അമ്മയെ കൊന്നതിന് സാക്ഷിയായ മകനെയും കൊന്നു, ആറ് വർഷത്തിന് ശേഷം പ്രതികൾ പിടിയിൽ

By Web TeamFirst Published Oct 25, 2021, 12:04 PM IST
Highlights

പ്രദീപിന്റെ മാതാവ് കമലയുമായി പ്രതികൾ വാക്കുതർക്കത്തിലാകുകയും മർദിക്കുകയും ചെയ്തതിനുശേഷം സമീപത്തെ കിണറ്റിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ സംഭവത്തിൽ ഏക സാക്ഷിയായിരുന്നു മകൻ പ്രദീപ്.

തിരുവനന്തപുരം: വെഞ്ഞാറമൂട്ടിൽ മാതാവിനെ കിണറ്റിൽ തള്ളിയിട്ട് കൊല്ലുകയും (Murder) പിന്നാലെ ഏക സാക്ഷിയായ (Witness) മകനെ കൊലപ്പെടുത്തുകയും ചെയ്ത കേസിലും നാല് പ്രതികൾ ആറ് വർഷത്തിന് ശേഷം പിടിയിൽ. വണ്ടിപ്പുര കൈതറക്കുഴി വീട്ടിൽ പുഷ്പാകരൻ(45), ഇയാളുടെ ഭാര്യാസഹോദരൻ വിനേഷ്(35), വണ്ടിപ്പുര സ്വദേശികളായ അഭിലാഷ്(40),സുരേഷ്(42) എന്നിവരാണ് പിടിയിലായത്. സൈബർ സെല്ലിന്റെ സഹായത്തോടെ ഒരു ലക്ഷത്തിലധികം ഫോൺകോളുകൾ (Phone Call) വിശകലനം ചെയ്താണ് പ്രതികളെ (Accused) കുടുക്കിയത്. 

വെഞ്ഞാറമൂട് നെല്ലനാട് കീഴായിക്കോണം കൈതറക്കുഴി വീട്ടിൽ പരേതരായ തുളസി കമല ദമ്പതികളുടെ മകൻ പ്രദീപ് കുമാർ(32)നെ യാണ് തെളിവു നശിപ്പിക്കുന്നതിനായി പ്രതികൾ കൊന്നത്. 2015 മാർച്ച് 26ന് കീഴായിക്കോണം മരോട്ടിക്കുഴി ഈശാനുകോണം നടവരമ്പിനു സമീപത്തെ പൊന്തക്കാട്ടിൽ പ്രദീപിനെ കഴുത്തിൽ കൈലിമുണ്ട് കുരുക്കി കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തുകയായിരുന്നു. 

കേസിലെ മൂന്നാം പ്രതി വെളുത്തപാറ വീട്ടിൽ റീജു, പ്രദീപ് കൊല്ലപ്പെട്ട് ദിവസങ്ങൾക്കകം ആത്മഹത്യ ചെയ്തിരുന്നു.  പ്രദീപിന്റെ മാതാവ് കമലയുമായി പ്രതികൾ വാക്കുതർക്കത്തിലാകുകയും മർദിക്കുകയും ചെയ്തതിനുശേഷം സമീപത്തെ കിണറ്റിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ സംഭവത്തിൽ ഏക സാക്ഷിയായിരുന്നു മകൻ പ്രദീപ്.

കേസിന്റെ വിചാരണ ആരംഭിക്കുന്നതിന് ദിവസങ്ങൾക്കു മുൻപാണ് പ്രദീപ് കൊല്ലപ്പെടുന്നത്. കേസിൽ നിന്നു രക്ഷപ്പെടുന്നതിനു വേണ്ടിയാണ് കൊലപ്പെടുത്തിയതെന്ന് പ്രതികൾ സമ്മതിച്ചതായി പൊലീസ് അറിയിച്ചു. ജില്ലാ പൊലീസ് മേധാവി പി.കെ. മധു, അഡീഷനൽ എസ്പി ഇ.എസ്. ബിജുമോൻ, ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സുൽഫിക്കർ, തിരുവനന്തപുരം റൂറൽ ഡിസിആർബി ഡിവൈഎസ്പി എൻ. വിജുകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് കേസന്വേഷണം നടത്തിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.
 

click me!