്റെ നേതൃത്വത്തില്‍ മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് ആന്‍ഡ് വിജിലന്‍സ് ഉദ്യോഗസ്ഥരായ പ്രശാന്ത്കുമാര്‍ വി.എന്‍, ഷൈബു വി.എം. സീഗാര്‍ഡ്‌സ്, ഹുസൈന്‍ വടകനൊലി, നിഷാദ് എന്നിവര്‍ ചേര്‍ന്നാണ് വള്ളം പിടികൂടിയത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam