
പാലക്കാട്: പാലക്കാട് നിന്നും വാളയാറിലേക്ക് പോകുന്ന ദേശീയ പാതയിൽ വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. ഇന്ന് വൈകുന്നേരം മൂന്ന് മണിക്ക് പുതുശ്ശേരി കുരുടിക്കാട് സിഗ്നൽ ജംഗ്ഷന് സമീപം എൻ എച്ച് 544 ലായിരുന്നു അപകടം സംഭവിച്ചത്. പാലക്കാട് നിന്നും വാളയാറിലേക്ക് പോവുകയായിരുന്ന റോഡിൽ KL 08 BW 9914 ലോറിയും KL 09 AG 8639 അശോക് ലെയ്‍ലാൻഡ് ലോറിയും TN 36 AK 0904 മിനി ലോറിയും KL 04 X 1666 ഇന്നോവ കാറുമാണ് ഒന്നിന് പിറകെ ഒന്നായി കൂട്ടിയിടിച്ച് അപകടമുണ്ടായത്.
അപകടത്തിൽ KL 09 AG 8639 വാഹനത്തിലെ ഡ്രൈവറായ സുലൈമാൻ വാഹനത്തിൽ കുടുങ്ങി അപകടാവസ്ഥയിലായിരുന്നു. വാഹനത്തിന്‍റെ സെൻസർ കേടായതിനാൽ രണ്ട് ഡോറുകളും ലോക്കായത് ആശങ്കക്ക് ഇടയാക്കി. എന്നാൽ ഫയർഫോഴ്സ് സേനാംഗങ്ങൾ ഹൈഡ്രോളിക് സ്പ്രഡർ ഉപയോഗിച്ച് വാഹനത്തിന്‍റെ ഡോർ വിടർത്തി മാറ്റി ഡ്രൈവറെ പുറത്തെടുത്ത് രക്ഷിച്ചു. ഇയാളെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ഈ അപകടങ്ങളിൽ പരിക്കേറ്റ കോട്ടയം സ്വദേശികളായ അലൻ (22) ആഷിക് (18) എന്നിവരെയും ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപകടം കാരണം റോഡ് ഗതാഗതം കുറച്ചുനേരത്തേക്ക് തടസ്സപ്പെട്ടിരുന്നു. കഞ്ചിക്കോട് അഗ്നി രക്ഷാ നിലയം സ്റ്റേഷൻ ഓഫീസർ ടി മോഹനൻ, ഗ്രേഡ് അസിസ്റ്റന്‍റ് സ്റ്റേഷൻ ഓഫീസർ എം രമേഷ് കുമാർ, വി ശിവൻ എന്നിവരുടെ നേതൃത്വത്തിൽ സേനാംഗങ്ങളാണ് സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തിയത്. കസബ പൊലീസ് സംഭവസ്ഥലത്ത് എത്തി. കഞ്ചിക്കോട് സ്റ്റേഷനിലെ ആംബുലൻസിലും, സ്വകാര്യ ആംബുലൻസിലും ആണ് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam