
എറണാകുളം: കോടനാട് തോട്ടുവയിൽ 84 വയസ്സുകാരിയായ അന്നമ്മയെ കൊലപ്പെടുത്തിയത് അയൽവാസിയായ യുവാവാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. തേങ്ങയെറിഞ്ഞ് വീഴ്ത്തിയ ശേഷം ശ്വാസം മുട്ടിച്ച് കൊന്നതാണെന്ന് അറസ്റ്റിലായ 24-കാരനായ അദ്വൈത് ഷിബു പോലീസിന് കുറ്റസമ്മത മൊഴി നൽകി. കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ അദ്വൈതിനെ കർണാടകയിൽ നിന്നാണ് പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് തോട്ടുവയിലെ ഒരു സ്വകാര്യ വ്യക്തിയുടെ പറമ്പിൽ അന്നമ്മയെ മരിച്ച നിലയിൽ കണ്ടെത്തിയത്. പെരുമ്പാവൂരിലെ അഭിഭാഷകൻ്റെ പറമ്പ് സൂക്ഷിപ്പുകാരിയായിരുന്നു അന്നമ്മ. മൃതദേഹത്തിൽ നിന്ന് സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടതിനാൽ ഇതൊരു കൊലപാതകമാണെന്ന് പൊലീസ് ഉറപ്പിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അന്നമ്മയുടെ മരണശേഷം നാടുവിട്ടുപോയ അയൽവാസിയായ അദ്വൈതിലേക്ക് പൊലീസ് എത്തുന്നത്.
തൻ്റെ അമ്മയെ അന്നമ്മ വഴക്ക് പറഞ്ഞതിലുള്ള വൈരാഗ്യവും സാമ്പത്തിക പ്രശ്നങ്ങളുമാണ് കൊലപാതകത്തിന് കാരണമായതെന്ന് അദ്വൈത് പോലീസിനോട് പറഞ്ഞു. ദിവസങ്ങളോളം അന്നമ്മയെ നിരീക്ഷിച്ച ശേഷമാണ് ആക്രമണം നടത്തിയത്. സംഭവ ദിവസം അന്നമ്മയുടെ പിന്നിൽ നിന്ന് തേങ്ങയെറിഞ്ഞ് വീഴ്ത്തി. നിലത്ത് വീണ അന്നമ്മ നിലവിളിച്ചപ്പോൾ മൂക്കും വായും പൊത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
മരണം ഉറപ്പായതിന് ശേഷം അന്നമ്മയുടെ ആഭരണങ്ങൾ ഊരിയെടുത്ത് വീട്ടിലേക്ക് പോയെന്നും, രാത്രിയോടെ എറണാകുളത്ത് നിന്ന് ബെംഗളൂരുവിലേക്ക് കടന്നെന്നും അദ്വൈത് മൊഴി നൽകി. ബെംഗളൂരുവിലെ ബൊമ്മനഹള്ളിയിൽ നിന്നാണ് ഇയാളെ പെരുമ്പാവൂർ പോലീസ് പിടികൂടിയത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam