
കൊച്ചി: ആലുവ തായ്ക്കാട്ടുകര എസ്.എൻ.പുരം റോയ് ജിജി ദമ്പതികളുടെ മകൾ സോണ മൂന്നര വർഷം മുൻപാണ് ജോർജിയയിൽ എംബിബിഎസ് പഠനത്തിന് പോയത്. ഏറെ പ്രതീക്ഷകളോടെയാണ് മാതാപിതാക്കൾ മകളെ വായ്പയെടുത്ത് മെഡിക്കൽ പഠനത്തിന് അയച്ചതും. എന്നാൽ അഞ്ച് ദിവസം മുൻപ് കാര്യങ്ങൾ മാറിമറിഞ്ഞു. പെട്ടന്ന് വന്ന ഒരു പനി കുടുംബത്തിന്റെ താളം തെറ്റിച്ചു. കുറച്ച് ദിവസം മുൻപാണ് സോണയ്ക്ക് പനി വന്നത്. ആശുപത്രിയിൽ പോയാൽ ഒരുപാട് പണം ചെലവഴിക്കണമല്ലോയെന്നോർത്ത് തത്കാലം നാട്ടിൽ നിന്നും കൊണ്ടുപോയ ഗുളിക കഴിച്ചു. പിന്നീട് ആശുപത്രിയിൽ പോയെങ്കിലും രണ്ട് ആഴ്ചയ്ക്ക് ശേഷമാണ് അപ്പോയിൻമെന്റ് കിട്ടിയത്. പക്ഷെ പനി മാറിയെങ്കിലും വായിൽ നിന്നും മൂക്കിൽ നിന്നും രക്തം വരാൻ തുടങ്ങി. പിന്നീട് മൂത്രത്തിലൂടെയും രക്തം വരാൻ തുടങ്ങി.
രണ്ട് ആഴ്ച കാത്തിരിക്കുന്നത് അപകടമാണെന്ന് മനസ്സിലായതോടെ പുറത്ത് ഡോക്ടറെ കണ്ട് ഗുളിക വാങ്ങി. രക്തം വരുന്നത് നിന്നുവെങ്കിലും തലവേദന ശക്തമായി. വീണ്ടും ഗുളിക കഴിച്ച് വിശ്രമിച്ചുവെങ്കിലും ഇനി എത്ര രൂപയായാലും ഡോക്ടറെ കാണാൻ മാതാപിതാക്കൾ പറഞ്ഞു. ഇതനുസരിച്ച് ആശുപത്രിയിൽ പോയി. പിന്നീട് അഡ്മിറ്റ് ആക്കിയതായും സോണ അറിയിച്ചു. റൂം മേറ്റും സുഹൃത്തുക്കളുമാണ് ഈ സമയം സോണയെ സഹായിച്ചിരുന്നതും. സോണയുടെ മുഖത്തെ കുരുക്കളിൽ നിന്നും രക്തം വന്നിരുന്നു. അത് മുഖക്കുരുവെന്ന് സോണ തെറ്റിധരിക്കുകയും ചെയ്തിരുന്നു. ഇതേ സിംപ്റ്റംപ്സ് ഉണ്ടായിരുന്ന മറ്റൊരു കുട്ടി ഈയിടെ ആശുപത്രിയിൽ മരിച്ചിരുന്നുെവെന്നും അറിഞ്ഞതോടെ സോണയ്ക്കും വീട്ടുകാർക്കും ആശങ്ക വർധിച്ചു. ആശുപത്രിയിൽ നിന്നും രക്തം കേറ്റിയതായും പിന്നീട് കൈകൾ തളർന്നതായും സോണ അറിയിച്ചു. നാട്ടിലേക്ക് ഉടൻ കേറി വരാനും ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ഫിസിയോ തെറാപ്പി ചെയ്ത് എല്ലാം ശരിയാക്കാമെന്നും വീട്ടുകാർ ആശ്വസിപ്പിച്ചു.
പിന്നീട്, അഞ്ച് ദിവസം മുൻപാണ് കൂട്ടുകാരിയിൽ നിന്നും മകൾ കോമയിലായെന്നും വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും അറിഞ്ഞത്. എങ്ങനെയും മകളെ നാട്ടിലെത്തിക്കാൻ ശ്രമിച്ചപ്പോഴാണ് തിരികെയെത്തിക്കാൻ ലക്ഷങ്ങൾ ആവശ്യമാണെന്ന് അറിഞ്ഞത്. ആലുവ എം.എൽ.എ. അൻവർ സാദത്തും സ്വകാര്യ ആശുപത്രിയിലെ അധികൃതരുമെല്ലാം പിന്തുണ ഉറപ്പ് നൽകിയിട്ടുണ്ട്. മുഖ്യമന്ത്രിയെയും വിവരം അറിയിച്ചിട്ടുണ്ടെന്നാണ് കുടുംബം പറയുന്നത്. ഉറ്റ ബന്ധുക്കൾ എത്തിയാൽ മാത്രമാണ് സോണയെ തിരികെ എത്തിക്കാനാവൂ. അതിനായി ജോർജിയയിലേക്ക് പോകാൻ വിസയ്ക്ക് അപേക്ഷിച്ച് കാത്തിരിക്കുകയാണ് കുടുംബം. അതോടൊപ്പം മകളെ തിരികെയെത്തിക്കാനുളള ഭീമമായ തുക എങ്ങനെ കണ്ടെത്തും എന്നുമുളള ആധിയിലാണ് കുടുംബം.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam