
തിരൂർ : ഓട്ടോയിൽ പാട്ട് വയ്ക്കാത്തതിന് ഓട്ടോ ഡ്രൈവറെ വെട്ടിപ്പരിക്കേൽപ്പിച്ച യുവാവ് അറസ്റ്റിൽ. മലപ്പുരം തിരൂർ വെട്ടം ചീർപ്പിൽ ഓട്ടോഡ്രൈവറെ വെട്ടിപ്പരിക്കേൽപിച്ച പ്രതിയാണ് അറസ്റ്റിലായത്. തൃശൂർ ചെറുതുരുത്തി സ്വദേശി തച്ചകത്ത് അബ്ദുൽ ഷഫീഖ്(28) ആണ് അറസ്റ്റിലായത്. കൽപകഞ്ചേരി കല്ലിങ്ങപ്പറമ്പിൽ സ്വദേശി കരുവായി പറമ്പിൽ കറുപ്പന്റെ മകൻ ഉണ്ണികൃഷ്ണനാണ് (35) വെട്ടേറ്റ് ഗുരുതര പരിക്കേറ്റത്.
ചൊവ്വാഴ്ച അർധരാത്രിയാണ് സംഭവം. കോട്ടക്കൽ ബസ് സ്റ്റാൻഡ് ഭാഗത്തുനിന്ന് രാത്രി 11.30ഓടെ ട്രിപ്പ് വിളിച്ച് പോകുന്നതിനിടെ വെട്ടം ചീർപ്പിലെത്തിയപ്പോഴാണ് 28കാരൻ ഡ്രൈവറുടെ ചെവിക്കും തലക്കും കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ ഉണ്ണികൃഷ്ണനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ചൊവ്വാഴ്ച രാത്രി എട്ടോടെയാണ് ചന്തപ്പടിയിൽനിന്നും ഉണ്ണികൃഷ്ണന് ഓട്ടം കിട്ടുന്നത്. യാത്രക്കാരന്റെ കൈയിൽ പച്ചക്കറി കവറടക്കം ഉണ്ടായിരുന്നതിനാൽ ഉണ്ണികൃഷ്ണന് സംശയമൊന്നും തോന്നിയില്ല. തിരൂർ എത്തും മുൻപേ ഡ്രൈവറുമായി ഇയാൾ കൂടുതൽ ഇടപഴകി. തിരൂർ എത്തിയപ്പോൾ തിരിച്ച് ഒറ്റക്കല്ലേ യാത്രയെന്നും പറഞ്ഞ് ഡ്രൈവർക്ക് ചായയും വാങ്ങിക്കൊടുത്തിരുന്നു. ഇതിന് ശേഷമാണ് വെട്ടത്തേക്ക് എത്തിക്കണമെന്ന് യാത്രക്കാരൻ ആവശ്യപ്പെട്ടത്. ഇതിനിടയിൽ മദ്യശാലയിൽ പോയി മദ്യം കഴിച്ച് തിരിച്ച് ഓട്ടോയിൽ കയറി.
ഇറങ്ങാനുള്ള സ്ഥലമെത്തിയതോടെയായിരുന്നു പിന്നിൽ നിന്നുള്ള അക്രമം. ഓട്ടോയിൽ പാട്ട് വെച്ചില്ലായെന്ന് കാരണം പറഞ്ഞാണ് യാത്രക്കാരൻ വെട്ടിയതെന്നാണ് പറയുന്നത്. വെട്ടേറ്റ ഉണ്ണികൃഷ്ണൻ തൊട്ടടുത്തുള്ള വെട്ടം പഞ്ചായത്ത് മുൻ പ്രസിഡന്റ് സി.എം.ടി ബാവയുടെ വീട്ടിലേക്ക് രക്തം വാർന്നൊലിക്കുന്ന നിലയിൽ ഓടിക്കയറുകയായിരുന്നു. വിവരം ചോദിച്ചറിഞ്ഞ സി.എം.ടി ബാവ നാട്ടുകാരേയും കൂട്ടി ഉണ്ണികൃഷ്ണനെ തിരൂർ ജില്ല ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam