
കോതമംഗലം: പാറശാലയിലെ ഷാരോൺ കൊലപാതകം മോഡലിൽ കോതമംഗലത്ത് യുവാവ് വിഷം ഉള്ളിൽച്ചെന്ന് മരിച്ച സംഭവത്തിൽ ദുരൂഹതയുടെ ചുരുളഴിക്കാൻ പോലീസ് നീക്കം. സംഭവത്തിൽ പ്രതിയായ പെൺസുഹൃത്തിനെ കസ്റ്റഡിയിൽ ലഭിക്കാൻ അന്വേഷണ സംഘം തിങ്കളാഴ്ച മജിസ്‌ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകും.
കൊല്ലപ്പെട്ട അൻസിലിനെ എങ്ങിനെയാണ് വിഷം കുടിപ്പിച്ചത്, ഈ കൊടുംക്രൂരത ഒറ്റയ്ക്ക് ചെയ്യാൻ യുവതിക്ക് സാധിക്കുമോ, മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ തുടങ്ങിയ ചോദ്യങ്ങൾക്കാണ് അന്വേഷണ സംഘം ഉത്തരം തേടുന്നത്. പ്രാഥമിക ചോദ്യം ചെയ്യലിൽ വിഷം നൽകിയത് യുവതി സമ്മതിച്ചെങ്കിലും കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. ഏത് പാനീയത്തിലാണ് വിഷം കലർത്തിയത്, ബലം പ്രയോഗിച്ചാണോ വിഷം നൽകിയത് തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത വരുത്തേണ്ടതുണ്ട്.
കസ്റ്റഡിയിൽ ലഭിച്ച ശേഷം യുവതിയുടെ ചേലാടുള്ള വീട്ടിൽ ശാസ്ത്രീയ പരിശോധന നടത്താനാണ് പോലീസിൻ്റെ തീരുമാനം. സി.സി.ടി.വി. ക്യാമറയുടെ ഡി.വി.ആർ. ഉൾപ്പെടെ യുവതി ഒളിപ്പിച്ചതായി പോലീസ് സംശയിക്കുന്നു. കൂടുതൽ തെളിവെടുപ്പിനും ശാസ്ത്രീയ പരിശോധനകൾക്കും ഇത് അനിവാര്യമാണ്. കൂടാതെ, അൻസിലിൻ്റെ കുടുംബാംഗങ്ങളുമായി യുവതി നടത്തിയ ഫോൺ സംഭാഷണങ്ങളുടെ വിശദാംശങ്ങളും പോലീസ് തേടുന്നുണ്ട്.
അൻസിലിൻ്റെ സഹോദരൻ ഉൾപ്പെടെയുള്ള അടുത്ത ബന്ധുക്കളുടെ വിശദമായ മൊഴി ഉടൻ രേഖപ്പെടുത്തും. യുവതിക്ക് ലഹരി മാഫിയയുമായി ബന്ധമുണ്ടോ എന്ന കാര്യവും പോലീസ് സംശയിക്കുന്നുണ്ട്. കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് വിഷം ഉള്ളിൽച്ചെന്ന് അൻസിലിനെ അവശനിലയിൽ കണ്ടെത്തിയത്. അൻസിൽ അവശനാണെന്ന വിവരം യുവതി തന്നെയാണ് വീട്ടുകാരെ അറിയിച്ചതെന്ന് പോലീസ് പറയുന്നു.