
പത്തനംതിട്ട: വിവാഹാലോചനയുമായെത്തിയ യുവാവിനെ കബളിപ്പിച്ച് പണം തട്ടിയതിന് ഭർതൃമതിയും ഒരു കുട്ടിയുടെ മാതാവുമായ യുവതിക്കും അമ്മക്കുമെതിരെ കേസെടുത്ത് പന്തളം പൊലീസ്. പന്തളം തോന്നല്ലൂർ മൂർത്തിയത്ത് വീട്ടിൽ ദേവിക ആർ നായർ (26), മാതാവ് എം എസ് ശ്രീലേഖ (47) എന്നിവരെ പ്രതികളാക്കിയാണ് കേസെടുത്തത്. തിരുവനന്തപുരം സ്വദേശിനിയാണ് പരാതിക്കാരി. ഇവരുടെ സഹോദരിയുടെ മകൻ മാട്രിമോണിയൽ പരസ്യത്തിലൂടെ യുവതിയെ പരിചയപ്പെട്ടു.
യുവതിയുടെ പ്രൊഫൈൽ ഇയാൾ കാണുകയും വിവാഹാലോചന നടത്തുകയും ചെയ്തു. തുടർന്ന്, ഇവരുടെ വിശ്വാസം ആർജ്ജിച്ചശേഷം, യുവതി അമ്മക്ക് ക്യാൻസർ ആണെന്നും മറ്റും യുവാവിനെയും അമ്മയെയും പറഞ്ഞു വിശ്വസിപ്പിച്ചു. ആശുപത്രിയിൽ അടയ്ക്കാനാണെന്ന് പറഞ്ഞ് ഇരുവരും ചേർന്ന് 176500 രൂപ ഇവരിൽ നിന്നും പലതവണയായി കൈപ്പറ്റി. പിന്നീട്, 57550 രൂപ ബാങ്ക് അക്കൗണ്ട് വഴി തിരികെ നൽകി. ബാക്കി 118950 രൂപ തിരിച്ചുകൊടുത്തില്ല. പിന്നീടാണ്, യുവാവിനെ ദേവിക പറ്റിച്ചതാണെന്നും, ഇവർ വിവാഹിതയും ഒരു കുട്ടിയുടെ മാതാവുമാണെന്നും യുവാവിനും കുടുംബത്തിനും വ്യക്തമായത്.
തുടർന്ന്, ജില്ലാ പൊലീസ് മേധാവിക്ക് ഇവർ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ പന്തളം പൊലീസ് യുവതിക്കും അമ്മയ്ക്കുമെതിരെ കേസെടുക്കുകയായിരുന്നു. ഈവർഷം ജനുവരി ഒന്നിനും മേയ് 29 നുമിടെയിലാണ് തട്ടിപ്പ് നടന്നത്. പരാതി ഇന്നലെ പന്തളം പൊലീസിൽ അയച്ചുകിട്ടുകയും , എസ് ഐ അനീഷ് എബ്രഹാം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു. ജില്ലാ പൊലീസ് മേധാവിയുടെ നിർദേശപ്രകാരം ഊർജ്ജിതമാക്കിയ അന്വേഷണത്തിൽ പ്രതികളെ കണ്ടെത്തി കസ്റ്റഡിയിലെടുത്ത് പോലീസ് ഇൻസ്‌പെക്ടർ ടി ഡി പ്രജീഷിന്റെ നേതൃത്വത്തിൽ വിശദമായി ചോദ്യം ചെയ്തു. ഭാരതീയ നാഗരിക സുരക്ഷാ സംഹിത ( ബി എൻ എസ് എസ് ) നിയമത്തിലെ വകുപ്പ് 35(3)പ്രകാരം നോട്ടീസ് നൽകുകയും ചെയ്തു. കേസിൽ വിശദമായ അന്വേഷണം തുടരുകയാണെന്നും, പ്രതികളുടെ തട്ടിപ്പിനിരയായതുമായി ബന്ധപ്പെട്ട പരാതികളിൽ അന്വേഷണം നടക്കുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.