
കുമളി: ഇടുക്കി ജില്ലയിലെ ഏറ്റവും വലിയ ക്രിസ്തുമസ് ആഘോഷത്തിനുള്ള തയ്യാറെടുപ്പിലാണ് കുമളി അട്ടപ്പള്ളം സെന്‍റ് തോമസ് ഫൊറോന പള്ളി. പള്ളിയങ്കണത്തിൽ സ്ഥാപിക്കാൻ 2025 നക്ഷത്രങ്ങളാണ് തയ്യാറാക്കുന്നത്. ക്രിസ്തുവിൻറെ പിറവിയുടെ മഹാജൂബിലിയെ സൂചിപ്പിക്കാൻ കൂടിയാണ് 2025 നക്ഷത്രങ്ങൾ പള്ളിയങ്കണത്തിൽ പ്രകാശിപ്പിക്കാൻ തീരുമാനിച്ചത്. പതിവ് രീതിയിൽ നിന്നും വ്യത്യസ്തമായി പരമ്പരാഗത ശൈലിയിലാണ് നക്ഷത്രങ്ങൾ നിർമ്മിക്കുന്നത്.
രണ്ടു മാസം മുൻപ് മുതൽ ഇതിനുള്ള പണികൾ തുടങ്ങി. ആവശ്യമുള്ള മുള കാഞ്ഞിരപ്പള്ളിയിൽ നിന്നുമെത്തിച്ചു. മുള കീറി ചെറിയ കഷ്ണങ്ങളാക്കി നക്ഷത്രമുണ്ടാക്കാൻ പുതിയ തലമുറയെ പഠിപ്പിച്ചത് പഴമക്കാർ തന്നെയാണ്. ഓരോ കുടുംബക്കൂട്ടായ്മയിലെയും അംഗങ്ങളും സൺഡേ സ്ക്കൂൾ അധ്യാപകരും മാറിമാറിയെത്തി നക്ഷത്രങ്ങളുണ്ടാക്കും.
വർണ്ണക്കടലാസുകളൊക്കെയൊട്ടിച്ച് 1500 ലധികം നക്ഷത്രങ്ങൾ പൂർത്തിയാക്കിക്കഴിഞ്ഞു. 24ന് ഈ നക്ഷത്രങ്ങൾ പള്ളിയങ്കണത്തിൽ കത്തിച്ച് ക്രിസ്മസിനെ വരവേൽക്കും. പഴയ കാലത്തെപോലെ മെഴുകുതിരി ഉള്ളിൽ കത്തിച്ചു വക്കാനാണ് തീരുമാനം. 22ന് പള്ളിയങ്കണത്തിൽ ഒരുക്കുന്ന ക്രിസ്മസ് ഗ്രാമത്തിൽ സ്റ്റാളുകളും ഭക്ഷ്യമേളയും ഉണ്ടാകും. 23 ന് ക്രിസ്മസിൻറെ സന്ദേശം ജനങ്ങളിൽ എത്തിക്കാൻ മഹാറാലി നടത്തും.
25 ഓളം ക്രിസ്മസ് പ്ലോട്ടുകളും നന്ദനം ഫിലിം ഇൻഡസ്ട്രീസ് ഒരുക്കുന്ന ലിവിങ് പുൽക്കൂടുകളും റാലിക്ക് കൊഴുപ്പേകും. സിനിമാ സംവിധായകൻ ജോണി ആൻറണി സന്ദേശം നൽകും. 500 ഓളം വരുന്ന കലാകാരന്മാരുടെ കലാ വിസ്മയവും അരങ്ങേറും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam