ഇരുതലമൂരിയെ നല്‍കാമെന്നു പറഞ്ഞ് തട്ടിപ്പ്; മൂന്നംഗ സംഘം പിടിയില്‍

By Web TeamFirst Published Sep 7, 2019, 6:29 PM IST
Highlights

തട്ടിയെടുത്ത ഒരു ലക്ഷം രൂപയില്‍ 86000 രൂപ പ്രതികളില്‍ നിന്നും കണ്ടെടുത്തു.

ചാരുംമൂട്: ഇരുതലമൂരിയെ നല്‍കാമെന്നു പറഞ്ഞ് വിളിച്ചു വരുത്തിയയാളെ ആക്രമിച്ച് ഒരു ലക്ഷം രൂപ തട്ടിയ മൂന്നംഗ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. കായംകുളം കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു. മാവേലിക്കര ചെട്ടികുളങ്ങര ചാകര കിഴക്കതില്‍ ദീപു (26) കായംകുളം പുള്ളിക്കണക്ക്, കൊച്ച യ്യത്ത് പടീറ്റതില്‍ അനൂപ് (ജോയി  25) കായംകുളം പെരിങ്ങാല കൊക്കാട്ടു കിഴക്കതില്‍ സുല്‍ഫിക്കര്‍ (സുല്‍ഫി  25) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

ആലുവ വാഴക്കുളം ആലുങ്കല്‍ വീട്ടില്‍ ഷൈജുവിന്റെ പരാതിയില്‍ ചെങ്ങന്നൂര്‍ ഡി.വൈ.എസ്.പി അനീഷ് വി.കോര, വള്ളികുന്നം എസ്.ഐ  പി.എസ്.ഉണ്ണിക്കൃഷ്ണന്‍നായര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. തട്ടിയെടുത്ത ഒരു ലക്ഷം രൂപയില്‍ 86000 രൂപ പ്രതികളില്‍ നിന്നും കണ്ടെടുത്തു. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ. വ്യാഴാഴ്ച രാവിലെ 9.30- ഓടെ  വള്ളികുന്നം ഇലിപ്പക്കുളം മങ്ങാരം ജംഗ്ഷനടുത്തുവച്ചായിരുന്നു സംഭവം. പരാതിക്കാരനായ ഷൈജു സുഹൃത്തും ഡൈവറുമായ ഒന്നാം പ്രതി ദീപുവുമായാണ് ഇരുതലമൂരിയ്ക്കു് കച്ചവടം ഉറപ്പിച്ചത്. രാവിലെ കായംകുളം റയിവേ സ്റ്റേഷനിലെത്തിയ ഷൈജുവിനെ പ്രതികളായ അനൂപും, സുല്‍ഫിക്കറും ചേര്‍ന്ന് ഒരു സ്‌കൂട്ടറിലാണ് മങ്ങാരത്തെത്തിച്ചത്. മറ്റൊരു ബൈക്കിലെത്തിയ ഒന്നാം പ്രതി ദീപു പണം കൊണ്ടുവന്നോ എന്ന് ചോദിച്ചു. ഉണ്ടെന്ന് പറഞ്ഞ് ഷൈജു പാന്റിന്റെ പോക്കറ്റില്‍ നിന്നും പണം  എടുത്ത്  എണ്ണിത്തുടങ്ങുമ്പോള്‍ ദീപു പണം തട്ടിപ്പറിക്കുകയും മറ്റു രണ്ടു പേര്‍ ചേര്‍ന്ന് പോക്കറ്റില്‍ കരുതിയിരുന്ന മുളക് സ്‌പ്രേ ഷൈജുവിന്റെ മുഖത്തടിച്ച ശേഷം തള്ളി താഴെയിട്ടു. തുടര്‍ന്ന് തട്ടിയെടുത്ത ഒരു ലക്ഷം രൂപയുമായി വന്ന വാഹനങ്ങളില്‍ കയറി പ്രതികള്‍ രക്ഷപ്പെടുകയായിരുന്നു.

 ഷൈജു പോലീസില്‍ പരാതി നല്‍കില്ലെന്നായിരുന്നു പ്രതികളുടെ കണക്കു കൂട്ടല്‍. എന്നാല്‍ വെകിട്ട് മൂന്നു മണിയോടെ ഷൈജു വള്ളികുന്നം പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് സി.സി.റ്റി.വി ദൃശ്യങ്ങളടക്കം പരിശോധിച്ച് രാത്രി 930 ഓടെ പുള്ളിക്കണക്കിന് സമീപത്തു നിന്നും പ്രതികളെ പിടികൂടുകയായിരുന്നു. തട്ടിയെടുത്തതില്‍ 13000 രൂപ അനൂപ് തന്റെ പെണ്‍ സുഹൃത്തിന്റെ കടം വീട്ടാന്‍ കൈമാറിയതായും 1000 രൂപ തങ്ങള്‍ ചെലവഴിച്ചതായും പ്രതികള്‍ പോലീസിനോട് പറഞ്ഞു. 


 

click me!