വൈത്തിരി സബ് ജയിലിലെ 26 തടവുകാര്‍ക്ക് കൊവിഡ്; 16 പേര്‍ക്കുള്ള സൗകര്യത്തില്‍ കഴിയുന്നത് 43 തടവുകാര്‍

By Web TeamFirst Published Oct 25, 2021, 2:23 PM IST
Highlights

43 പേര്‍ക്കായി ആകെ മൂന്ന് ശൗചാലയങ്ങളാണുള്ളത്. ജയിലിലെ അസൗകര്യങ്ങള്‍ക്ക് പുറെ കൊവിഡ് കാലത്തെ പ്രതിസന്ധികള്‍ ബന്ധപ്പെട്ടവരെ ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടുണ്ടെങ്കിലും യാതൊരു നടപടികളും ഇതുവരെ ഉണ്ടായിട്ടില്ല.
 

കല്‍പ്പറ്റ: വൈത്തിരി സ്‌പെഷ്യല്‍ സബ് ജയിലില്‍ (Vythiri sub jail) പകുതിയിലധികം പേര്‍ക്കും കൊവിഡ് (Covid 19) സ്ഥിരീകരിച്ചു. എട്ട് സെല്ലുകളിലായി രണ്ട് പേര്‍ വീതം 16 പേരെയാണ് താമസിപ്പിക്കേണ്ടതെങ്കിലും 43 തടവുകാരാണ് ഇപ്പോഴുള്ളത്. ഇതില്‍ 26 പേര്‍ക്കാണ് കൊവിഡ് പോസിറ്റിവ് സ്ഥിരീകരിച്ചിട്ടുള്ളത്. മറ്റുള്ളവരില്‍ നിരവധി പേര്‍ക്ക് രോഗലക്ഷണമുണ്ട്. സാധാരണ നിലയില്‍ തന്നെ അസൗകര്യമുള്ള ജയിലില്‍ കൊവിഡ് കൂടി സ്ഥിരീകരിച്ചതോടെ തടവുകാരുടെ അവസ്ഥ ഏറെ പരിതാപകരമാണ്. 

ബ്രിട്ടീഷ് ഭരണകാലത്ത് നിര്‍മ്മിച്ച രണ്ടാള്‍ക്കും മാത്രം കിടക്കാവുന്ന ഇടുങ്ങിയ മുറികളിലാണ് എട്ടു പേരെ വീതം പാര്‍പ്പിച്ചിരിക്കുന്നത്. ആകെയുള്ള എട്ട് മുറികളില്‍ ഒരെണ്ണം പാചകകാര്യങ്ങള്‍ നോക്കുന്ന തടവുകാര്‍ക്ക് താമസിക്കാനുള്ളതാണ്. ഒരെണ്ണം പുതുതായി വരുന്നവര്‍ക്കും മറ്റൊരെണ്ണം കൊവിഡ് പോസിറ്റിവായി എത്തുന്നവര്‍ക്കും നല്‍കാറുണ്. ബാക്കി അഞ്ച് സെല്ലുകളിലാണ് നിരവധി തടവുകാരെ തിരുകി കയറ്റിയിരിക്കുന്നത്. സെല്ലുകളെല്ലാം ഒന്ന് മറ്റൊന്നിനോട് തൊട്ടുരുമിയാണെന്നതിനാല്‍ ആര്‍ക്കെങ്കിലും രോഗം വന്നാല്‍ പകരാനുള്ള സാധ്യത കൂടുതലാണ്. അതേ സമയം കൊവിഡ് പോസിറ്റീവായ തടവുകാരാണ് ജയിലില്‍  ഭക്ഷണമുണ്ടാക്കുന്നതെന്നും ആരോപണമുണ്ട്. 

43 പേര്‍ക്കായി ആകെ മൂന്ന് ശൗചാലയങ്ങളാണുള്ളത്. ജയിലിലെ അസൗകര്യങ്ങള്‍ക്ക് പുറെ കൊവിഡ് കാലത്തെ പ്രതിസന്ധികള്‍ ബന്ധപ്പെട്ടവരെ ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടുണ്ടെങ്കിലും യാതൊരു നടപടികളും ഇതുവരെ ഉണ്ടായിട്ടില്ല. മാനന്തവാടി ജില്ലാ ജയിലില്‍ ഒരേ സമയം 200 പേരെ താമസിപ്പിക്കാനുള്ള സൗകര്യമുണ്ട്. നിലവില്‍ ഇവിടെ 70 തടവുകാര്‍ മാത്രമാണുള്ളത്. ജില്ലാ ജിയിലില്‍ സൗകര്യമുണ്ടായിട്ടും കൊവിഡ് കാലത്ത് പോലും ഇത് ഉപയോഗപ്പെടുത്താന്‍ ജയില്‍ ഉദ്യോഗസ്ഥര്‍ തയ്യാറാകുന്നില്ല.  മാനന്തവാടിയില്‍ സൂപ്രണ്ടിന് പുറമെ 17 അസി. പ്രിസണ്‍ ഓഫീസര്‍മാരും ആറ് ഡെപ്യുട്ടി പ്രിസണ്‍ ഓഫീസര്‍മാരുമുണ്ട്. വൈത്തിരിയില്‍ സൂപ്രണ്ടിനെ കൂടാതെ ഏഴ് എ.പി.ഒ, നാല് ഡി.പി.ഒ. എന്നിങ്ങനെ ആണ് ജീവനക്കാരുടെ കണക്ക്. 

വൈത്തിരിയിലെ രണ്ട് ഉദ്യോഗസ്ഥര്‍ കൊവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് അവധിയിലുമാണ്. കോവിഡ് പ്രത്യേക സേവനത്തിനായി നിയോഗിക്കപ്പെട്ട അഞ്ച് വിമുക്ത ഭടന്മാരുടെ സേവനവും ഇപ്പോള്‍ മാനന്തവാടിയില്‍ മാത്രമാണുള്ളത്. നിലവില്‍ രോഗമുള്ളതോ ലക്ഷണങ്ങളുള്ളതോ ആയ ഒരു തടവുകാരെയും വൈത്തിരിയില്‍ നിന്ന് മാറ്റില്ലെന്ന് ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. എന്നാല്‍ പുതിയതായി എത്തുന്ന തടവുകാരെ പ്രതിസന്ധി കഴിയുന്നത് വരെ വൈത്തിരി ജയിലിലേക്ക് അയക്കരുതെന്ന് ആവശ്യപ്പെടാനുള്ള തീരുമാനത്തിലാണ് സൂപ്രണ്ട്.
 

click me!