
ഇടുക്കി: തൊഴിലാളികൾക്ക് വിതരണം ചെയ്യാൻ എത്തിച്ച അരി ബ്ലോക്കോഫീസിൽ നിന്നും കാണാതെ പോയി. 26 ചാക്ക് അരിയാണ് ഒറ്റ രാത്രിക്കൊണ്ട് കാണാതായത്. തോട്ടം തൊഴിലാളികൾക്ക് വിതരണം ചെയ്യുന്നതിന് തമിഴ്നാട്ടിൽ നിന്നും ആറ് ടൺ അരിയാണ് മൂന്നാറിലെത്തിച്ചത്. കളക്ടറുടെ നിർദ്ദേശപ്രകാരം റവന്യൂ അധികൃതർ ദേവികുളം ബ്ലോക്ക് ഓഫീസിൽ ഇത് ഇറക്കി വെച്ചു. വ്യാഴാഴ്ച രാവിലെ മൂന്നാർ പഞ്ചായത്ത് പ്രസിഡന്‍റ് ആർ.കറുപ്പ സ്വാമി അരിയെടുക്കാന്‍ ബ്ലോക്ക് ഓഫീസിൽ എത്തിയപ്പോഴാണ് മോഷണത്തെ കുറിച്ചറിയുന്നത്.
പ്രകൃതിദുരന്തത്തില്‍ അകപ്പെട്ട 8 വാർഡുകളിലാണ് സൗജന്യ റേഷനരി വിതരണം പൂർത്തിയാക്കിയത്. ബാക്കിയുള്ള 13 വാർഡുകളിൽ അരി വിതരണം നടത്തണമെന്ന് മൂന്നാർ പഞ്ചായത്ത് പ്രസിഡന്‍റ് ആർ.കറുപ്പസ്വാമി ജില്ലാ കളക്ടർക്ക് കത്ത് നൽകിയിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസം 6 ടൺ അരി ദേവികുളം റവന്യൂ ഓഫീസിലെത്തി.
ചാക്കുകൾ സൂക്ഷിക്കാൻ ഓഫീസിൽ ഇടമില്ലാത്തതിനാൽ തന്‍റെ നേതൃത്വത്തിലാണ് ബ്ലോക്ക് ഓഫീസിൽ അരി ഇറക്കി വെച്ചത്. എന്നാൽ വ്യാഴാഴ്ച രാവിലെ ഓഫീസിലെത്തി ചാക്കുകൾ പരിശോധിക്കവെ 26 ചാക്കുകൾ കാണാന്നില്ലെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് ആർ.കറുപ്പസ്വാമി പറഞ്ഞു. തമിഴ്നാട്ടിൽ നിന്നും തോട്ടം തൊഴിലാളികൾക്ക് വിതരണം നടത്തുന്നതിനായി ടൺ കണക്കിന് ഭഷ്യവസ്തുക്കൾ എത്തുന്നുണ്ടെങ്കിലും അതെല്ലാം തൊഴിലാളികൾക്ക് ലഭിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.
എന്നാൽ ബ്ലോക്ക് ഓഫീസിൽ 184 ചാക്കുകൾ മാത്രമാണ് ഇറക്കിയതെന്നും ആരോപണം അടിസ്ഥാന രഹിതമാണെന്നും ബി.ഡി.ഒ എം.കെ. ഗിരിജ പ്രതികരിച്ചു. ചാക്കുകൾ സൂക്ഷിക്കാൻ ഇടം നൽകണമെന്ന് റവന്യൂ അധികൃതർ ആവശ്യപ്പെട്ടു. ഇതനുസരിച്ചാണ് ചാക്ക് സൂക്ഷിക്കാന്‍ ഓഫീസിൽ സ്ഥലം അനുവദിച്ചതെന്നും ഇറക്കിവെച്ച ചാക്കികള്‍ അവിടെയുണ്ടെന്നും അവർ പറഞ്ഞു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam