
കോഴിക്കോട്: 13 വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച 30 കാരന് പത്തു വർഷം കഠിന തടവും മൂന്നുലക്ഷത്തി എഴുപത്തി അയ്യായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. വാളൂർ ചെനോളി കിഴക്കയിൽ മീത്തൽ വീട്ടിൽ നിസാറിനെയാണ് ( 30) കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് ടി.പി.അനിൽ ശിക്ഷിച്ചത്.
2019 ൽ ആണ് കേസിനാസ്പദ സംഭവം നടന്നത്. ഗായകനായ നിസാർ കുട്ടിയെ കൂടെ പാട്ടു പാടാൻ അവസരം കൊടുക്കാം എന്നു പറഞ്ഞു പാട്ടു കേൾക്കാൻ വിളിച്ചു വരുത്തി കാറിൽ വെച്ചു ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. വീട്ടിൽ എത്തിയ കുട്ടി മാതാവിനോട് കാര്യം പറഞ്ഞതോടയാണ് പൊലീസിൽ പരാതിപ്പെടുന്നത്. പേരാമ്പ്ര പോലീസ് രജിസ്റ്റർ ചെയ്ത കേസ് ഇൻസ്പെക്ടർമാരായ കെ.കെ.ബിജു, സുമിത്ത്കുമാർ എന്നിവരാണ് അന്വേഷണം നടത്തിയത്. പ്രോസിക്യൂഷൻ വേണ്ടി അഡ്വ. പി. ജെതിൻ കോടതിയിൽ ഹാജരായി.
അതേസമയം, സ്കൂൾ പഠനകാലത്ത് 14 വയസ്സുകാരിക്ക് നേരെ ട്യൂഷൻ അധ്യാപകൻ ലൈംഗിക അതിക്രമം നടത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ പ്രതിക്ക് 33 വർഷം കഠിനതടവും 60,000 രൂപ പിഴ ശിക്ഷയും. പുത്തൻതോപ്പ് സ്വദേശി സെബാസ്റ്റ്യൻ ഷൈജു(33) എന്നയാളെയാണ് കുറ്റക്കാരനായി കണ്ടെത്തി കോടതി ശിക്ഷിച്ചത്.
ട്യൂഷൻ സമയത്തെ പീഡനം പുറത്തു പറയുമെന്ന് ഭീഷണിപ്പെടുത്തി വീഡിയോ ചാറ്റ് ചെയ്യുകയും, ഇതിന്റെ സ്ക്രീൻ ഷോട്ട് എടുത്ത് സൂക്ഷിച്ച ശേഷം പെൺകുട്ടിയുടെ വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി ഫോട്ടോകൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ലൈംഗിക ബന്ധത്തിന് പ്രേരിപ്പിച്ചതുമാണ് ഇയാൾക്കെതിരെയുള്ള കുറ്റം. സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള ലൈംഗിക അതിക്രമ കുറ്റകൃത്യങ്ങൾ വിചാരണ ചെയ്യുന്ന ആറ്റിങ്ങൽ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി, ഡിസ്ട്രിക്ട് ജഡ്ജ് ടിപി പ്രഭാഷ് ലാൽ ആണ് പ്രതിക്ക് ശിക്ഷ വിധിച്ചത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam