
തിരുവനന്തപുരം: ജില്ലയിലെ കൊള്ളപ്പലിശക്കാർക്കെതിരെ വ്യാപക പരാതി ലഭിച്ചതോടെ അനധികൃത സാമ്പത്തിക ഇടപാട് നടത്തുന്നവരെ കണ്ടെത്താൻ തലസ്ഥാനത്ത് സ്പെഷ്യൽ ഡ്രൈവ് നടത്തി പൊലീസ്. റൂറൽ ജില്ലാ പൊലീസ് മേധാവി കെ എസ് സുദർശന്‍റെ നിർദേശാനുസരണം നടത്തിയ സ്പെഷ്യൽ ഡ്രൈവിൽ കല്ലമ്പലം, പാങ്ങോട്, പാലോട്, കിളിമാനൂർ, കടയ്ക്കാവൂർ എന്നീ പൊലീസ് സ്റ്റേഷനുകളിലായി അഞ്ച് കേസുകളും രജിസ്റ്റർ ചെയ്യ്തു. ഒപ്പം വസ്തു ആധാരങ്ങൾ, കറൻസി നോട്ടുകൾ, പ്രോമിസറി നോട്ടുകൾ, ചെക്ക് ലീഫുകൾ, ആർസി ബുക്കുകൾ, മുദ്രപത്രങ്ങൾ തുടങ്ങിയവയും പിടിച്ചെടുത്തു.
കല്ലമ്പലം പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ ഞെക്കാട് സ്വദേശിയായ ശ്രീജ് എന്നയാളുടെ വീട്ടിൽ നിന്നും മൂന്ന് വസ്തു ആധാരങ്ങളും 2.5 ലക്ഷം രൂപയുടെ കറൻസികളും ഒരു കരാർ പത്രവും പിടിച്ചെടുത്തു. പാങ്ങോട് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ട് തെങ്ങുംകോട് സ്വദേശിയായ പ്രഭാഷ് എന്നയാളുടെ വീട്ടിൽ നിന്നും 2,21,000 രൂപയുടെ കറൻസി നോട്ടുകളും രണ്ട് ചെക്ക് ലീഫുകളും റവന്യൂ സ്റ്റാമ്പ് ഒട്ടിച്ച രണ്ട് പേപ്പറുകളും പണമിടപാടുകൾ നടത്തിയിരുന്ന ബുക്കും കണ്ടെടുത്തു. പാലോട് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ കുറുപുഴ സ്വദേശിയായ സുനിൽ കുമാറിന്‍റെ വീട്ടിൽ നിന്നും 60,000 രൂപ കറൻസിയും രണ്ട് മുദ്ര പത്രങ്ങളും റവന്യൂ സ്റ്റാമ്പ് ഒട്ടിച്ച വെള്ളപേപ്പറും പണമിടപാട് അടങ്ങിയ ഡയറിയും പിടിച്ചെടുത്തു.
കിളിമാനൂർ സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലേക്ക് മലയാമടം സ്വദേശി മനേഷിന്‍റെ വീട്ടിൽ നിന്നും അഞ്ച് ആർസി ബുക്കുകളും 20 ബ്ലാങ്ക് ചെക്കുകളും മൂന്ന് പ്രോമിസറി നോട്ടുകളും പിടിച്ചെടുത്തു. കടയ്ക്കാവൂർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ കടയ്ക്കാവൂർ സ്വദേശി ഫ്രാങ്ക്ളിൻ ജോർജിന്‍റെ വീട്ടിൽ നിന്നും അഞ്ച് ബ്ലാങ്ക് ചെക്കുകളും 4 മുദ്ര പത്രങ്ങളും ഒരു പ്രോമിസറി നോട്ടും ഒരു ആധാർ കാർഡും പിടിച്ചെടുത്തിട്ടുണ്ട്. വരും ദിവസങ്ങളിലും ഇത്തരത്തിലുള്ള റെയ്ഡുകൾ തുടരുമെന്ന് പൊലീസ് അറിയിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam