
തൃശ്ശൂര്‍ : ഉത്രാട ദിനത്തിൽ രണ്ടിടത്ത് വൻ സ്പിരിറ്റ് വേട്ട. ചെമ്പൂത്ര, മണ്ണുത്തി എന്നിവിടങ്ങളിൽ നിന്നായി 20,000 ലിറ്റർ സ്പിരിറ്റ് പിടികൂടി. ചെമ്പൂത്ര ദേശീയപാതയോരത്തെ രഹസ്യ ഗോഡൗണിൽ നിന്നും മാത്രം പിടികൂടിയത് 18000 ലിറ്ററാണ്. 35 ലിറ്റർ സ്പിരിറ്റ് വീതം 500 കന്നാസുകളിലായാണ് സൂക്ഷിച്ചിരുന്നത്. ദേശീയപാതയോരത്തെ സ്വകാര്യ വ്യക്തിയുടെ സ്ഥലം വാടകയ്ക്ക് എടുത്ത് കാലിത്തീറ്റ വിപണന-സംഭരണ കേന്ദ്രത്തിന്റെ മറവിലാണ് സ്പിരിറ്റ് കച്ചവടം നടത്തിയിരുന്നത്.
തൃശ്ശൂർ ഇൻറലിജൻസ് വിഭാഗത്തിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഒരാഴ്ചയിൽ അധികം നീണ്ട നിരീക്ഷണത്തിന് ശേഷമാണ് ഗോഡൗണിൽ സൂക്ഷിച്ചിരുന്ന സ്പിരിറ്റ് കണ്ടെത്തിയത്. ഗോഡൗണിന്റെ പൂട്ട് തകർത്താണ് എക്സൈസ് സംഘം അകത്തു കയറിയത്. ഗോഡൗണിനകത്ത് രഹസ്യമായ അറ ഉണ്ടാക്കി അതിനകത്താണ് സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്. രണ്ടുമാസത്തോളമായി ഇവിടെ കാലിത്തീറ്റ സംഭരണ കേന്ദ്രം പ്രവർത്തിക്കുന്നുണ്ട്. ഇവിടെ നിന്നും ആരെയും പിടികൂടാൻ കഴിഞ്ഞിട്ടില്ല.
മണ്ണുത്തിയിൽ ഉണ്ടായ വാഹന പരിശോധനയിൽ പിക്കപ്പ് വാനിൽ നിന്നും 35 ലിറ്ററിന്റെ 40 കണ്ണാസുകളിൽ നിന്നും സ്പിരിറ്റ് പിടികൂടി. സംഭവത്തിൽ ഒരാളെ പിടികൂടി. സമീപകാലത്ത് തൃശ്ശൂർ ജില്ലയിൽ നടന്ന ഏറ്റവും വലിയ സ്പിരിറ്റ് വേട്ടയാണ് ഇതെന്ന് അധികൃതർ അറിയിച്ചു.